ADVERTISEMENT

മുഖ്യകൃഷി റബർ ആണെങ്കിലും കോട്ട പോലെ ഉറച്ചതാണു കോട്ടയത്തിന്റെ രാഷ്ട്രീയമനസ്സ്. മറുപക്ഷത്തേക്കു ചാടി മുറുക്കിപിടിക്കുമെങ്കിലും ‘സ്വന്തമെന്ന്’ കരുതാൻ തുടങ്ങിയാൽ തിരിച്ചൊരു ചാട്ടമുണ്ട് ഇവിടത്തെ വോട്ടർമാർക്ക്. സിപിഎമ്മിനു വളക്കൂറുള്ള മണ്ണായിട്ടും കോൺഗ്രസ് എന്ന പാർട്ടിയോടും വാക്കിനോടുമാണു കോട്ടയത്തിനു കൂടുതൽ കൂറ്.

ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ അഞ്ചു വട്ടം ഇടതുപക്ഷത്തെ പുണർന്നപ്പോൾ, 11 തവണ കോൺഗ്രസിന്റെയോ കേരള കോൺഗ്രസിന്റെയോ കൈപിടിച്ചാണു കോട്ടയം ലോക്സഭയിൽ ശബ്ദിച്ചത്. മീനച്ചിലാറും കൊടൂരാറും വലയം ചെയ്യുന്ന കോട്ടയമെന്ന അക്ഷരനാടിനു രാഷ്ട്രീയം രക്തം പോലെയാണ്.

2014ൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച കേരള കോൺഗ്രസിലെ (എം) ജോസ് കെ.മാണി, രാജ്യസഭയിലേക്കു ജയിച്ചുമാറിയതോടെ നിലവിൽ ‘അനാഥമാണ്’ കോട്ടയം. ഉപതിരഞ്ഞെടുപ്പില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചതോടെ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ജനപ്രതിനിധിയില്ലാതെ വിലസി. പക്ഷേ, മണ്ഡലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഇതിനിടെ വഴക്കു മൂത്തു.

പൊതുതിരഞ്ഞെടുപ്പ് ഇങ്ങെത്തിയതോടെ അവകാശവാദങ്ങളും സ്ഥാനാർഥി സാധ്യതകളുമായി കോട്ടയവും ആവേശത്തിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് (എം) രണ്ടു സീറ്റുകൾ വേണമെന്ന ആവശ്യം പരസ്യമായി ആവർത്തിച്ചു വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് ഇടഞ്ഞതോടെ കോട്ടയം വീണ്ടും വാർത്താകേന്ദ്രമായി. കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ കിട്ടണമെന്നാണു ജോസഫിന്റെ ആവശ്യം. ഒരു സീറ്റിനു വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അധിക സീറ്റ് ഇല്ലെന്ന നിലപാട് കോൺഗ്രസ് അവർത്തിച്ചതോടെ യുഡിഎഫിൽ കേരളാ കോൺഗ്രസുമായുള്ള (എം) സീറ്റു വിഭജന ചർച്ച രണ്ടാം വട്ടവും പരാജയപ്പെട്ടു. ചൊവ്വാഴ്ച ആലുവയിൽ വീണ്ടും ചർച്ച. കോട്ടയം സീറ്റിനു പുറമേ ചാലക്കുടിയോ ഇടുക്കിയോ വേണമെന്നു കെ.എം.മാണിയും പി.ജെ.ജോസഫും ശക്തമായി ആവശ്യപ്പെട്ടെങ്കിലും പ്രായോഗികമല്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

‘ലോക്സഭയിലേക്ക് ഒന്നു പോയാ‍ൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. ഇത്തവണ മത്സരിച്ചു കൂടായ്കയില്ല. പാർട്ടി തീരുമാനിച്ചാൽ ഏതു സീറ്റിലും മത്സരിക്കും. എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് ഉറപ്പാണ്. 20 മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ്’– ജോസഫ് വെടിക്കെട്ടിനു തിരികൊളുത്തി. കോട്ടയത്തു കെ.എം.മാണിയുടെ മരുമകളും ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ ജോസ് കെ.മാണിയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയെന്ന സൂചനകൾക്കിടെയാണു ജോസഫിന്റെ രണ്ടുംകൽപിച്ചുള്ള നീക്കം.

