‘തിളങ്ങുന്ന ഇന്ത്യ’യിൽ മങ്ങിയ വാജ്പേയ്, അസാധ്യമായത് സാധ്യമാക്കുമോ മോദി?

HIGHLIGHTS
  • ഒബാമയുടെ 'യെസ്, വി ക്യാൻ' മാതൃകയിലുള്ള പ്രചാരണം ബിജെപി ലക്ഷ്യം
  • ദേശീയ വികാരമുണർത്തി മോദിയും കൂട്ടരും, റഫാൽ വിടാതെ കോൺഗ്രസ്
narendra-modi-rahul-gandhi-election-2019
നരേന്ദ്ര മോദി, രാഹുൽ ഗാന്ധി
SHARE

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യസുരക്ഷയുടെയും ഭീകരവിരുദ്ധതയുടെയും ഭാഗമായി നടത്തിയതു രണ്ട് അതിസൂക്ഷ്മ സൈനികനീക്കങ്ങൾ. ‘അസാധ്യമായത് ഇപ്പോൾ സാധ്യം’ എന്ന പ്രചാരണവാക്യവുമായി പ്രമുഖപത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട കേന്ദ്ര സർക്കാരിന്റെ മുഴുപ്പേജ് പരസ്യത്തിലും കാണാം ഈ അഭിമാനനേട്ടം. ദേശസുരക്ഷയ്ക്കു പ്രഥമ മുൻഗണന, ഭീകരതയ്ക്കെതിരെ ചരിത്രപരമായ നടപടി – മിന്നലാക്രമണവും വ്യോമാക്രമണവും ചൂണ്ടിക്കാട്ടി സർക്കാർ അവകാശപ്പെട്ടു. വ്യോമാക്രമണം എതിരാളികളുടെ വോട്ടുബാങ്കുകൾക്കു നേരെ മോദിയുടെയും ബിജെപിയുടെയും മിന്നലാക്രമണം കൂടിയാണെന്നു വ്യക്തം.

ബാലാക്കോട്ടിലെ ഭീകരക്യാംപിലേക്കു വ്യോമസേന മിറാഷ്–2000 പോർവിമാനങ്ങളിൽനിന്നു തൊടുത്ത മിസൈലുകൾക്കു സംഹാരം മാത്രമല്ല, അതിജീവനശേഷി കൂടിയുണ്ടെന്ന വിശ്വാസത്തിലാണു ബിജെപി. സൈനിക നടപടിയിൽ രാഷ്ട്രീയം അരുതെന്നു പറഞ്ഞ മോദി തന്നെ, തന്റെ ഭരണനേട്ടങ്ങളുടെ കൂട്ടത്തിൽ മിന്നലാക്രമണവും വ്യോമാക്രമണവും ഉൾപ്പെടുത്തിയിരിക്കുന്നു. ബാലാക്കോട്ടിലെ വ്യോമാക്രമണത്തിനു പിന്നാലെ, തിരഞ്ഞെടുപ്പ് അജൻഡ തന്നെ മാറ്റിയെഴുതാനാണു മോദിയും ബിജെപിയും ശ്രമിച്ചത്. തിരഞ്ഞെടുപ്പിന്റെ രാഷട്രീയതന്ത്രങ്ങളിൽ വിഷയങ്ങളൊന്നും ശാശ്വതമല്ലെന്നു തൊട്ടടുത്ത ദിവസങ്ങൾ തെളിയിക്കുകയും ചെയ്തു.

നേട്ടങ്ങളുടെ വലുപ്പം കാട്ടി ബിജെപി

2014–ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി പ്രസിദ്ധീകരിച്ച പ്രകടനപത്രികയിൽ, മുൻ യുപിഎ സർക്കാരിന്റെ ഭരണവൈകല്യങ്ങൾ മാറ്റി പുതുഇന്ത്യയെ കെട്ടിപ്പടുക്കുമെന്നായിരുന്നു ബിജെപി വാഗ്ദാനം. വിലക്കയറ്റം, അഴിമതി, നയങ്ങളിലും തീരുമാനങ്ങളെടുക്കുന്നതിലുമുള്ള മരവിപ്പ്, സര്‍ക്കാര്‍ സേവനങ്ങളുടെ മോശം വിതരണം, സര്‍ക്കാരിന്റെ നഷ്ടപ്പെടുന്ന വിശ്വാസ്യത, തൊഴിലും സംരംഭകത്വവും എന്നീ വിഷയങ്ങളിൽ അടിയന്തര പരിഗണന നല്‍കുമെന്നും വാഗ്ദാനം ചെയ്തു. അയോധ്യയിലെ രാമക്ഷേത്രം, പൊതു സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളിലെ മുൻ നിലപാടുകളും ആവര്‍ത്തിച്ചു.

കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ മെച്ചപ്പെടുത്തും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കും, പങ്കാളിത്ത ജനാധിപത്യം ശക്തിപ്പെടുത്തും, സ്ത്രീകള്‍ക്കു പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം സംവരണം, ന്യൂനപക്ഷ സമുദായങ്ങള്‍ക്കു തുല്യ അവസരം, ചെറുപ്പക്കാര്‍ക്കും പെണ്‍കുട്ടികള്‍ക്കും വിവേചനമില്ലാതെ തൊഴിലും വിദ്യാഭ്യാസവും, ജമ്മു-കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയവയായിരുന്നു, നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

സഖ്യത്തിന്റെ (എൻഡിഎ) പോലും പിന്തുണ വേണ്ടെന്ന തരത്തിൽ ഏകപക്ഷീയമായി ലഭിച്ച വൻ ഭൂരിപക്ഷത്തിൽ സർക്കാരുണ്ടാക്കാൻ ബിജെപിക്കായി. സംഭവബഹുലമായ അഞ്ചു വർഷം പിന്നിട്ട് രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നു. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ‘യെസ്, വി ക്യാൻ’ മാതൃകയിലുള്ള പ്രചാരണമാണു ബിജെപി ലക്ഷ്യമിടുന്നത്. ‘അസാധ്യമായത് ഇപ്പോൾ സാധ്യമാണ്’ (നമുംകിൻ അബ് മുംകിൻ ഹേ) എന്ന പരസ്യവാചകമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ അവതരിപ്പിക്കുക.

യുപിഎയുടെ 10 വർഷ ഭരണക്കാലത്തു നടക്കാതിരുന്നതും എൻഡിഎ അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കിയതുമായ പദ്ധതികളും പരിഷ്കാരങ്ങളുമാണു മുഖ്യ പ്രമേയം. ആയുഷ്മാൻ ഭാരതിലൂടെ 50 കോടി ജനങ്ങൾക്കു സൗജന്യ ആരോഗ്യപരിചരണം, കർഷകർക്ക് പ്രതിവർഷം 6000 രൂപ, സാമ്പത്തിക സംവരണം, അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതിയില്ല, 10 കോടി ശുചിമുറികൾ, ആറു കോടി സ്ത്രീകൾക്കു പാചകവാതക കണക്‌ഷൻ എന്നിവയാണു നേട്ടങ്ങളിൽ പ്രധാനം.

ചെറുപട്ടണങ്ങളെ ഉഷാറാക്കിയ സ്മാർട് സിറ്റി, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വൈദ്യുതി, സ്വച്ഛ് ഭാരത്, 1.5 കോടി കുടുംബങ്ങൾക്കു വീട്, 40 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങൾക്ക് ജിഎസ്ടിയില്ല, 60 ലക്ഷം വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ ആദായനികുതിയില്ല, ഗർഭിണികൾക്ക് 6000 രൂപയും 26 ആഴ്ച പ്രസവാവധിയും, പെൺകുഞ്ഞുങ്ങൾക്കായി സുകന്യ സമൃദ്ധി, മുദ്ര പദ്ധതിയിലൂടെ ഏഴു ലക്ഷം കോടിയുടെ മൂല്യമുള്ള വായ്പകൾ, സ്റ്റാർട്ടപ് ഇന്ത്യ, വെളിയിട വിസർജനമുക്തമായ 5.5 ലക്ഷത്തിലധികം ഗ്രാമങ്ങൾ, വർധിച്ച പ്രതിരോധ ബജറ്റ്, വിമുക്ത ഭടന്മാർക്കായി ഒരു റാങ്ക് ഒരു പെൻഷൻ... തുടങ്ങിയ കാര്യങ്ങളാണു മറ്റു വലിയ നേട്ടങ്ങളുടെ കൂട്ടത്തിലുള്ളത്.

