ADVERTISEMENT

രണ്ടു ലോക്സഭാ സീറ്റുകൾ മാത്രമുള്ള ചെറിയ സംസ്ഥാനമാണു ഗോവ. ഒരോ സീറ്റും നിർണായകമായ തിരഞ്ഞെടുപ്പിൽ ഗോവയിലെ പോരാട്ടവും ശക്തമായിരിക്കും. നിലവിൽ രണ്ടിടത്തും ബിജെപി അംഗങ്ങളാണ്. വടക്കൻ ഗോവയിൽ ഷിർപാദ് യെസോസോ നായിക്കും ദക്ഷിണ ഗോവയിൽ നരേന്ദ്ര കേശവ് സ്വവേയ്ക്കറും. 2014ലെ തിരഞ്ഞെടുപ്പിൽ വടക്കൻ ഗോവയിൽ ഒരു ലക്ഷത്തിലധികം വോട്ടിനും ദക്ഷിണ ഗോവയിൽ മുപ്പത്തിരണ്ടായിരത്തിൽ അധികം വോട്ടിനുമാണ് ബിജെപി സ്ഥാനാർഥികൾ ജയിച്ചത്.

കണക്കിന്റെ കളി

40 അംഗ നിയമസഭയിൽ 17 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും. ഭരണം പിടിച്ചതു 13 സീറ്റുള്ള ബിജെപിയാണ്. ഈ തിരിച്ചടിക്കു ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മറുപടി നൽകുമോ എന്നാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. കോൺഗ്രസിലെ ഒരംഗത്തെ അടർത്തിയെടുത്തും മറ്റു പാർട്ടികളിലെ 10 എംഎൽഎമാരുടെ പിന്തുണ നേടിയുമാണു ബിജെപി അധികാരം പിടിച്ചത്. അതിന്റെയെല്ലാം വേദന കോൺഗ്രസ് വേഗം മറക്കുമെന്നു കരുതാനാകില്ല.

Goa--2014-results-info-graphic-map

ഇപ്പോൾ കോൺഗ്രസിന് 16 എംഎൽഎമാർ മാത്രമാണുള്ളത്. കേന്ദ്രമന്ത്രിയായിരുന്ന മനോഹർ പരീക്കറാണ് ബിജെപി മുഖ്യമന്ത്രി. ബിജെപിക്കു സർക്കാരുണ്ടാക്കാൻ പിന്തുണ വാഗ്‌ദാനം ചെയ്‌ത മഹാരാഷ്‌ട്രവാദി ഗോമന്തക് പാർട്ടിയും (എംജിപി) ഗോവ ഫോർവേഡ് പാർട്ടിയും (ജിഎഫ്‌പി) പരീക്കർ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യമുന്നയിച്ചു. നിയമസഭയിൽ ഒരുമിച്ചു നിൽക്കുന്നതിനാൽ ലോക്സഭയിലും ഒപ്പമുണ്ടാകുമെന്നാണു വിലയിരുത്തൽ.

ബിജെപിയുടെ ശക്തികേന്ദ്രം

മനോഹർ പരീക്കർ എന്ന വ്യക്തിയാണു ഗോവയിൽ ബിജെപിയുടെ ശക്തി. കേന്ദ്രമന്ത്രിയായിരുന്ന അദ്ദേഹത്തെ ആ സ്ഥാനത്തുനിന്നാണു മുഖ്യമന്ത്രിയാക്കി മടക്കികൊണ്ടുവന്നത്. എന്നാൽ, കടുത്ത ആരോഗ്യപ്രശ്നം നേരിടുന്ന പരീക്കറിന്റെ സ്ഥിതി ആശങ്കയുളവാക്കുന്നു. പാൻക്രിയാസ് സംബന്ധമായ രോഗത്തിനു മുംബൈയിലും യുഎസിലും ചികിൽസ കഴിഞ്ഞ് നിൽക്കുകയാണ് പരീക്കർ. ഇടയ്ക്കുമാത്രം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന അദ്ദേഹം തിരഞ്ഞെടുപ്പു തന്നെയാണു ലക്ഷ്യം വച്ചത്. 

