ADVERTISEMENT

കൽപറ്റ ∙വയനാട് വൈത്തിരി ഉപവൻ റിസോർട്ടിലേക്ക് മാവോയിസ്റ്റുകൾ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ഓൺലൈനിന് ലഭിച്ചു. തൊപ്പി ധരിച്ച രണ്ടു പേർ റിസോർട്ടിനു ഉള്ളിലേക്കു കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങളാണു ലഭിച്ചത്. രണ്ടു പേരുടെ കൈവശവും ബാഗുകളുമുണ്ട്.അതേസമയം ഏറ്റുമുട്ടലിനു ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി തിരച്ചിൽ വ്യാപകമാക്കി. വയനാട്ടിലെ വനപ്രദേശങ്ങളിൽ തിരച്ചിൽ തുടരുകയാണ്. കർണാടക പൊലീസിന്റെ പ്രത്യേക സേന കർണാടകയുടെ ഭാഗത്തെ കാടുകളിലും തിരച്ചിൽ നടത്തുന്നുണ്ട്. മൂന്നു മാവോയിസ്റ്റുകളാണു കാട്ടിലേക്കു രക്ഷപ്പെട്ടത്. ഇവരിൽ മഹാരാഷ്ട്ര സ്വദേശിയായ ദേബേഷ്കുമാറിനു വെടിയേറ്റതായും സംശയമുണ്ട്.

റിസോർട്ടിലെ വിനോദസഞ്ചാരികളിൽ അത്യാവശ്യമായി പോകേണ്ട ചില കുടുംബങ്ങൾ ഒഴിഞ്ഞു. ബാക്കിയുള്ളവരും ജീവനക്കാരും മുറികൾക്ക് അകത്തു തന്നെ തുടരുകയാണ്. റിസോർട്ടിലെ 8 മുറികളിലായി 15 വിനോദസഞ്ചാരികളുണ്ടായിരുന്നെന്നാണു സൂചന. ആർക്കും പരുക്കില്ല. മാവോയിസ്റ്റുകളുടെ പക്കലുണ്ടായിരുന്നതു നാടൻതോക്കുകളാണെന്നാണു വിവരം. മുഖം മൂടി ധരിച്ചുള്ള മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതിൽ ഒരാൾ വെടിയേറ്റു മരിച്ച സി.പി. ജലീലാണെന്നു വ്യക്തമായിട്ടുണ്ട്. ഒരാളുടെ കയ്യിൽ തോക്കും ബാഗുമുണ്ട്. ബുധനാഴ്ച രാത്രി എട്ടരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടു. രാവിലെ നടത്തിയ തിരച്ചിലിലാണ് റിസോർട്ടിനു സമീപം കമിഴ്ന്നുകിടക്കുന്ന നിലയിൽ മാവോയിസ്റ്റ് സംഘാംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കു പരുക്കേറ്റതായും വിവരമുണ്ട്. മാവോയിസ്റ്റ് ആക്രമണത്തിന്റെ വിശദവിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com