ADVERTISEMENT

തൃണമൂൽ കോൺഗ്രസ് ബംഗാളിൽ അധികാരം പിടിക്കുന്നതിനു തൊട്ടു മുൻപു മമത ബാനർജി ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ഒരു മാധ്യമസമ്മേളനം നടത്തി. ബംഗാളിലെ അക്രമരാഷ്ട്രീയമായിരുന്നു വിഷയം. വർഷങ്ങളായി തുടരുന്ന അക്രമങ്ങളിൽ അംഗഭംഗം വന്ന തൃണമൂൽ പ്രവർത്തകരെ അവർ മാധ്യമങ്ങൾക്കു മുന്നിൽ നിരത്തി. സിപിഎം അഴിഞ്ഞാടുമ്പോൾ സംസ്ഥാനത്തു സ്വതന്ത്ര രാഷ്ട്രീയപ്രവർത്തനം അസാധ്യമായിരിക്കുന്നുവെന്നായിരുന്നു മമതയുടെ പരാതി; ബംഗാളിലെ അക്രമരാഷ്ട്രീയം ദേശീയശ്രദ്ധയിൽ കൊണ്ടുരികയായിരുന്നു ലക്ഷ്യം.

Bengal-lok-sabha-election-2014-results-infographic-map-MAL

ലോക്സഭാ തിരഞ്ഞെടുപ്പ് സമ്പൂർണ കവറേജ്: Elections 2019

34 വർഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച തൃണമൂൽ, സംസ്ഥാന ഭരണത്തിൽ 8 വർഷം പൂർത്തിയാക്കുമ്പോൾ സ്ഥിതി വ്യത്യസ്തം. സംസ്ഥാനത്തു സ്വതന്ത്ര രാഷ്ട്രീയപ്രവർത്തനം അസാധ്യമായിരിക്കുന്നെന്നു സിപിഎമ്മും ഇടതു കക്ഷികളുമാണു പരാതിപ്പെടുന്നത്. അന്നത്തെ ഇര ഇന്നു വേട്ടക്കാരൻ.

അന്തരിച്ച കോൺഗ്രസ് നേതാവ് പ്രിയരഞ്ജൻ ദാസ്മുൻഷി അക്കാലത്തു ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലും സിപിഎം അതിക്രമങ്ങളും കോൺഗ്രസിന്റെ അതിജീവനവുമായിരുന്നു വിഷയം. അധികാരത്തോടൊപ്പം നിൽക്കുന്ന ദൂഷിതശക്തികൾ രാഷ്ട്രീയത്തെ മലീമസമാക്കുന്നതിനെതിരെ അദ്ദേഹം നൽകിയ മുന്നറിയിപ്പിനു പ്രവചനസ്വഭാവമുണ്ടായിരുന്നു.

ഇപ്പോൾ, രാഷ്ട്രീയത്തിൽ മാറിമറിയുന്ന ബന്ധുത്വങ്ങളുടെയും ദേശീയരാഷ്ട്രീയത്തിലെ സങ്കീർണതകളുടെയും പരീക്ഷണശാലയാണു ബംഗാൾ: മുൻപു സിപിഎമ്മിനെതിരെ കൈകോർത്തുനിന്ന കോൺഗ്രസും തൃണമൂൽ കോൺഗ്രസും വിരുദ്ധചേരികളിൽ. ബദ്ധശത്രുക്കളായിരുന്ന കോൺഗ്രസും സിപിഎമ്മും കൈകോർത്തു നിൽക്കുന്നു. അടുത്ത കാലം വരെ ‘ബാഹ്യശക്തി’യായിരുന്ന ബിജെപി, തൃണമൂലിന്റെ മുഖ്യ എതിരാളിയായി രൂപപ്പെട്ടു. തീർന്നില്ല, സംസ്ഥാന രാഷ്ട്രീയത്തിൽ പരസ്പരം പോരടിക്കുന്ന തൃണമൂലും കോൺഗ്രസ് – ഇടതുപക്ഷ കൂട്ടുകെട്ടും ദേശീയരാഷ്ട്രീയത്തിൽ ബിജെപിക്കെതിരായ പൊതുവേദിയിൽ ഒന്നിച്ചാണ്.