ബലമാകുമോ മോദിക്കു ബാലാക്കോട്ട്?

ഗ്രാമീണരും കർഷകരും സ്ത്രീകളും ഇടത്തരക്കാരുമായ ജനത്തിനു നേരിട്ടു ഗുണപ്പെടുന്ന ഒട്ടേറെ പദ്ധതികൾ അവതരിപ്പിച്ചു നടപ്പാക്കിയെന്നാണ് അവകാശവാദം. തിരഞ്ഞെടുപ്പിൽ സംസ്ഥാനങ്ങളിൽ പ്രാദേശിക വിഷയങ്ങൾക്കും പ്രശ്നങ്ങൾക്കുമാകും മുൻതൂക്കം. എന്നാൽ പൊതുവിഷയം എന്ന നിലയ്ക്കു കർഷകപ്രശ്നവും തൊ‌ഴിലില്ലായ്മയും സാമ്പത്തിക പരാധീനതയും വ്യാപാരത്തകർച്ചയും തന്നെയാകും ചർച്ച. ഈ സാഹചര്യത്തിലാണ് എല്ലാത്തിനു മീതെ, പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തെ തിരഞ്ഞെടുപ്പു ചർച്ചകളുടെ കേന്ദ്രബിന്ദുവാക്കാൻ മോദി ശ്രമിക്കുന്നത്.

Loksabha-Election-Infographic-2014-NDA-Total-Seats
Loksabha-Election-Infographic-2014-UPA-Total-Seats

വ്യോമാക്രമണം നടന്ന ഫെബ്രുവരി 26 നു ശേഷം, നടത്തിയ മിക്ക പ്രസംഗങ്ങളിലും മോദി പ്രധാന വിഷയമാക്കിയതു ഭീകരവിരുദ്ധ പോരാട്ടവും ദേശീയതയും സൈനികശക്തി വിശേഷവുമാണ്. കോൺഗ്രസ് വിമർശനത്തിൽ കുറവു വരുത്തിയുമില്ല. നേരത്തെ ഉയർന്നുവന്ന കർഷകപ്രശ്നവും തൊ‌ഴിലില്ലായ്മയും സാമ്പത്തികരംഗത്തെ പ്രശ്നങ്ങളുമെല്ലാം ഇതോടെ പിന്നണിയിലായി. പുൽവാമയിലെ ഭീകരാക്രണത്തെത്തുടർന്നു മോദി രാഷ്ട്രീയ പ്രതികരണങ്ങൾ ഒഴിവാക്കിയിരുന്നു. രാജ‌്യവികാരത്തിനൊപ്പം എന്ന നിലപാടെടുത്തു പ്രതിപക്ഷ പാർട്ടികളും പിന്തുണ നൽകി. എന്നാൽ, വ്യോമാക്രമണം നടത്തിയതിനു പിന്നാലെ മോദി അടവുമാറ്റി.

‌അതിർത്തിയിലെ സംഘർഷം ചൂണ്ടിക്കാട്ടി പ്രവർത്തക സമിതിയോഗം അടക്കം മാറ്റിവച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ശരിക്കും പ്രതിരോധത്തിലായി. മോദി‌ക്കൊപ്പം ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ അടക്കം ബാലാക്കോട്ട് ആക്രമണത്തെ രാഷ്ട്രീയ നേട്ടമായി അവതരിപ്പിച്ചപ്പോഴാണു കോ‌ൺഗ്രസ് ഉണർന്നത്. ഭീകരവിരുദ്ധ പോരാട്ടത്തെ തിരഞ്ഞെടുപ്പിന്റെ മുഖ്യചർച്ചയാക്കി മാറ്റാൻ ബിജെപിക്കു കഴിഞ്ഞെന്നു വിലയിരുത്തലുമുണ്ടായി. ദേശീയ വികാരമുണർത്തി മോദിയും കൂട്ടരും കളം നിറയവേ, പെട്ടുപോയ പ്രതിപക്ഷത്തിനു സർക്കാർ തന്നെ ഒരു വടി നീട്ടിക്കൊടുത്തു– റഫാൽ.

