ADVERTISEMENT

കിഴക്കൻ മേഖല- പ്രാദേശിക പാർട്ടികൾക്കു വ്യക്തമായ മേൽക്കയ്യുള്ള പ്രദേശം. നാലു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തു നിന്നുമായി 118 സീറ്റുകൾ. എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾക്കു ശക്തമായ വേരുണ്ട്. ബംഗാളിലും ഒഡീഷയിലും ഒരു മുന്നണിയോടും ആഭിമുഖ്യം പ്രകടിപ്പിക്കാത്ത പ്രാദേശിക പാർട്ടികളുടെ ഭരണമാണു നിലവിൽ. ബിഹാറിൽ പ്രാദേശിക പാർട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയാണു  ഭരിക്കുന്നതെങ്കിലും സർക്കാരിൽ ബിജെപിക്കുകൂടി പങ്കാളിത്തമുണ്ട്. ജാർഖണ്ഡിൽ പ്രാദേശിക പാർട്ടികൾക്കു ദേശീയപാർട്ടികളോടൊപ്പം തന്നെ സ്വാധീനമുണ്ടെങ്കിലും ഇപ്പോൾ സംസ്ഥാന ഭരണം ബിജെപിയുടെ കയ്യിലാണ്. 

കേന്ദ്രത്തിലെ അടുത്ത മന്ത്രിസഭാ രൂപീകരണത്തിൽ കിഴക്കൻ മേഖലയ്ക്കു വ്യക്തമായ സ്ഥാനം രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നുണ്ട്. പൊതുവിൽ പ്രാദേശിക കക്ഷിരാഷ്ട്രീയത്തിന്റെ മേധാവിത്വം സമ്മതിക്കുമെങ്കിലും ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറ്റം ദൃശ്യമാണ്. ഹിന്ദി മേഖലയിൽ നഷ്ടപ്പെടുന്ന സീറ്റുകൾ ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നു പരിഹരിക്കാമെന്ന പ്രതീക്ഷയിലാണു ബിജെപി തന്ത്രങ്ങൾ മെനയുന്നത്. ഒരു കാലത്തു കോൺഗ്രസിന്റെ കുത്തക സംസ്ഥാനങ്ങളായിരുന്നു ബിഹാറും ഒഡീഷയും. ഒഡീഷയിൽ പക്ഷേ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണു നിലനിൽക്കുന്നത്. ബിഹാറിൽ യുപിഎയിലെ ‘മൈനർ’ പങ്കാളിയെന്ന സ്ഥാനവും. 

സാക്ഷരതയിൽ ഏറെ പിന്നിൽ

പൊതുവേ സാക്ഷരതയിൽ വളരെ പിന്നിലാണു കിഴക്കന്‍ മേഖല. ഇന്ത്യൻ സംസ്ഥാനങ്ങളിൽ സാക്ഷരതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ബിഹാർ ഉൾപ്പെടുന്ന മേഖലയാണിത്. ഇതിൽ ഉൾപ്പടുന്ന നാലു സംസ്ഥാനങ്ങളിൽ മൂന്നിടത്തും സാക്ഷരത നിരക്കു ദേശീയ ശരാശരിയേക്കാൾ വളരെ പിന്നിൽ. ബംഗാളിൽ മാത്രമാണു സാക്ഷരത നിലവാരം ദേശീയ നിലവാരമായ 74.04 ശതമാനത്തേക്കാൾ മുന്നിൽ നിൽക്കുന്നത്. സാക്ഷരതാ നിരക്ക് ഇങ്ങനെ– ബംഗാൾ–77.08%, ഒഡീഷ–73.45%, ജാർഖണ്ഡ്–67.63%, ബിഹാർ–63.82%, ആൻഡമാൻ നിക്കോബാർ–86.27%. 