കോൺഗ്രസ് – സിപിഎം ധാരണയോടെ ത്രികോണ മത്സരമാണു രൂപപ്പെടുന്നത്. കഴിഞ്ഞ തവണ ഇരു പാർട്ടികളും ജയിച്ച 6 സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല, മറ്റു സീറ്റുകളിൽ ഇരു പാർട്ടികളുടെയും ശക്തിദൗർബല്യങ്ങൾ കണക്കിലെടുത്തു പരസ്പരസഹായം എന്നാണു ധാരണ. സിപിഐയും ഫോർവേഡ് ബ്ലോക്കും ഏറെക്കുറെ ഈ പൊതുധാരണയ്ക്കൊപ്പം നിൽക്കുന്നു.

പെട്ടെന്നു കളം പിടിച്ച ബിജെപി തന്നെയാണു തൃണമൂലിന്റെ മുഖ്യ എതിരാളി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവരുടെ വോട്ട് വിഹിതം 16.8 ശതമാനമായിരുന്നു. കഴിഞ്ഞ തവണത്തെ കണക്കിൽ കോൺഗ്രസ് (9.58) – ഇടത് (29.7) കൂട്ടുകെട്ടിനു തൃണമൂലിനൊപ്പം (39) വോട്ടു വിഹിതമുണ്ടെങ്കിലും അതിൽ ഒരു പങ്കു ബിജെപിയിലേക്കു ചോർന്നിരിക്കുന്നു. കഴിഞ്ഞ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ അവരായിരുന്നു തൃണമൂലിനു പിന്നിൽ രണ്ടാമത്. ഉത്തരേന്ത്യയിൽ സീറ്റെണ്ണത്തിലുണ്ടാകുന്ന കുറവു നികത്താൻ ബിജെപി കണ്ണുവയ്ക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നു ബംഗാൾ.

തൃണമൂലിന്റെ തണ്ടിനോടും തടിമിടുക്കിനോടും പിടിച്ചുനിൽക്കാൻ സംഘടനാശേഷിയുള്ള ബിജെപിയുടെ മുഖ്യ ആയുധം മമതയുടെ പഴയ വിശ്വസ്തൻ മുകുൾ റോയിയാണ്. കഴിഞ്ഞ യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിസ്ഥാനത്തുനിന്നു ദിനേഷ് ത്രിവേദിയെ മമത രായ്ക്കുരാമാനം പുറത്താക്കിയപ്പോൾ പകരം നിയോഗിച്ചത് അദ്ദേഹത്തെയാണ്. ഇപ്പോൾ ബിജെപിയുടെ മുഖ്യ തന്ത്രജ്ഞനായ റോയ്, 32 സീറ്റിൽ ശക്തമായ ബിജെപി–തൃണമൂൽ പോരാട്ടം പ്രവചിക്കുന്നു.

മതാധിഷ്ഠിത മത്സരപ്രചാരണത്തിലേക്കു സംസ്ഥാന രാഷ്ട്രീയം തിരിഞ്ഞു കഴിഞ്ഞു. ബിജെപി പ്രധാന ശക്തിയായതോടെ, ന്യൂനപക്ഷം തൃണമൂലിനൊപ്പം നിൽക്കാനാണു സാധ്യത. ഭൂരിപക്ഷ വോട്ടുകൾക്കു വേണ്ടിയുള്ള തീവ്രനിലപാടുകളിലും തൃണമൂൽ, ബിജെപിക്കു പിന്നിലല്ല.

തിരഞ്ഞെടുപ്പിനു ശേഷമുള്ള അനിശ്ചിതത്വത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി തലയയുർത്താമെന്നു പ്രതീക്ഷ വയ്ക്കുന്ന നേതാവാണു മമത. ഭൂരിപക്ഷം സീറ്റുകളുമായി അവർ തന്നെ സംസ്ഥാനത്തു തലപ്പൊക്കം കാട്ടുമെന്നുറപ്പിക്കാം. ബിജെപി വോട്ടു വിഹിതവും സീറ്റെണ്ണവും മെച്ചപ്പെടുത്തുമെന്നും. ഇതിനിടെ, രാഷ്ട്രീയനിലനിൽപിനുള്ള പോരാട്ടമാണു കോൺഗ്രസ് – സിപിഎം കൂട്ടായ്മയുടേത്.

English Summary: West Bengal Lok Sabha Election Anaysis 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com