Rafale-Modi

വെളിപ്പെടുത്തലിൽ പാളിയ ‘പ്രതിരോധം’

റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്നു മോഷ്ടിക്കപ്പെട്ടെന്നും ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള നടപടികൾക്കു മുന്നോടിയായി ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും സുപ്രീംകോടതിയിൽ അറ്റോർണി ജനറൽ (എജി) കെ.കെ.വേണുഗോപാൽ വെളിപ്പെടുത്തിയതാണു കേന്ദ്രത്തിനു വിനയായത്. രാജ്യം സൈനികവീര്യം ആഘോഷിക്കവേയാണ് രേഖകൾ മോഷ്ടിക്കപ്പെട്ടെന്ന വെളിപ്പെടുത്തലുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയത്. രക്ഷാശ്രമത്തിന്റെ ഭാഗമായുള്ള നീക്കം പക്ഷേ ബിജെപിക്കു ക്ഷണിച്ചുവരുത്തിയ ക്ഷീണമായി.

അഴിമതി ആരോപിക്കപ്പെടുമ്പോൾ സർക്കാർ ദേശസുരക്ഷ‌യിൽ അഭയം തേടുന്നതെങ്ങനെയെന്നു സുപ്രീം കോടതി ചോദിക്കുക കൂടി ചെയ്തതോടെ റഫാൽ കേസിൽ വീണ്ടും സർക്കാർ പ്രതിരോധത്തിലായി. പുൽവാമ ഭീകരാക്രമണം, ബാലാക്കോട്ടിലെ വ്യോമാക്രമണം, വിങ് കമാൻഡർ അഭിനന്ദ് വർധമാന്റെ മടങ്ങിവരവ് തുടങ്ങിയ സംഭവബഹുലമായ വാർത്തകൾ ഒറ്റദിവസം കൊണ്ട് റഫാലിലേക്കു തിരിച്ചെത്തെമെന്നു ബിജെപി പ്രതീക്ഷിച്ചതേയില്ല.

ആയുധം കിട്ടിയ കോൺഗ്രസ് ആഞ്ഞടിച്ചു. റഫാൽ ഇടപാടിലെ രേഖ ചോർത്തൽ അന്വേഷിക്കുമ്പോൾ, മോദി നടത്തിയ 30,000 കോടി രൂപയുടെ അഴിമതിയും അന്വേഷിക്കണ‌മെന്നു കോൺഗ്രസ് അ‌ധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സർക്കാർ സ്ഥാപനങ്ങളെ വഴിതെറ്റിച്ചു സ്വയരക്ഷയ്ക്കു ശ്രമിക്കുന്ന മോദി, കരാറിൽ ‘ബൈപാസ് സർജറി’ നടത്തിയെന്നും രാഹുൽ ആരോപിച്ചു.

‘കാണാനില്ല’ എന്നതാണ് ഇപ്പോൾ മോദി സർക്കാരിന്റെ ‘ടാഗ്‌ലൈൻ’. മോ‌ദിയുടെ 15 ലക്ഷം രൂപ വാഗ്ദാനവും യുവാക്കൾക്കു തൊഴിലും കാർഷിക വിളകളുടെ വിലയും അടക്കം കാണാതായതുപോലെ റഫാൽ രേഖകളും കാണാതായിരിക്കുന്നു. പ്രധാനമന്ത്രി തന്നെയാണ് റഫാൽ ഇടപാട് വൈകിപ്പിച്ചത്. സമാന്തര വിലപേശലായിരുന്നു കാരണം. രേഖകൾ മോഷ്ടിക്കപ്പെട്ടെന്നാണ് വാദമെങ്കിൽ, ആ രേഖകൾ സ‌ത്യമാണെന്നാണ് അർഥം’– രാഹുൽ ആക്രമണം കടുപ്പിച്ചു.

‘റഫാൽ ഇടപാടിൽ അഴിമതിയും ക്രമക്കേടും നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കാനുള്ള സമയമായി. ഡാസോ ഏവിയേഷനു നേട്ടമുണ്ടാക്കാൻ ഇടപെട്ട പ്രധാനമന്ത്രിയുടെ ഓഫിസ് പൊതുപണം നഷ്ടപ്പെടുത്തി. രാജ്യതാൽപര്യം മറന്നു വമ്പൻ അഴിമതിയും ക്രമക്കേടും നടത്തി രാജ്യത്തെ വഞ്ചിച്ചു. തെറ്റായ വിവരങ്ങൾ നൽകി പാർലമെന്റിനെ കബളിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മോദിയുടെ നേരിട്ടുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു പ്രവർത്തിച്ചത്’– കോൺഗ്രസ് ആരോപിച്ചു.