2019 ന്റെ വിധി നിർണയിക്കുന്നതിൽ മുഖ്യപങ്ക്

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു 46 സീറ്റാണു ലഭിച്ചത്. ബിഹാറിൽ ജെഡിയു സഖ്യമില്ലാതെ തന്നെയാണ് ഇത്രയും മെച്ചപ്പെട്ട പ്രകടനം നടത്തിയത്. ഇത്തവണ ജെഡിയു ബിജെപിയോടൊപ്പമാണ്. കൂടാതെ ബംഗാളിലും ഒഡീഷയിൽനിന്നുമായി പുതിയതായി 25 സീറ്റുകൾ പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. 70 സീറ്റാണ് എൻഡിഎയുടെ ഏറ്റവും കുറഞ്ഞ ലക്ഷ്യം. ഒഡീഷ, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നായി കൂടുതലായി 25  സീറ്റു കൂടി നേടാനാണ് യുപിഎ ശ്രമം. കഴിഞ്ഞ തവണ ലഭിച്ചത് 13 സീറ്റു മാത്രമാണ്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ഒഡീഷയിൽ ബിജെഡിക്കും സ്വാധീനം നിലനിർത്താൻ വിയർപ്പൊഴുക്കേണ്ടി വരും. കഴിഞ്ഞ പതിറ്റാണ്ടു വരെ ബംഗാളിലെ മുടിചൂടാമന്നന്മാരായിരുന്ന ഇടതുപക്ഷം നിലവിലെ രണ്ടു സീറ്റിൽ പോലും വിജയപ്രതീക്ഷ പുലർത്തുന്നില്ല. 

ബംഗാൾ

ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ രാജ്യത്തു മൂന്നാം സ്ഥാനമുള്ള സംസ്ഥാനം. ബംഗാളിൽ നിന്ന് 42 എംപിമാരെ ലോക്സഭയിലേക്ക് അയയ്ക്കാം. കഴിഞ്ഞ തവണ സംസ്ഥാന ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 34 സീറ്റു നേടിയിരുന്നു. കോൺഗ്രസിനു നാലും ബിജെപിക്കും സിപിഎമ്മിനും ഈരണ്ടു വീതം മണ്ഡലങ്ങളിലും ജയിക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മൊത്തം 90 ശതമാനത്തിലേറെ സീറ്റു നേടിയിരുന്നു. തൃണമൂലിന്റെ ഏകപക്ഷീയമായ നേട്ടത്തിനിടയിലും ബിജെപി രണ്ടാം സ്ഥാനത്തെത്തിയതു ശ്രദ്ധേയമായി.

Bengal-Constituency-2014-Seat-Share

ജൽപായിഗുരി, ഝാർഗാം, പുരുലിയ, വെസ്റ്റ് മിഡ്നാപ്പൂർ, ബിർഭും ജില്ലകളിലാണു ബിജെപി മുന്നേറ്റമുണ്ടായത്. കഴിഞ്ഞ മാസം ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ബിജെപി സംസ്ഥാനത്തു രാഷ്ട്രീയ ആയുധമാക്കും. ബംഗാളി അഭയാർഥികൾ ഏറെയുള്ള സംസ്ഥാനാതിർത്തി ജില്ലകളിൽ ബിജെപി ഏറെ നേട്ടം പ്രതീക്ഷിക്കുന്നു. നോർത്ത്–സൗത്ത് 24 പർഗാന, കൂച്ച് ബെഹാർ, ഉത്തർ ദിനാജ്പുർ, നാദിയ ജില്ലകളാണു ബിജെപി ഫോക്കസ് ചെയ്യുന്നത്. പാർട്ടി അധ്യക്ഷൻ അമിത് ഷാ ലക്ഷ്യമിടുന്നത് 24 ലോക്സഭാ സീറ്റുകളാണ്. സിപിഎമ്മിനും കോൺഗ്രസിനും പഴയ പ്രകടനം ആവർത്തിച്ചാൽ നേട്ടമെന്നു കരുതുന്നു. 

കോൺഗ്രസിന്റെ പ്രതീക്ഷയായ സംസ്ഥാനത്തെ 24 ശതമാനം വരുന്ന മുസ്‍ലിം വോട്ടിൽ തൃണമൂൽ കോൺഗ്രസ് കടന്നുകയറിയത് പാർട്ടിയുടെ നിലിനിൽപ്പിനെത്തന്നെ അപകടത്തിലാക്കിയിരിക്കുന്നു. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ മുർഷിദാബാദ്, മാൾഡ, നോർത്ത് ദിനാജ്പുർ ജില്ലകളിൽ തൃണമൂൽ മേൽക്കൈ നേടിക്കഴിഞ്ഞു. നിലനിൽപ്പിനു വേണ്ടി പൊരുതുന്ന സിപിഎമ്മും കോൺഗ്രസും സഖ്യത്തിൽ മത്സരിക്കാനുള്ള സാധ്യതകൾ പരിശോധിച്ചു വരികയാണ്. 2016ലെ നിയസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മികച്ച ജയമാണു നേടിയത്, 2011നേക്കാൾ 27 സീറ്റുകൾ കൂടുതൽ സ്വന്തമാക്കി. സിപിഎം 40ൽ നിന്നു 26 ആയി. നിയമസഭയിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 42 ൽ നിന്ന് 44 ആയി ഉയർന്നു. 