കോട്ടയം സീറ്റിനെച്ചൊല്ലി യുഎഡിഎഫ് അണികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. കേരള കോൺഗ്രസ് (എം) കൈവശം വച്ചിരിക്കുന്ന സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന അഭിപ്രായം പ്രവർത്തകർക്കിടയിൽ ശക്തമാണ്. എന്നാൽ കേരള കോൺഗ്രസിന്റെ സീറ്റാണെന്നു ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തറപ്പിച്ചു പറയുന്നു.

ജനതാദളിന് (എസ്) പത്തനംതിട്ട വിട്ടുകൊടുത്തു കോട്ടയം സീറ്റ് സ്വന്തമാക്കാൻ സിപിഎമ്മിലും നീക്കമുണ്ട്. ശബരിമല സംബന്ധിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ മൽസരിച്ചു ബലപരീക്ഷണത്തിനു വേദിയൊരുക്കേണ്ടെന്നാണു സിപിഎം ചിന്ത. കോട്ടയത്തു പാർട്ടി സ്ഥാനാർഥി മൽസരിക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. സുരേഷ് കുറുപ്പ്, വി.എൻ.വാസവൻ, ഹരികുമാർ എന്നിവരെയാണ് പാർട്ടി കണ്ടുവച്ചിരിക്കുന്നത്.

ഇടതു വലത് മുന്നണികളില്‍ പോരു മുറുകുമ്പോള്‍ മുന്‍ എംപി പി.സി.തോമസിനെ സ്ഥാനാര്‍ഥിയാക്കാൻ ഒരുങ്ങുകയാണ് എന്‍ഡിഎ. കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കുന്നതിനെ ബിഡിജെഎസും ബിജെപിയും പിന്തുണച്ചു. മുന്നണികളിലെ തര്‍ക്കവും ശബരിമല വിഷയത്തിലെ ഇടപെടലും ഗുണം ചെയ്യുമെന്നാണു വിലയിരുത്തല്‍. പി.ടി.ചാക്കോയുടെ മകൻ എന്ന പരിഗണനയും വ്യക്തിബന്ധങ്ങളും പി.സി.തോമസിനും മുന്നണിക്കും നേട്ടമാകുമെന്നും എൻഡിഎ കണക്കുകൂട്ടുന്നു.

കേരള കോൺഗ്രസ് പിളരുമോ?

ബാർ കോഴക്കേസിനു പിന്നാലെ മുന്നണി വിട്ട കെ.എം.മാണി, രാജ്യസഭാ തിരഞ്ഞെടുപ്പിനു മുമ്പാണു യുഡിഎഫിൽ തിരിച്ചെത്തിയത്. പൊതുതിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടിക്കുള്ളിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾക്കു ശക്തി കൂടി. ഇടഞ്ഞുനിൽക്കുന്ന പി.ജെ.ജോസഫുമായി സമവായത്തിനില്ലെന്ന സൂചന നല്‍കി മാണി ഗ്രൂപ്പില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമായി.

വലിയൊരു ഇടവേളയ്ക്കു ശേഷം, ലോക്സഭാ സീറ്റിനെച്ചൊല്ലിയാണ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും കലുഷിതമായത്. ജോസ് കെ.മാണി നടത്തിയ കേരളയാത്ര പാര്‍ട്ടിയില്‍ ആലോചിക്കാതെയാണ് എന്നാരോപിച്ചു പി.ജെ.ജോസഫ് പോർമുഖം തുറന്നു. കേരള യാത്രയ്ക്കു സമാന്തരമായി തിരുവനന്തപുരത്തു ജോസഫിന്റെ നേതൃത്വത്തില്‍ ഉപവാസവും നടത്തി. ലയനത്തിനു ശേഷം തനിക്കും തന്റെ പാർട്ടിക്കും അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നു ജോസഫ് ചൂണ്ടിക്കാട്ടുന്നു.