റഫാലിൽ തളയ്ക്കുമോ മോദിയെ രാഹുൽ?

റഫാൽ വിമാനം സംബന്ധിച്ച മോദിയുടെ പരാമർശവും അദ്ദേഹത്തിനെതിരെ കോൺഗ്രസ് പുറത്തെടുത്തു. പാക്കിസ്ഥാനുമായുള്ള സംഘർഷത്തിൽ റഫാൽ വിമ‌ാനത്തിന്റെ കുറവ് അനുഭവപ്പെടുന്നുവെന്നു മോദി പറഞ്ഞതു എന്തർഥത്തിലാണെന്ന ചോദ്യമാണു കോൺഗ്രസ് ഉയർത്തുന്നത്. വ്യോമസേനയുടെ പക്കൽ റഫാൽ വിമാനമുണ്ടായിരുന്നെങ്കിൽ വ്യോ‌മാക്ര‌മണത്തിന്റെ ഫലം വ്യത്യസ്തമാകുമെന്നാണു മോദി പറ‌ഞ്ഞത്. റഫാൽ വൈകാൻ കാരണം മോദിയാണെന്നു രാഹുൽ ഗാന്ധി ആരോപിച്ചു.

റഫാൽ ഇടപാടിൽ സർക്കാരിനു സിഎജി ‘ക്ലീൻ ചിറ്റ്’ നൽകിയിട്ടും പ്രതിപക്ഷം വിടുന്നമട്ടില്ല. ഉന്നയിച്ച പല സംശയങ്ങൾക്കും റിപ്പോർട്ടിൽ മറുപടിയില്ലെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. രാജ്യസുരക്ഷ എന്ന പ്രതിരോധ മന്ത്രാലയത്തിന്റെ വാദം അംഗീകരിച്ച് സിഎജി വിമാനവില പരസ്യപ്പെടുത്തിയിട്ടില്ല. അനുബന്ധ നിർമാണക്കരാർ അനിൽ അംബാനിയുടെ റിലയൻസിനു നൽകിയതിനെക്കുറിച്ചു പരാമർശവുമില്ല. ഇരു സർക്കാരുകളെയും താരതമ്യപ്പെടുത്തി എൻഡിഎയ്ക്ക് അനുകൂലമായാണു സിഎജിയുടെ വിശകലനം. കരാർ കാലത്തു ധനകാര്യ സെക്രട്ടറിയായിരുന്ന രാജീവ് മെഹ്‌റിഷിക്ക് ഇപ്പോൾ സിഎജി എന്ന നിലയിൽ റിപ്പോർട്ട് തയാറാക്കാൻ ധാർമികാവകാശമില്ലെന്ന വാദവും കോൺഗ്രസ് ഉയർത്തുന്നു.

സുപ്രീംകോടതിയും സിഎജിയും നിലപാടു വ്യക്തമാക്കിയിട്ടും റഫാൽ ഇടപാടിൽ അഴിമതിയുണ്ടെന്നു ‘കുടുംബവാഴ്ചക്കാർ’ വീണ്ടും ആരോപിക്കുകയാണ് എന്നായിരുന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ പ്രതികരണം. കോൺഗ്രസിനു പാക്കിസ്ഥാനിൽ ഇപ്പോൾ പ്രേക്ഷകപ്രീതി കൂടുതലാണ്. എന്നാൽ, നാട്ടിൽ അമർഷം പുകയുന്നത് അവർ തിരിച്ചറിയുന്നു. അതുകൊണ്ടു ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായി വീണ്ടും റഫാൽ വിഷയം കൊണ്ടുവരികയാണ്. ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചു പറയേണ്ടതെല്ലാം സൈന്യം തന്നെ പറഞ്ഞിട്ടും മുഖവിലയ്ക്കെടുക്കാൻ കോൺഗ്രസ് തയാറാകുന്നില്ലെന്നും ജയ്റ്റ്‌ലി മറുപടി നൽകി.

