ADVERTISEMENT

ന്യൂഡൽഹി/ബെയ്ജിങ് ∙ അതിർത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങൾക്കിടയിൽ സംഘർഷം ഉടലെടുത്തപ്പോൾ മധ്യസ്ഥനാകാതെ ആ ‘വലിയ അയൽ രാജ്യം’ മൗനം പാലിച്ചതെന്തേ? ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ യുദ്ധഭീതി പടരുമ്പോഴും ചൈന പുലർത്തുന്ന നിസ്സംഗത ആഗോളതലത്തിൽ ചർച്ചയാവുകയാണ്. ഏഷ്യൻ രാജ്യങ്ങളെയും യുഎസിനെയും പിന്തള്ളി ലോകത്തെ ഒന്നാമനാകാൻ തീവ്രമായി കൊതിക്കുന്ന ചൈന, ഈ അവസരത്തിൽ സ്വീകരിച്ച മൃദു നിലപാടിന്റെ അർഥമെന്താണ്?

സഖ്യരാഷ്ട്രം കൂടിയായ പാക്കിസ്ഥാനെയും ഒപ്പം ഇന്ത്യയെയും പിണക്കാൻ പറ്റാത്തത്ര സാമ്പത്തിക, സൈനിക, നയതന്ത്ര വിഷയങ്ങള്‍  ഇവിടങ്ങളിലുണ്ടെന്നതാണു ചൈനയുടെ നിലപാടിനു പിന്നിലെന്നു രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. യുഎസുമായി വ്യാപാരയുദ്ധത്തിലായ ചൈനയ്ക്കു ശതകോടികളുടെ വ്യാപാരത്തിന് ഇന്ത്യയും പാക്കിസ്ഥാനും വേണമെന്നത് അവരെ ഇരുത്തിച്ചിന്തിപ്പിക്കുന്നു. 130 കോടി ജനസംഖ്യയുള്ള ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വിപണി കൂടിയാണ്.

വേണം സംയമനം, സമാധാനവും

ഇന്ത്യയും പാക്കിസ്ഥാനുമിടയിൽ യുദ്ധസമാനമായ സംഘർഷമുണ്ടാകുന്നതു യാതൊരു തരത്തിലും ചൈനയ്ക്കു ഗുണകരമാവില്ലെന്നു എസ്‍ഒഎഎസ് ലണ്ടൻ സർവകലാശാലയിലെ ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്റ്റീവ് സാങ് വിലയിരുത്തുന്നു. പാക്കിസ്ഥാൻ പരാജയപ്പെടുന്നതു ചൈനയ്ക്കു കണ്ടുനിൽക്കാനാകില്ല. എന്നാൽ, ഇന്ത്യയ്ക്കു വലിയ തോതിൽ പരുക്കേൽക്കുന്നതും അവർ ഇഷ്ടപ്പെടുന്നില്ല. രണ്ടു രാജ്യങ്ങളുടെയും പക്ഷം ചേരാതെ, സംയമനം പാലിക്കാനും മേഖലയിൽ സമാധാനം നിലനിർത്താനും അഭ്യർഥിക്കുക എന്ന നിലപാടിന് ചൈനയെ പ്രേരിപ്പിക്കുന്നത് ഇതാണ്. – സ്റ്റീവ് സാങ് ചൂണ്ടിക്കാട്ടി.

ഡോണൾഡ് ട്രംപ് പ്രസിഡന്റായതോടെ പാക്കിസ്ഥാനുമായുള്ള ബന്ധത്തിൽ യുഎസ് കർശന നിലപാട് എടുക്കുന്നുവെന്നാണു പൊതു വിലയിരുത്തൽ. ഇതിനു പിന്നാലെ പാക്കിസ്ഥാന് അമിതപ്രധാന്യവും പിന്തുണയും ഈ അവസരത്തിൽ നൽകുന്നത് അബദ്ധമാകുമെന്നു ചൈന കരുതുന്നു. യുദ്ധസമാന സാഹചര്യമുണ്ടായാൽ യുഎസ് ആയുധങ്ങൾ കൂടുതലായി ഇന്ത്യയിലെത്തുമെന്നും അത് ചൈനയ്ക്കു കൂടി ഭീഷണിയാണെന്നും ബെയ്ജിങ് വിശ്വസിക്കുന്നു.

പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണമാണ് ഇപ്പോഴത്തെ സ്ഥിതി സങ്കീർണമാക്കിയത്. ഇന്ത്യയുടെ അതിർത്തി കടന്നു വ്യോമാക്രമണത്തിന് പാക്കിസ്ഥാൻ ശ്രമിച്ചു. ആഗോള തലത്തിൽ ഇന്ത്യയ്ക്കു വലിയ പിന്തുണ ലഭിക്കുന്ന വേളയിൽ മറുസ്വരവുമായി രംഗത്തെത്തുന്നത് ഒട്ടും അഭികാമ്യമല്ലെന്നു ചൈന തിരിച്ചറിയുന്നു. ഭീകരവാദത്തെ ഇല്ലാതാക്കുമെന്ന ചൈനയുടെ അവകാശവാദങ്ങൾക്കുള്ള തിരിച്ചടിയുമാകും അത്തരം ഒരു തീരുമാനം– സ്റ്റീവ് സാങ് പറഞ്ഞു.

വിഷയത്തിൽ യുഎസിനോടൊപ്പം ചേരുക എന്നതാണു ചൈനയ്ക്കു ചേർന്ന നിലപാടെന്നു പെകിങ് സർവകലാശാല പ്രഫസറും ദക്ഷിണേഷ്യ വിദഗ്ധനുമായ ഹാൻ ഹുവ പറയുന്നു. പാക്കിസ്ഥാനിൽ ചൈനയ്ക്കാണു കൂടുതൽ സ്വാധീനം. ഇന്ത്യയ്ക്കുമേൽ യുഎസിനും. ഇന്ത്യയും പാക്കിസ്ഥാനും ബലപരീക്ഷണങ്ങൾക്കു മുതിരുന്നതു യുഎസ്– ചൈന പോരാട്ടത്തിലേക്കാകും നയിക്കുക. രണ്ടു രാജ്യങ്ങളും സംയമനം പാലിക്കണം എന്നു ചൈന പറയുന്നതിന്റെ കാരണമിതാണ്. – ഹാൻ ഹുവ വ്യക്തമാക്കി.

മുഖ്യതാൽപര്യം സാമ്പത്തികം

ചൈനയുടെ വികസനം പ്രധാനമായും പസിഫിക് തീരത്തുള്ള കിഴക്കൻ പ്രവിശ്യകളിലാണ്. വാണിജ്യത്തിനാവശ്യമായ തുറമുഖങ്ങൾ അവിടെയാണ്. ഇതു ചൈനയ്ക്കുള്ളിൽ വൻ വികസനപ്രശ്നങ്ങൾ ഉയർത്തുന്നു. അതിനാൽ, വ്യാവസായികമായും മറ്റു രംഗങ്ങളിലും പിന്നാക്കം നിൽക്കുന്ന ചൈനയുടെ പടിഞ്ഞാറൻ പ്രവിശ്യകളിലും വികസനം വരുത്തേണ്ടതുണ്ട്. അവിടെ വ്യവസായങ്ങളും അടിസ്ഥാനസൗകര്യങ്ങളും നിർമിക്കുന്നതിനൊപ്പം ആ പ്രദേശങ്ങൾക്കു മറ്റു രാജ്യങ്ങളുമായി വാണിജ്യബന്ധം ഉറപ്പാക്കുകയും വേണം.

വൻ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം അസംസ്കൃത വസ്തുക്കളും ഊർജവും എത്തിക്കാനും അവിടെനിന്ന് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളുടെ വിപണികളിൽ എത്തിക്കാനുമായി റോഡുകളും റെയിൽവേ ലൈനുകളും നിർമിക്കണം. ചുരുക്കത്തിൽ, ഒരുമിച്ചു വികസിക്കുക – ഇതിനുള്ള ദിശാസൂചികയാണ് യൂറോപ്പിലെയും ഏഷ്യയിലെയും ആഫ്രിക്ക, അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിനു രാഷ്ട്രനേതാക്കളുടെയും നയതന്ത്രജ്ഞരുടെയും സാമ്പത്തിക വിദഗ്ധരുടെയും മുന്നിൽ പ്രസിഡന്റ് ഷി ചിൻപിങ് കഴിഞ്ഞ വർഷങ്ങളിൽ അവതരിപ്പിച്ചു വരുന്നതും.

‘ഒരു ബെൽറ്റ്, ഒരു റോഡ്’ എന്നതാണു ഈ പദ്ധതി അറിയപ്പെടുന്നത്. പൗരാണികകാലത്തു ചൈനയിൽനിന്ന് ഏഷ്യയുടെ മറ്റു പ്രദേശങ്ങളിലേക്കും യൂറോപ്പിലേക്കും പട്ട് കൊണ്ടുപോയിരുന്ന മാർഗങ്ങളിലൂടെ(സിൽക് റൂട്ട്) ആധുനിക വാണിജ്യമാർഗങ്ങൾ നിർമിക്കുക ഇതിൽ പ്രധാനമാണ്. പൗരാണികകാലത്തും പതിനാറാം നൂറ്റാണ്ടിനുശേഷവും ഇന്ത്യ, ചൈന തുടങ്ങിയ കിഴക്കൻ നാടുകളിൽനിന്നു വിഭവങ്ങളും ഉൽപന്നങ്ങളും പടിഞ്ഞാറൻ നാടുകളിലേക്കു കൊണ്ടുപോയ സമുദ്രമാർഗങ്ങൾ വീണ്ടും വികസിപ്പിച്ചു വാണിജ്യം വളർത്തുകയെന്നതും ചൈന ലക്ഷ്യമിടുന്നു.