ജോസഫ് വിഭാഗം പാര്‍ട്ടിവിട്ടു പോകുമെന്ന ആശങ്കയുള്ളതിനാൽ, നിഷ ജോസ് കെ.മാണിയെ കോട്ടയത്തു മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായെന്നാണു സൂചന. സ്ഥാനാർഥി ചർച്ചകൾ സജീവമാക്കി നിർത്തുന്നതിലൂടെ കോട്ടയം സീറ്റു പിടിക്കാനുള്ള ജോസഫിന്റെ ശ്രമങ്ങൾ നടപ്പാവില്ലെന്ന സന്ദേശവും മാണി വിഭാഗം നൽകുന്നു.

പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ടെന്നും മല്‍സരിക്കാനില്ലെന്നുമാണു നിഷയുടെ പ്രതികരണം. ‘തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. തന്റെ പ്രവര്‍ത്തനമേഖല സാമൂഹികസേവനമാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അണികള്‍ക്കൊപ്പമുണ്ടാകും. ഏതു മണ്ഡലത്തില്‍ മല്‍സരിച്ചാലും പിന്തുണയുണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷേ രാഷ്ട്രീയത്തിലേക്കില്ല’– നിഷ പറഞ്ഞു.

സ്വന്തം സ്ഥാനാർഥിക്കായി മാണി

ജോസഫ് മൽസരിക്കുകയാണെങ്കിൽ അതിനു മുകളിൽനിൽക്കുന്ന സ്ഥാനാർഥിയെ സ്വന്തം പാളയത്തിൽനിന്നു കണ്ടെത്താനാണു മാണിയുടെ ശ്രമം. മുൻ എംഎൽഎമാരായ മുതിർന്ന നേതാക്കളെയാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചത്. ജോസഫ് പിടിമുറുക്കുകയും ജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്നു ഘടകകക്ഷികൾ ശാഠ്യം പിടിക്കുകയും ചെയ്തതോടെ മാണി സമ്മർദത്തിലായി. തുടര്‍ന്നാണു കുടുംബത്തില്‍നിന്നുതന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്തിയാലോ എന്നാലോചിച്ചത്.

കെ.എം.മാണി സെന്‍റര്‍ ഫോര്‍ ബജറ്റ് റിസര്‍ച്ചിനു രൂപം നല്‍കി ചെയര്‍പേഴ്സനായി നിഷയെ കഴിഞ്ഞ ദിവസം നിയമിച്ചത് ഈ അജണ്ടയുടെ ഭാഗമാണെന്നു ജോസഫ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. ജോസഫ് ഗ്രൂപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണു നിഷയുടെ സ്ഥാനാര്‍ഥിത്വത്തില്‍നിന്നു മാണിഗ്രൂപ്പ് ആദ്യം പിന്‍മാറിയത്. ഇടുക്കിയിലോ കോട്ടയത്തോ പി.ജെ.ജോസഫ് തന്നെ സ്ഥാനാര്‍ഥിയായേക്കും എന്നാണു സൂചന.

ജോസഫിന്റെ ശിഷ്യനാണ് ഇടതുമുന്നണി ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്. ഫ്രാൻസിസുമായി സഹകരണത്തിനുള്ള സാധ്യതയും ജോസഫ് കാണുന്നുണ്ട്. ഇടതു സ്ഥാനാർഥിയായി ഫ്രാൻസിസ് വന്നാൽ ജോസഫിന്റെ മനസ്സു മാറാം, വോട്ട് മറിയാം. അതിനാൽ എൽഡിഎഫും സിപിഎമ്മും നിശബ്ദത പാലിക്കുകയാണ്.

മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ കോട്ടയം സീറ്റ് വിട്ടു കൊടുക്കുന്നതിനോടു ജോസഫിന് എതിർപ്പില്ല. എന്നാല്‍ പകരമായി ചാലക്കുടി നല്‍കണമെന്നാണ് ആവശ്യം. ‌‌സീറ്റിന്റെ പേരില്‍ മാണിയും ജോസഫും വഴിപിരിഞ്ഞേക്കുമോ എന്നാണ് അണികളുടെ ആശങ്ക. തിരഞ്ഞെടുപ്പുവേളയിൽ പിളരുന്ന പാർട്ടിയുടെ ഏതു ഘടകത്തെ കൂടെ നിർത്തുമെന്നതു ‌കോണ്‍ഗ്രസിനും യുഡിഎഫിനും തലവേദനയാകും.

തമ്മിലടി തീർക്കണമെന്നു കോൺഗ്രസ്

കേരള കോൺഗ്രസിലെ തമ്മിലടി അവസാനിപ്പിക്കാൻ അന്ത്യശാസനം നൽകിയിരിക്കുകയാണു കോൺഗ്രസ്. കെ.എം.മാണിയുമായും പി.ജെ.ജോസഫുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി ഇക്കാര്യം ആവശ്യപ്പെട്ടതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അധികം സീറ്റുകൾ നൽകാനാകില്ലെന്നും മുല്ലപ്പള്ളി അറിയിച്ചെന്നാണു വിവരം.

നേരത്തേ മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി കേരള കോൺഗ്രസ് നേതാക്കളുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പാർട്ടിക്കു രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ ജോസഫ് ഉറച്ചുനിന്നതാണു പ്രതിസന്ധിക്കു കാരണം. ഒരു സീറ്റിൽ കൂടുതൽ നൽകാനാകില്ലെന്നാണ് കോൺഗ്രസിന്റെയും ഇതര ഘടകകക്ഷികളുടെയും നിലപാട്.

ജോസ് കെ.മാണിക്കു റെക്കോർഡ്

ഏഴു നിയമസഭാ മണ്ഡലങ്ങളിൽ ഏഴിലും മുന്നേറിയാണു ജോസ് കെ.മാണി 2014ൽ കോട്ടയത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിലെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പംനിന്ന വൈക്കത്തും ഏറ്റുമാനൂരും ജോസ് കെ.മാണി മുന്നേറ്റം നടത്തി. മറ്റിടങ്ങളിലെ മികച്ച മുൻതൂക്കവും ഭൂരിപക്ഷത്തിനു തിളക്കം കൂട്ടി.

2014ലെ വോട്ടിങ് നില:

പോൾ ചെയ്തത്: 8,32,421
ജോസ് കെ.മാണി - കേരള കോൺഗ്രസ് (എം)- 4,24,194
മാത്യു ടി.തോമസ്- ജെഡിഎസ്- 3,03,595
നോബിൾ മാത്യു- എൻ.ഡി.എ- 44,357
ജോസ് കെ. മാണിയുടെ ഭൂരിപക്ഷം: 1,20,599

കോട്ട പൊളിച്ച കുറുപ്പ്

1984ന് കോട്ടയത്തിന്റെ ചരിത്രത്തിൽ പ്രത്യേകത ഏറെയാണ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സുരേഷ് കുറുപ്പിനെ അപ്രതീക്ഷിതമായി കളത്തിലിറക്കിയ എല്‍ഡിഎഫ്, കോട്ടയമെന്ന യുഡിഎഫ് കോട്ട പിടിച്ചടക്കിയത് ആ വർഷമാണ്. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സഹതാപ തരംഗത്തിലും യുഡിഎഫിനെ തറപറ്റിച്ച് സുരേഷ് കുറുപ്പ് കേമനായി. 1967 ഒഴിച്ച് നിര്‍ത്തിയാല്‍ മണ്ഡലം രൂപീകൃതമായ 1952 മുതല്‍ കോണ്‍ഗ്രസിനോടും കേരള കോണ്‍ഗ്രസിനോടുമായിരുന്നു കോട്ടയംകാർ ഇഷ്ടം കാട്ടിയിരുന്നത്.