Narendra Modi

ആഹ്വാനങ്ങളിൽ ഇന്ദിരയെ ഓർമിപ്പിച്ച് മോദി

പ്രത്യക്ഷത്തിലല്ലെങ്കിലും കരുത്തിന്റെ പ്രതീകമായി മോദി ഇന്ദിരയെ അനുകരിക്കുകയാണോ? ബാലാക്കോട്ടിലെ വ്യോമാക്രമണത്തിനു ശേഷം നരേന്ദ്ര മോദി നടത്തുന്ന പരാ‌‌‌മർശങ്ങൾക്ക്, 1971 തിരഞ്ഞെടുപ്പുകാലത്തു ഇ‌ന്ദിര ഗാന്ധി നടത്തിയ ആഹ്വാനങ്ങളുമായി സാമ്യം കൽപ്പിക്കുന്നവരുണ്ട്. ‘അവർ ഇന്ദിരയെ പുറത്താക്കാൻ പറയുമ്പോൾ, ഞാൻ ദാരിദ്രത്തെ പുറ‌ത്താക്കാൻ ശ്രമിക്കുന്നു’ എന്ന ഇന്ദിരയുടെ വിഖ്യാത പരാമർശത്തിനു സമാനമായിരുന്നു മോദിയുടെ വാക്കുകൾ.‘അവർ പറയുന്നു, നമുക്കൊരുമിച്ചു മോദിയെ ഇല്ലാതാക്കാം, പക്ഷേ മോദി പറയുന്നു, വരൂ നമുക്കൊന്നിച്ചു ഭീകരവാദം ഇല്ലാതാക്കാം’ എന്നായിരുന്നു മോദിയുടെ ആഹ്വാനം.

1971ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയെ സഹായിച്ചത് ‘ഗരീബി ഹഠാവോ’ (ദാരിദ്ര്യം ഇല്ലാതാക്കൂ) എന്ന മുദ്രാവാക്യമാണ്. അതേസമയം, ഒറ്റവരി പ്രചാരണവാക്യമായ ‘ഇന്ത്യ ഷൈനിങ്’ (ഇന്ത്യ തിളങ്ങുന്നു) എന്നതു 2004 ലെ പൊതുതിരഞ്ഞെടുപ്പിൽ വാജ്പേയ് സർക്കാരിനെ രക്ഷിച്ചില്ല. എന്നാൽ ഇതിന്റെ രണ്ടിന്റെയും മിശ്രണമായ പുതുവാക്യമാണ് മോദി പരീക്ഷിക്കുന്നത്– ‘അസാധ്യമായത് ഇപ്പോൾ സാധ്യം’. കേന്ദ്രത്തിൽ തുടർച്ചയായി ബിജെപി നേതൃത്വത്തിലുള്ള സർക്കാർ എന്ന സ്വപ്നം പൂവണിയിക്കാൻ ഈ മാന്ത്രികവാക്യത്തിനു സാധിക്കുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ.

‘ദാരിദ്ര്യം ഇല്ലാതാക്കൂ’ എന്ന ഇന്ദിരയുടെ വാചകങ്ങൾ മറ്റൊരു തരത്തിൽ കോൺഗ്രസും കടമെടുത്തിരിക്കുകയാണ്. കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയാലുടൻ രാജ്യത്തെ പാവപ്പെട്ടവർക്കു മിനിമം വേതനം ഉറപ്പു നൽകിയാണു ലോക്സഭാ തിരഞ്ഞെടുപ്പിനു രാഹുൽ ഗാന്ധി അങ്കം കുറിച്ചത്. കേന്ദ്രത്തിൽ അധികാരത്തിലേറുന്ന കോൺഗ്രസ് സർക്കാർ പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് ഈ വർഷം തന്നെ മിനിമം വേതനം നിക്ഷേപിക്കും. അതുവഴി രാജ്യത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കും. എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്ന ഒറ്റ ഇന്ത്യ കോൺഗ്രസ് സർക്കാർ ഉറപ്പുവരുത്തും– രാഹുൽ പറഞ്ഞു.