പാക്കിസ്ഥാനിൽ വലിയ തോതിൽ സാമ്പത്തിക നിക്ഷേപവും ചൈനീസ് ഇടപെടലും നടക്കുന്ന പദ്ധതികളോടു തുടക്കം മുതലേ ഇടഞ്ഞുനിൽക്കുകയാണ് ഇന്ത്യ. നടപ്പാക്കാൻ ചൈന ഉദ്ദേശിക്കുന്ന അഞ്ചു പ്രധാന വാണിജ്യപാതകളിൽ  അഞ്ചാമത്തെ പാത ഇന്ത്യ സ്വന്തമെന്ന് അവകാശപ്പെടുന്ന, പാക്കിസ്ഥാൻ അനധികൃതമായി കയ്യടക്കിവച്ചിരിക്കുന്ന കശ്മീരിനു വടക്കുള്ള ഗിൽഗിത്–ബാൾടിസ്ഥാൻ പ്രദേശത്തുകൂടിയാണ്.

ആ പ്രദേശത്തിനുമേലുള്ള ഇന്ത്യയുടെ അവകാശം അംഗീകരിക്കാതെ ഈ പദ്ധതിയുമായി കൂട്ടുചേരാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ചൈനയുടെ പദ്ധതിക്കു ബദലായി അതിർത്തി സംസ്ഥാനങ്ങളിൽ ഇന്ത്യ സ്വന്തമായി മറ്റൊരു ബെൽറ്റ്–റോഡ് പദ്ധതി തയാറാക്കി ശക്തി തെളിയിക്കാനും ശ്രമമാരംഭിച്ചുകഴിഞ്ഞു. ഇന്ത്യയുടെ യഥാർഥ ആശങ്ക ഇതിനേക്കാൾ വലുതാണ്. ഈ പ്രദേശങ്ങളുടെ സൈനിക സുരക്ഷയ്ക്കെന്ന പേരിൽ പാക്കിസ്ഥാൻ വൻ സൈനികസന്നാഹം നടത്തുന്നു എന്നതാണത്.

ഗിൽഗിത്–ബാൾടിസ്ഥാൻ പ്രദേശത്തുനിന്ന് പാക്ക് സൈനികഭീഷണി മാത്രമല്ല ഇന്ത്യ നേരിടുന്നത്. ആ പ്രദേശത്തിന്റെ സൈനിക സുരക്ഷാകാര്യങ്ങളിൽ ചൈനയ്ക്കും താൽപര്യമായിരിക്കുന്നു. ചൈനയും പാക്കിസ്ഥാനും കൂടി കശ്മീരിനെതിരെ സംയുക്ത ഭീഷണി ഉയർത്തുന്നു. കശ്മീരിന്റെ കിഴക്കും വടക്കുംനിന്ന് ചൈനീസ് സൈന്യവും പടിഞ്ഞാറു നിന്നു പാക്ക് സൈന്യവും സംയുക്തമായി നീക്കം നടത്തുമോ? ഇന്ത്യയുടെ ഈ വലിയ ആശങ്ക ഒഴിവാക്കേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തവും ചൈനയ്ക്കുണ്ട്.

പാക്കിസ്ഥാൻ വേണം, ഇന്ത്യയും

മേൽപ്പറഞ്ഞതെല്ലാം കണ്ടറിഞ്ഞാണു ചൈനയുടെ നീക്കങ്ങളും നിലപാടുകളുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം പതിനാറാമത് റഷ്യ-ഇന്ത്യ-ചൈന (റിക്) ത്രിരാഷ്ട്ര ഉച്ചകോടിയില്‍ ചൈന നടത്തിയ പ്രസ്താവനയെ ഈ പശ്ചാത്തലത്തിലാണു കാണേണ്ടതും. ഭീകരസംഘടനകളെ ഒരുതരത്തിലും പിന്തുണയ്ക്കുകയോ രാഷ്ട്രീയ, രാഷ്ട്രതന്ത്രങ്ങളില്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞത്. ഭീകരര്‍ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ അഭിനന്ദിച്ച വാങ് യി ‘പ്രതിസ്ഥാനത്തുള്ള’ പാക്കിസ്ഥാനെതിരെ കുറ്റപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമായി.

