ADVERTISEMENT

ന്യൂഡല്‍ഹി∙ പാക്ക് വിമാനം വെടിവച്ചിട്ടതിനും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്ക് പിടിയിലായതിനും പിന്നാലെ പാക്കിസ്ഥാനിലെ സമൂഹമാധ്യമങ്ങളും ചില മാധ്യമപ്രവര്‍ത്തകരും പ്രചരിപ്പിച്ചു പൊളിഞ്ഞ ഏറ്റവും വലിയ കള്ളങ്ങളിലൊന്ന് മുതിര്‍ന്ന മലയാളി വ്യോമസേനാ ഉദ്യോഗസ്ഥനെ കുറിച്ച്. ബാലാക്കോട്ടിലെ ജയ്ഷ് കേന്ദ്രത്തിനു നേരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ അണിയറയില്‍ നിറഞ്ഞുനിന്നശേഷം സര്‍വീസില്‍നിന്നു വിരമിച്ച എയര്‍ മാര്‍ഷല്‍ സി. ഹരികുമാറിനെ പുറത്താക്കിയെന്ന തരത്തിലാണ് പാക്ക് സൈബര്‍ സംഘം വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഇന്ത്യന്‍ നീക്കങ്ങള്‍ പാളിയതാണു പുറത്താക്കലിനു കാരണമെന്ന് ഇവര്‍ പ്രചാരണം നടത്തി. ചില പാക്ക് മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കുകയും ചെയ്തു.

എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ അഭിമാനകരമായ സേവനത്തിനു ശേഷം എയര്‍ മാര്‍ഷല്‍ സി. ഹരികുമാറിന്റെ വിരമിക്കല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ വ്യോമസേന ട്വിറ്ററില്‍ പങ്കുവച്ചതോടെ പാക്ക് നുണ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 39 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷമാണ് പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡിന്റെ തലപ്പത്ത് നിന്നു ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴിയില്‍ കുടുംബാംഗമായ എയര്‍ മാര്‍ഷല്‍ സി. ഹരികുമാര്‍ (എയര്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ്) പടിയിറങ്ങിയത്. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ മിസൈലാക്രമണത്തിനു ചുക്കാന്‍ പിടച്ചത് ഇദ്ദേഹമാണ്. ഹരികുമാര്‍ നേതൃത്വം നല്‍കിയിരുന്ന പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് ആണ് ആക്രമണത്തിന്റെ സമഗ്ര പദ്ധതി തയാറാക്കിയത്.

ഡല്‍ഹി ആസ്ഥാനമായുള്ള കമാന്‍ഡിനാണു പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമസുരക്ഷാ ചുമതല. തിരിച്ചടിക്കു കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ അറിയിച്ചതിനു പിന്നാലെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഒരുക്കം ആരംഭിച്ചിരുന്നു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് സൂക്ഷ്മ മിസൈലാക്രമണം നടത്താന്‍ കെല്‍പുള്ള സ്‌ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്. ആക്രമണം നടന്ന ദിവസം യാതൊരു സംശയവും ആര്‍ക്കും തോന്നാത്ത തരത്തില്‍ മുന്‍നിശ്ചയിച്ച ചടങ്ങുകളെല്ലാം മാറ്റങ്ങളൊന്നുമില്ലാതെ തന്നെ നടത്തി. വിരമിക്കാനിരിക്കുന്ന ഹരികുമാറിനെ ആദരിക്കാനായി ഒരുക്കിയ ഉച്ചവിരുന്നും മുടക്കമില്ലാതെ നടന്നു.

സേനാ മേധാവിക്കൊപ്പം വിരുന്നില്‍ പങ്കെടുത്ത ശേഷം വീണ്ടും ബാലാക്കോട്ട് ഓപ്പറേഷന്റെ ആസൂത്രണത്തിലേക്ക് തന്നെ മടങ്ങി. 1979-ലാണ് ഹരികുമാര്‍ സേനയുടെ ഭാഗമാകുന്നത്. 3300 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുണ്ട് അദ്ദേഹത്തിന്. സി. ഹരികുമാര്‍ പടിയിറങ്ങുമ്പോള്‍ നിര്‍ണായകമായ പടിഞ്ഞാറന്‍ കമാന്‍ഡിന്റെ തലപ്പത്ത് എത്തിയിരിക്കുന്നതും മലയാളി തന്നെ. കണ്ണൂര്‍ കാടാച്ചിറ സ്വദേശി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍. നേരത്തേ കിഴക്കന്‍ കമാന്‍ഡിന്റെ ചുമതലയായിരുന്നു നമ്പ്യാര്‍ക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com