വലിയ പ്രസംഗം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിനായി അതു മാറ്റിവയ്ക്കുന്നുവെന്നുമാണു പരീക്കർ അണികളോടു പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിനു എല്ലാ ശക്തിയും ഉപയോഗിച്ചു രംഗത്തിറങ്ങുമെന്നു പരീക്കർ വ്യക്തമാക്കുന്നു. ‘മോദിയെ വീണ്ടും  പ്രധാനമന്ത്രിയാക്കുകയാണു നമ്മുടെ ലക്ഷ്യം. പലതരത്തിലുള്ള അഭ്യൂഹങ്ങളും വരും, കാര്യമാക്കേണ്ട. ഈ ആവേശവുമായി മുന്നോട്ടു പോയാൽ ലക്ഷ്യം നേടാം’– പരീക്കർ പറഞ്ഞു.

ഗോവയിൽ കൂട്ടുകക്ഷി ഭരണം സാധ്യമാക്കിയതു പരീക്കറാണ്. മുന്നണിയെ കൂട്ടിച്ചേർത്തു കൊണ്ടുപോകുന്നതും അദ്ദേഹമാണ്. ലളിതജീവിതവും ഉയർന്ന ചിന്തയുംകൊണ്ടു ശ്രദ്ധേയനായ പരീക്കറെയല്ലാതെ മറ്റൊരു ബിജെപി നേതാവിനെയും ചെറുകക്ഷികൾക്കും സ്വതന്ത്രർക്കും വിശ്വാസവുമില്ല.

തിരിച്ചു പിടിക്കാൻ കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം നഷ്ടമായ കോൺഗ്രസിനു ശക്തി തെളിയിക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. മുൻ കാലങ്ങളിൽ കോൺഗ്രസിനെയും ബിജെപിയെയും മാറി മാറി തുണച്ചിട്ടുള്ള സംസ്ഥാനമാണിത്. അതിനാൽ കോൺഗ്രസിനു ബാലികേറാമലയല്ല ഈ കുഞ്ഞൻ സംസ്ഥാനം.

ഗോവ തിരിച്ചു പിടിക്കാൻ മുൻ മുഖ്യമന്ത്രി ദികംബർ കമ്മത്തിന്റെ നേതൃത്വത്തിലുള്ള പ്രചാരണ കമ്മിറ്റിയെയാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗോവൻ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദൻകർ കോ–ഓഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായും പ്രവർത്തിക്കുന്നു. രാഹുൽ ഗാന്ധി നേരിട്ടെത്തുന്നതോടെ പോരാട്ടത്തിനു ചൂടേറുമെന്നാണു കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.

ചെറുപാർട്ടികൾ നിർണായകം

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചതു ഗോവയിലെ പ്രാദേശിക പാർട്ടികളാണ്. അതിനാൽ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവരെ എഴുതി തള്ളാനാവില്ല. നിയമസഭയിൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിക്കും ഗോവ ഫോർവേഡ് പാർട്ടിക്കും മൂന്നു സീറ്റുകൾ വീതമാണുള്ളത്. പല പ്രദേശങ്ങളിലും ഇവർക്കു സ്വാധീനമുണ്ട്. സംസ്ഥാന സർക്കാരിനു നിയമസഭയിൽ പിന്തുണ നൽകുന്നതിനാൽ ഇവർ ബിജെപി സഖ്യം ഉപേക്ഷിക്കില്ലെന്നാണു കരുതുന്നത്.

ഒരുപക്ഷേ, സ്ഥാനാർഥി നിർണയം പോലും ഇവരുടെ താൽപര്യങ്ങൾ കൂടെ പരിഗണിച്ചു കൊണ്ടായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ പാളിപ്പോയെങ്കിലും ആം ആദ്മി പാർട്ടിയും ഇവിടെ സാന്നിധ്യമറിയിക്കാൻ മൽസരിക്കുമെന്നാണു സൂചന. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണ ഗോവയിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ നല്ലരീതിയിൽ തന്നെ വോട്ടുപിടിക്കുകയും കരുത്ത് കാണിക്കുകയും ചെയ്തിരുന്നു.

English Summary: Lok Sabha Election 2019, Chances in Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com