ബിഹാർ

ബംഗാളിനു പിന്നിൽ കൂടുതൽ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനം. ജാതി തന്നെയാണു  മുഖ്യതിരഞ്ഞെടുപ്പു വിഷയം. സവർണ വിഭാഗത്തിലെ പിന്നാക്കം നിൽക്കുന്നവർക്കു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 10% സംവരണം, നിതീഷ് കുമാറിന്റെ ഗുഡ് ഗവേണൻസ് പ്രതിച്ഛായ എന്നിവയിലൂന്നിയായിരിക്കും എൻഡിഎ പ്രചാരണം നടത്തുന്നത്. കഴിഞ്ഞ തവണ ഒറ്റയ്ക്കു മത്സരിച്ച ജെഡിയു ഇത്തവണ എൻഡിഎയ്ക്കൊപ്പം നിന്നാണ് മത്സരിക്കുന്നത്. ബിജെപിയും ജെഡിയുവും  17 സീറ്റുകൾ വീതം മത്സരിക്കാൻ ധാരണയായിട്ടുണ്ട്. ആറു സീറ്റിൽ റാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാർട്ടി മത്സരിക്കും. 

Bihar-Constituency-2014-Seat-Share

മറുപക്ഷത്ത് മുസ്‍ലിം–യാദവ വോട്ടിലാണു ആർജെഡി ലക്ഷ്യമിടുന്നത്. മഹാദലിത് നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ജീതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച– സെക്യുലർ (എച്ച്എഎം–എസ്) താമസിയാതെ ആർജെഡി–കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമാവും. രാഷട്രീയ ലോക് സമതാ പാർട്ടി (ആർഎൽഎസ്പി) പ്രസിഡന്റും മുൻകേന്ദ്രസഹമന്ത്രിയുമായ ഉപേന്ദ്ര ഖുഷ്വാഹ ബിജെപി സഖ്യം അവസാനിപ്പിച്ച് പ്രതിപക്ഷ ഐക്യനിരയിൽ ചേർന്നതു കോൺഗ്രസ്–ആർജെഡി സഖ്യത്തിനു കരുത്തു പകരും.

ബിഹാറിലെ പിന്നാക്ക വിഭാഗത്തിൽ നല്ല സ്വാധീനമുള്ള നേതാവാണു ഖുഷ്വാഹ. വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിയും പ്രതിപക്ഷ മഹാസഖ്യത്തിന്റെ ഭാഗമാകും. സിപിഐ, സിപിഎം, സിപിഐ(എംഎൽ) എന്നീ ഇടതുപാർട്ടികളും മഹാസഖ്യത്തിന്റെ കൂടെച്ചേരാനാണു സാധ്യത.  ബിജെപി എംപി ശത്രുഘ്നൻ സിൻഹയും പ്രതിപക്ഷ നിരയിൽ പങ്കാളിയാകും. എൻസിപി വിട്ടു കോൺഗ്രസിൽ ചേർന്ന താരിഖ് അൻവർ സഖ്യത്തിനു മുതൽക്കൂട്ടാകും. കത്തിഹാറിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു താരിഖ് അൻവർ. 

2015 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു കോൺഗ്രസ്–ആർജെഡി സഖ്യത്തോടൊപ്പമാണു മത്സരിച്ചത്. മഹാസഖ്യം 243ൽ 178 സീറ്റു നേടി വൻവിജയമാണു സ്വന്തമാക്കിയത്. ആർജെഡി കൂടുതൽ സീറ്റ് നേടിയിട്ടും നിതീഷ് കുമാറിനെ തന്നെ സഖ്യം മുഖ്യമന്ത്രിയാക്കി. എന്നാൽ രണ്ടുവർഷം തികയുന്നതിനു മുൻപു തന്നെ സഖ്യം തകർന്നു. നിതീഷ് കുമാർ ബിജെപിയോടൊപ്പം ചേർന്നു പുതിയ സർക്കാർ രൂപീകരിച്ചു. 