ചൈനയില്‍ നടന്ന യോഗത്തില്‍ മൂന്നു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരാണു പങ്കെടുത്തത്. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ വിദേശകാര്യമന്ത്രി സുഷമ സ്വരാജും റഷ്യയ്ക്കായി സെര്‍ജി ലാവ്‌റോവും പങ്കെടുത്തു. ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനു തടസ്സം നില്‍ക്കരുതെന്നും വാങ് യിയുമായുള്ള ചര്‍ച്ചയില്‍ സുഷമാ സ്വരാജ് അഭ്യര്‍ത്ഥിച്ചു. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ‘സമാധാനദൂതന്റെ’ വേഷം അണിഞ്ഞതിലും ചൈനീസ് സമ്മർദമുണ്ടെന്നാണു വിലയിരുത്തൽ.

ഇന്ത്യയുടെ മാറ്റം നേട്ടമാക്കുന്നതും ലക്ഷ്യം

പാക്കിസ്ഥാനിൽ നേരിട്ടുള്ള സൈനിക, സാമ്പത്തിക താൽപര്യങ്ങളും നിക്ഷേപങ്ങളുമുള്ളപ്പോൾ ഇന്ത്യയുമായി വ്യത്യസ്ത ബന്ധമാണു ചൈനയ്ക്കുള്ളത്. ജനസംഖ്യയിൽ ലോകത്തെ ഒന്നും രണ്ടും സ്ഥാനത്താണു ചൈനയും ഇന്ത്യയും. ലോകത്തു ദ്രുതഗതിയിൽ വളരുന്ന, പരസ്പരം മത്സരിക്കുന്ന രണ്ടു സാമ്പത്തിക ശക്തികളുമാണ്. ഇന്ത്യയ്ക്കൊപ്പം നല്ല ഭാവിയാണു ചൈന ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വളരെ നന്നായി അറിയാവുന്ന രാജ്യമാണു ചൈന. ബന്ധത്തിൽ വലിയ മാറ്റം സാധ്യമാണെന്നു മോദി പ്രധാനമന്ത്രിയായപ്പോൾത്തന്നെ ചൈന പ്രതീക്ഷ പ്രകടിപ്പിച്ചതാണ്.

തന്റെ ഭരണകാലത്തു പത്തുതവണ ചൈനീസ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ– ചൈന അതിർത്തിയിൽ രണ്ടു മാസത്തിലേറെ നീണ്ട ‘ദോക്‌ ലാ സംഘർഷത്തിനു’ ശേഷവും ഇരുവരും കാണുകയും ചർച്ച നടത്തുകയുമുണ്ടായി. ബന്ധത്തിലെ ഊഷ്മളത നിലനിർത്താനും വർധിപ്പിക്കാനുമുള്ള ധാരണകളിലും ഉടമ്പടികളിലും പലപ്പോഴായി പല കരാറുകളിലേർപ്പെട്ടു. ദീർഘകാലാടിസ്ഥാനത്തിലുള്ള വീക്ഷണമായിരുന്നു ആ ചർച്ചകളുടെ കാതൽ. സംഘർഷാന്തരീക്ഷം വഷളാക്കുന്നത് അർഥശൂന്യമെന്നു ചൈന വിശ്വസിക്കുന്നു.

ചൈനയെ സംബന്ധിച്ചിടത്തോളം വ്യാപാര, നിക്ഷേപ വ്യാപനത്തിനുള്ള പ്രതീക്ഷയാണ് ഇന്ത്യ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വാർഷിക വളർച്ചയാണു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) പ്രവചിക്കുന്നത്. അതിർത്തിയിൽ വിശ്വാസവും പരസ്പരധാരണയും വളർത്തിയെടുക്കാനുള്ള മാർഗോപദേശങ്ങൾ ഇരു നേതാക്കളും സൈന്യങ്ങൾക്കു കൈമാറിക്കഴിഞ്ഞു. ‘ഏഷ്യയുടെ നൂറ്റാണ്ട്’ എന്ന സങ്കൽപത്തിലൂന്നിയുള്ളതാണു മോദിയുടെയും ഷിയുടെയും കാഴ്ചപ്പാട്. അതിനാൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തി കയ്യൊഴിയാതെ, ഇന്ത്യയെ പിണക്കാതെ ചേർത്തുനിർത്തുന്ന ദ്വിമുഖ തന്ത്രമാണ് ചൈന പ്രയോഗിക്കുന്നത്.

English Summary: Why China doesn't want to get caught in the middle of a India-Pakistan border tension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com