ADVERTISEMENT

ന്യൂഡൽഹി∙ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ ഇല്ലാതാക്കാൻ പാക്കിസ്ഥാൻ ഗൗരവമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഇന്ത്യ. 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ഇന്ത്യയും രാജ്യാന്തര സമൂഹവും ഭീകരസംഘടനകളുടെ കാര്യത്തിൽ പാക്കിസ്ഥാനുമേൽ ആവർത്തിച്ച് സമ്മർദ്ദം ചെലുത്തുകയാണ്. ‘നയാ (പുതിയ) പാക്കിസ്ഥാൻ’ ആകണമെങ്കിൽ ഭീകര സംഘടനകൾക്കെതിരെ ‘നയാ (പുതിയ) നടപടി’ സ്വീകരിക്കണമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതിയ ചിന്തയുള്ള പുതിയ പാക്കിസ്ഥാനാണെന്ന് അവർ അവകാശപ്പെടുന്നുണ്ടെങ്കിൽ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരെ പുതിയ നടപടി എടുത്തുവേണം അതു പ്രകടിപ്പിക്കാൻ. പുതിയ പാക്കിസ്ഥാനാണ് ഇതെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രസ്താവന നടത്തിയിരുന്നു. ഈ പരാമർശത്തെ പരിഹസിച്ചാണ് രവീഷിന്റെ പ്രസ്താവന.

ഭീകരസംഘടനകൾക്കെതിരെ തന്റെ സർക്കാർ നടപടിയെടുത്തു തുടങ്ങിയെന്നും ഒരു സംഘടനയെയും പാക്കിസ്ഥാന്റെ മണ്ണിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും വെള്ളിയാഴ്ച ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഭീകരർക്കെതിരെ പാക്കിസ്ഥാൻ നടപടിയെടുത്തു തുടങ്ങിയിരുന്നു. വ്യാഴാഴ്ചയോടെ നിരോധിത സംഘടനകൾ നടത്തിവന്നിരുന്ന 182 മതപഠനശാലകളും പൂട്ടി 120ൽ അധികം പേരെ തടങ്കലിലാക്കുകയും ചെയ്തു.

നേരത്തേയും സമാനമായ പ്രസ്താവനകൾ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കിലും കണ്ണിൽപ്പൊടിയിടാനുള്ള നടപടികൾ മാത്രമായി അവ ചുരുങ്ങിയിട്ടുണ്ട്. ഭീകര സംഘടനകളെ നിഷേധിക്കുന്ന പ്രവണതയാണ് പാക്കിസ്ഥാൻ എന്നും പുലർത്തിയിരുന്നതെന്ന് ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടന പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന പാക്ക് സൈനിക വക്താവിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി രവീഷ് കുമാർ പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തിട്ടില്ല, അതിൽ ചില ആശയക്കുഴപ്പം ഉണ്ടെന്നാണ് പാക്ക് വിദേശകാര്യമന്ത്രി പറയുന്നത്. പാക്കിസ്ഥാൻ ജയ്ഷിനെ പ്രതിരോധിക്കുകയല്ലേ?, രവീഷ് കുമാർ ചോദിച്ചു.

English Summary: "Naya Pak" Should Show "Naya Action" Against Terror Groups, Says India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com