ADVERTISEMENT

നാസിക് ∙ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷാവസ്ഥയെ കുറിച്ച് സമൂഹമാധ്യമങ്ങളിലും മറ്റുമായി പ്രകോപനപരമായി ചർച്ച നടത്തുന്നവർക്കെതിരെ പ്രതികരണവുമായി വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ. കഴിഞ്ഞ ബുധനാഴ്ച കശ്മീരിലെ ബദ്ഗാമിൽ സൈനികരെ കൊണ്ടുപോയ വ്യോമസേനയുടെ എംഐ 17 വി 5 സേനാ ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലം തകർന്നു വീണു മരിച്ച സ്ക്വാഡ്രൻ ലീഡർ നിനാദ് മൻദവംഗെയുടെ ഭാര്യയും വ്യോമസേന വിങ് കമാൻഡറുമായ വിജദ മൻദവംഗെയുടെ വാക്കുകളാണു ചർച്ചയായത്.

‘നിങ്ങൾ മുദ്രാവാക്യങ്ങൾ നിർത്തു. എന്നിട്ടു രാജ്യത്തിനായി എന്തെങ്കിലും ചെയ്യൂ. ഒന്നുകിൽ നിങ്ങൾ സൈന്യത്തിൽ ചേരൂ. അല്ലെങ്കിൽ നിങ്ങളുടെ കുടുംബാംഗങ്ങളെ ചേർക്കു. അതും സാധിക്കില്ലെങ്കിൽ സമൂഹത്തിന് ഉപകാരപ്രദമായ എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെടണം’ –വിജദ മൻദവംഗെ പറഞ്ഞു.

നിനാദ് മൻദവംഗെയെ കൂടാതെ അപകടത്തിൽ മറ്റ് അ‍‍ഞ്ച് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച നിനാദയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷമാണ് സമൂഹമാധ്യമങ്ങളിൽ ഇന്ത്യ–പാക്ക് സംഘർഷങ്ങളെക്കുറിച്ച് പോരടിക്കുന്നവരെയും യുദ്ധപ്രഖ്യാപനം നടത്തുന്നവർക്കെതിരെയും വിജദ രംഗത്ത് വന്നത്.

‘യുദ്ധം നമുക്ക് ആവശ്യമില്ല. യുദ്ധത്തിന്റെ ഭീകരതയെ കുറിച്ച് ബോധ്യമില്ലാതെയാണു പ്രഖ്യാപനം നടത്തുന്നവർ സംസാരിക്കുന്നത്. ഇനിയും നിനാദ്മാരെ നഷ്ടപ്പെടേണ്ട ആവശ്യം നമുക്കില്ല. അതുകൊണ്ടു സൈബർ പോരാളികൾ ഇത് അവസാനിപ്പിക്കണം. യുദ്ധം ചെയ്യേണ്ടവർ മുൻനിരയിലേക്ക് കടന്നു വരൂ.’– വിജദ പറഞ്ഞു.

നാസിക്കിലെ സൈനിക സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം മെക്കാനിക്കൽ എൻജിനീയറങ്ങിൽ ബിരുദം നേടിയ വിജദ 2009–ലാണ് വ്യോമസേനയിൽ ചേർന്നത്. വീരമൃത്യു വരിച്ച നിനാദിന്റെ സംസ്കാരം പൂർണ സൈനിക ബഹുമതികളോടെ വെള്ളിയാഴ്ച നാസിക്കിൽ നടന്നു. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണു ചടങ്ങിൽ പങ്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com