ജാർഖണ്ഡ്

ബിഹാർ വിഭജിച്ചു 2000ൽ രൂപീകരിച്ച സംസ്ഥാനം. 14 ലോക്സഭാ മണ്ഡലങ്ങൾ സംസ്ഥാനത്തുണ്ട്. കഴിഞ്ഞ തവണ ബിജെപി 12 സീറ്റു നേടി മിന്നുന്ന പ്രകടനമാണു നടത്തിയത്. ഈ വിജയം ആവർത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ബിജെപി നേതൃത്വത്തിനില്ല. ബിജെപിയെ തളയ്ക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം  സീറ്റു വിഭജനംവരെ പൂർത്തിയാക്കി കഴിഞ്ഞു. കോൺഗ്രസ് 7 സീറ്റിൽ മത്സരിക്കും. ജെഎംഎം 4 ഇടത്തും ബാബുലാൽ മറാണ്ടിയുടെ ജെവിഎം(പി) രണ്ടിടത്തും മത്സരിക്കും. ആർജെഡിക്ക് ഒരു സീറ്റും നൽകിയിട്ടുണ്ട്.

Jharkhand-2014-Election-Seat-Share-Map

സംസ്ഥാനത്തു പ്രധാനമായി ശാന്താൾ, മുണ്ട, ഹൊ, ഒറവ് എന്നീ നാലു ആദിവാസി വിഭാഗങ്ങളുണ്ട്. ഇതിൽ ശാന്താൾ വിഭാഗം ജെഎംഎമ്മിനെ പിന്തുണയ്ക്കുന്നു. മുണ്ട വിഭാഗം ബിജെപിയുടെ ശക്തി സ്രോതസ്സും. ഹൊ, ഒറവ് വിഭാഗങ്ങൾ കോൺഗ്രസിനോട് അഭിമുഖ്യം പുലർത്തുന്നു. ഒബിസി സമുദായങ്ങൾ ബിജെപിയെ പിന്തുണയ്ക്കുമ്പോൾ മുസ്‍ലിം, ദലിത് ക്രിസ്ത്യൻ വിഭാഗങ്ങൾ കോൺഗ്രസിനൊപ്പമാണ്. ജനസംഖ്യയുടെ 14–15% മുസ്‍ലിങ്ങളാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം പരമാവധി പ്രയോജനപ്പെടുത്തുക എന്ന തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നത്. ഒബിസി, ആദിവാസി ഇതര വോട്ടുബാങ്കിലാണ് ബിജെപിയുടെ കണ്ണ്. 

ഒഡീഷ

21 ലോക്സഭാ സീറ്റുകൾ. കഴിഞ്ഞ തവണ 20 സീറ്റും ബിജെഡി  സ്വന്തമാക്കിയിരുന്നു. ഒരിടത്തു ബിജെപിയും ജയിച്ചു, കഴിഞ്ഞ 19 വർഷമായി  ബിജു ജനതാദളാണു സംസ്ഥാനം ഭരിക്കുന്നത്. ഒരു കാലത്തു കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന സംസ്ഥാനത്തു പാർട്ടി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളുന്ന അവസ്ഥായാണു നിലവിലുള്ളത്.

Odisha-Election-2014-Seat-Share

കഴിഞ്ഞ തവണ  ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാണു നടന്നത്. രണ്ടിടത്തും നേട്ടം ബിജെഡിക്കായിരുന്നു. രണ്ടു വർഷം മുൻപു നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ബിജെപി കൂടുതൽ സീറ്റു നേടുമെന്നു നിരീക്ഷകർ വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി  ഒഡീഷയിൽ നിന്നു മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. 

ആൻഡമാൻ നിക്കോബാർ

കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിൽ ഒരു ലോക്സഭാ സീറ്റുമാത്രമാണുള്ളത്. 1998 വരെ കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു. കോൺഗ്രസിന്റെ മനോരഞ്ജൻ ഭക്തയായിരുന്നു സ്ഥിരം പ്രതിനിധി. കഴിഞ്ഞ രണ്ടു തവണയും ബിജെപിയിലെ ബിഷ്ണു പഡ റായിയാണ് ജയിച്ചത്.

കോൺഗ്രസിലെ കൽദീപ് റായി ശർമയെ 7812 വോട്ടിനാണു ബിഷ്ണു റായി പരാജയപ്പെടുത്തിയത്. ഇത്തവണയും മത്സരം ശക്തമായിരിക്കും. കഴിഞ്ഞ തവണ എൻസിപി, തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, സിപിഎം പാർട്ടികൾ പതിനായിരത്തിലേറെ വോട്ടു പിടിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം രൂപപ്പെടുത്തിയാൽ ബിജെപിയുടെ വിജയത്തെ തടയിടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com