സിറ്റിങ് എംപി സ്കറിയാ തോമസിനെ 5000ൽ എറെ വോട്ടുകള്‍ക്കാണു കുറുപ്പ് അന്നു പരാജയപ്പെടുത്തിയത്. വിദ്യാർഥികള്‍ അടങ്ങുന്ന ചെറുസംഘങ്ങളാണു വീടുകള്‍ തോറും വോട്ടുതേടി ഇറങ്ങിയത്. അധ്യാപകരും പ്രചാരണത്തിനിറങ്ങി. കേരള ചരിത്രത്തില്‍ ആദ്യമായി ഫോട്ടോയുള്ള പോസ്റ്ററുകള്‍ കുറുപ്പിനായി സിപിഎം ഇറക്കി. തുടർ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് പലരെയും പരീക്ഷിച്ചെങ്കിലും വിജയം ആവർത്തിക്കാനായില്ല. പിന്നീട് 1998, 1999, 2004 വർഷങ്ങളിൽ സുരേഷ് കുറുപ്പ് രംഗത്തിറങ്ങുകയും ചരിത്രം ആവർത്തിക്കുകയും ചെയ്തു.

ഇടതു ചാരി വലതിനൊപ്പം

കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, ഏറ്റുമാനൂർ, വൈക്കം, പിറവം എന്നീ 7 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കോട്ടയം ലോക്സഭാ മണ്ഡലം. ഇതുവരെ 6 തവണ കോൺഗ്രസും 5 തവണ വീതം കേരള കോൺഗ്രസും സിപിഎമ്മും വിജയക്കൊടി നാട്ടി. ഒന്നാം ലോക്സഭയിലേക്കു കോട്ടയത്തുനിന്നു തിരഞ്ഞെടുക്കപ്പെട്ടതു കോൺഗ്രസിലെ സി.പി.മാത്യുവായിരുന്നു. അന്നു നേരിട്ടുള്ള മത്സരത്തിൽ സിപിഐയിലെ വർക്കി ശാന്തിസ്ഥാനെ 56347 വോട്ടിനു പരാജയപ്പെടുത്തിയാണു കോട്ടയം സീറ്റ് സ്വന്തമാക്കിയത്.

1957, 1962 വർഷങ്ങളിൽ എം.മാത്യു മണിയങ്ങാടൻ (കോൺഗ്രസ്), 1967 കെ.എം.ഏബ്രഹാം (സിപിഎം), 1971 വർക്കി ജോർജ് (കേരള കോൺഗ്രസ്), 1977, 1980 വർഷങ്ങളിൽ സ്കറിയ തോമസ് (കേരള കോൺഗ്രസ്), 1984 സുരേഷ് കുറുപ്പ് (സിപിഎം), 1989, 1991, 1996 വർഷങ്ങളിൽ രമേശ് ചെന്നിത്തല (കോൺഗ്രസ്), 1998, 1999, 2004 വർഷങ്ങളിൽ സുരേഷ് കുറുപ്പ് (സിപിഎം), 2009, 2014 വർഷങ്ങളിൽ ജോസ് കെ.മാണി (കേരള കോൺഗ്രസ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ജനപക്ഷം ആർക്കൊപ്പം?

കോൺഗ്രസിനെ പിന്തുണയ്ക്കും എന്നാണു കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് പരസ്യമായി പറയുന്നത്. പക്ഷേ, ജോർജിനെ ഉൾക്കൊള്ളാൻ കോൺഗ്രസോ യുഡിഎഫോ താൽപര്യം കാട്ടിയിട്ടില്ല. ഇവരെ യുഡിഎഫിൽ എടുക്കുന്നതിൽ കേരള കോൺഗ്രസിനും (എം) എതിർപ്പുണ്ട്. ജനപക്ഷത്തിന്റെ സ്വാധീനമേഖല പത്തനംതിട്ട ലോക്സഭാ സീറ്റിലാണ്. പാലാ നിയോജകമണ്ഡലത്തിൽ പെടുന്ന തലനാട്, കടനാട് പഞ്ചായത്തുകളിൽ മാത്രമാണു ജനപക്ഷത്തിനു സ്വാധീനം.

English Summary: Kerala Congress M discussion about Lok Sabha Polls, PJ Joseph to left?, Kottayam Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com