ADVERTISEMENT

തിരുവനന്തപുരം∙ ഏറെ വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും പൊന്നാനിയില്‍ അനുയോജ്യനായ മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെ തന്നെ കളത്തിലിറക്കാന്‍ സിപിഎം തീരുമാനിച്ചത്. എല്‍ഡിഎഫ് ലോക്‌സഭാ മണ്ഡലം കമ്മറ്റിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ആദ്യഘട്ടത്തില്‍ പി.വി. അന്‍വറിന് അനുകൂല നിലപാടെടുത്തെങ്കിലും പിന്നീട് നിലപാടു മാറ്റി.

അന്‍വറിന്റെ  വാട്ടര്‍തീം പാര്‍ക്കിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലായിരുന്നു മുന്നണി. എന്നാല്‍ യോജിച്ച മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താനായില്ല. ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ അന്‍വറിനു മാത്രമേ കഴിയൂ എന്ന പൊതുഅഭിപ്രായം രൂപപ്പെട്ടതോടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംനേടുകയായിരുന്നു.

സിപിഎമ്മിന്റെ കണക്കുകൂട്ടലുകളെ ബലപ്പെടുത്തുന്നതാണ് അന്‍വറിന്റെ തിരഞ്ഞെടുപ്പിലെ പ്രകടനം. നിലമ്പൂര്‍ എംഎല്‍എയായ അന്‍വര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. എല്‍ഡിഎഫ് സ്വതന്ത്രനായി 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അന്‍വര്‍ 11,504 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പിച്ചത്. അന്‍വര്‍ 77,858 വോട്ടുകള്‍ നേടിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന് 66,354 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും സാധരണക്കാര്‍ക്കിടയിലുമുള്ള ബന്ധങ്ങളാണ് അന്‍വറിനു തുണയായത്. ഇതു മുന്‍കൂട്ടി കണ്ടാണ് എല്‍ഡിഎഫ് അന്‍വറിനെ പിന്‍തുണച്ചതും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച പി.വി.അന്‍വര്‍ 37,123 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തെത്തിയിരുന്നു. അന്ന് രാഷ്്ട്രീയ പാര്‍ട്ടികളുടെ പിന്‍തുണയില്ലാതെയാണ് അത്രയും വോട്ടുകള്‍ സമാഹരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസ് സിപിഐ സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയെ തോല്‍പ്പിച്ചത് 20,870 വോട്ടുകള്‍ക്കാണ്. നിലമ്പൂരും വണ്ടൂരും ഏറനാടും ഉള്‍പ്പെടുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. നിലമ്പൂരിലും ഏറനാട്ടിലും അന്‍വറിനുള്ള ശക്തമായ ബന്ധങ്ങള്‍ തിരഞ്ഞെടുപ്പില്‍ തുണയായി.

അതിനു മുന്‍പ് ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ ചരിത്രവും അന്‍വറിനുണ്ട്. 2011ല്‍ ഏറനാട് നിയമസഭാ മണ്ഡലത്തില്‍ വിജയിച്ച ലീഗ് സ്ഥാനാര്‍ഥി പി.കെ. ബഷീറിന് 58,698 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അന്‍വര്‍ 47,452 വോട്ടു നേടി. ബിജെപി സ്ഥാനാര്‍ഥി കെ.പി.ബാബുരാജ് 3,448 വോട്ടോടെ മൂന്നാം സ്ഥാനത്തെത്തിയ മത്സരത്തില്‍ സിപിഐ സ്ഥാനാര്‍ഥി അഷ്‌റഫലി കാളിയത്തിന് 2,700 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. എസ്ഡിപിഐ സ്ഥാനാര്‍ഥി 2137 വോട്ടുകള്‍ നേടി.

ഏറനാട്ടെ ദയനീയ തോല്‍വി സിപിഐയില്‍ വലിയ പൊട്ടിത്തെറികള്‍ക്കിടയാക്കിയിരുന്നു. തിരഞ്ഞെടുപ്പിനുശേഷം, സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ തീരുമാനപ്രകാരം മലപ്പുറം ജില്ലാ എക്‌സിക്യൂട്ടിവ് പുനഃസംഘടിപ്പിച്ചു. പരാജയത്തെത്തുടര്‍ന്ന്, പാര്‍ട്ടി നടപടി വരുന്നതിനു മുന്‍പ് സിപിഐ നേതാവ് റഹ്മത്തുള്ള സിപിഐ വിട്ട് ലീഗില്‍ ചേര്‍ന്നു.

പൊന്നാനിയില്‍ പി.വി.അന്‍വര്‍ വരുന്നത് ലീഗിന് ആശ്വാസകരമല്ല. അന്‍വറിന്റെ പേര് മണ്ഡലത്തില്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ വച്ചുമാറാമെന്ന ചര്‍ച്ച ലീഗിലുണ്ടായത്. അന്‍വറിന് മണ്ഡലത്തിലുള്ള സ്വാധീനവും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുമാണ് ലീഗിനു തലവേദന. 2009 ല്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ ഹുസൈന്‍ രണ്ടത്താണിയെ 82,684 വോട്ടുകള്‍ക്കു തോല്‍പിച്ച മണ്ഡലമാണിത്.

എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വി.അബ്ദുറഹിമാന്‍ എല്‍ഡിഎഫ് സ്വതന്ത്രനായതോടെ ഇ.ടിയുടെ ഭൂരിഭക്ഷം വലിയരീതിയില്‍ കുറഞ്ഞു. 25,410 വോട്ടുകള്‍ക്കാണ് ഇ.ടി. അബ്ദുറഹിമാനെ തോല്‍പിച്ചത്. ഇപ്പോള്‍ താനൂര്‍ എംഎല്‍എയാണ് വി.അബ്ദുറഹിമാന്‍. അന്‍വറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ലെന്ന പ്രതീക്ഷയിലാണ് സിപിഎം. അന്‍വറിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com