പൂപ്പാതയിലാവില്ല ബിജെപിയുടെ പ്രയാണം

പരവതാനി വിരിച്ച് കാത്തിരിക്കുകയല്ല 2019 എന്ന് രാഷ്ട്രീയ ഇന്ത്യ നേരത്തേ സൂചന നൽകിയതാണ്. ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിൽ പതറിയതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് ഏകപക്ഷീയമാകില്ലെന്നു ബിജെപിക്കു ബോധ്യമുണ്ട്. നോട്ടുനിരോധനം, തൊഴിലുറപ്പ് പദ്ധതിയിലെ ഉദാസീനത, എസ്‍‌സി/എസ്ടി നിയമം, ജിഎസ്ടി തുടങ്ങി കേന്ദ്ര സർക്കാർ ഉത്തരം പറയേണ്ട നിരവധി പ്രശ്നങ്ങൾ പൊങ്ങിവരും.

മോദി–ബിജെപി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്മ എന്തിനും തയാറെടുക്കുന്നു. ഹിന്ദുമതാചാരങ്ങളെ കൂടുതലായി ചേർത്തുവച്ച് ഭൂരിപക്ഷ സമുദായത്തെ കൂടെക്കൂട്ടുകയെന്ന തന്ത്രം കോൺഗ്രസും പരീക്ഷിച്ചു വിജയിച്ചിരിക്കുന്നു. വലിയ വോട്ടുബാങ്കായ ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും നിസ്സഹകരണവും പ്രതിഷേധവും ബിജെപിക്കു തലവേദനയാകും.

narendra-modi-priyanka-gandhi-amit-shah

മോദിയുടെ കൈവശമുള്ള ‘കുഴിമിന്നൽ’

ദേശീയ വികാരം കൈവിടരുതെന്നാണു ബിജെപിയുടെ തലപ്പത്തുള്ള ചിന്ത. കാരണം മറ്റു വിഷയങ്ങളൊന്നും അതിനു മുകളിൽ പറക്കില്ലെന്നു രാഷ്ട്രീയ ചാണക്യനായ അമിത് ഷായ്ക്ക് അറിയാം. പൂരവെടിക്കെട്ടിലെ അവസാന ഇനമായ കുഴിമിന്നൽ പോലെ, വിമർശന ശരങ്ങളേറ്റിട്ടും മോദി പുറത്തെടുക്കാത്തൊരു പ്രയോഗമുണ്ട്, അതാകും അവസാനഘട്ടങ്ങളിലെ ശ്രദ്ധാകേന്ദ്രമാകുകയെന്നും വിലയിരുത്തലുണ്ട്.

വിദേശ‌മാധ്യമങ്ങള‌ിലെ മറുവാദങ്ങളുടെയും പ്രതിപക്ഷ ആവശ്യത്തിന്റെയും പശ്ചാത്തലത്തിൽ‌, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ബാലാക്കോട്ട് വ്യോമാക്രമണ‌ം സംബന്ധിച്ചു കേന്ദ്ര സർക്കാർ ശക്തമായ തെളിവുകൾ ഹാജരാക്കുമെന്നാണു സൂചന. ഇതോടെ വിമർശകരുടെ വായടപ്പിക്കാമെന്നാണു നിഗമനം. പാക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരനും മകനുമുൾപ്പെടെ നിരോധിത സംഘടനകളിൽ അംഗങ്ങളായ 44 പേരെ പാക്കിസ്ഥാൻ കരുതൽ തടങ്കലിലാക്കിയതും ചൂണ്ടിക്കാട്ടും.

ബാലാക്കോട്ടിൽ കുറഞ്ഞത് 325 ഭീകരരും 25– 27 പരിശീലകരുമടക്കം 350 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ മാധ്യമങ്ങൾ ഈ റിപ്പോർട്ടിനെയാണ് ആശ്രയിച്ചത്. ബാലാക്കോട്ടിലെ ഇന്ത്യയുടെ ആക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ച വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞത് ഭീകരരും പരിശീലകരുമടക്കം ഒട്ടേറെപ്പേരെ ഇല്ലാതാക്കി എന്നായിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം, വ്യോമാക്രമണത്തിന്റെ തെളിവ് എന്നിവ പുറത്തുവരുന്നതോടെ പ്രചാരണരംഗത്ത് മുൻതൂക്കം പിടിച്ചുപറ്റാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനു പ്രതിപക്ഷത്ത് എന്തു മറുതന്ത്രമാകും ഒരുങ്ങുകയെന്നത് കാത്തിരുന്നു കാണണം.

English Summary: Pulwama, Balakot, Rafale Deal will play crucial roles in 2019 Lok Sabha Election, important to Narendra Modi, Rahul Gandhi- Pre Poll Analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA