ADVERTISEMENT

രാജ്യം പൊതുതിരഞ്ഞെടുപ്പ് ചൂടിലേക്കു പ്രവേശിച്ചു. ചർച്ചയാവാൻ വിഷയങ്ങളൊരുപാടുണ്ട്. വാഗ്ദാനങ്ങൾ പാലിച്ചോ, എന്തുമാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു തുടങ്ങിയവയെല്ലാം പരിശോധിക്കപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തി ബിജെപി നയിക്കുന്ന എൻഡിഎയും, അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പടത്തലവനാക്കി കോൺഗ്രസ് നയിക്കുന്ന യുപിഎയും അങ്കത്തിനു കോപ്പുകൂട്ടുമ്പോൾ അണിയറയിൽ ആയുധങ്ങളേറെ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാവുന്ന 14 സംഭവങ്ങൾ എന്തെന്നു പരിശോധിക്കാം.

1) ദേശസുരക്ഷയും ഭീകരതയും

സമീപകാല തിരഞ്ഞെടുപ്പുകളിൽനിന്നു വ്യത്യസ്തമായി ദേശസുരക്ഷയും ഭീകരവാദവും മുഖ്യചർച്ചാവിഷയമായത് ഇപ്പോഴാണ്. 1990നു ശേഷം ആദ്യമെന്നു പറയാം.‌ തിരഞ്ഞെടുപ്പ് അടുത്തവേളയിൽ കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്കു നേരെയുണ്ടായ ഭീകരാക്രമണമാണു ചർച്ചകളുടെ ശ്രദ്ധാകേന്ദ്രം മാറ്റിയത്. കേന്ദ്ര സർക്കാർ പരാജയമാണെന്ന മുറവിളിയുമായി പ്രതിപക്ഷം രംഗത്തെത്തി.

പുൽവാമ ഭീകരാക്രമണത്തിന്റെ 12–ാം ദിവസം പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ സേന നടത്തിയ വ്യോമാക്രമണത്തിൽ ജയ്ഷെ മുഹമ്മദ് ഭീകര ക്യാംപുകൾ നശിപ്പിക്കപ്പെട്ടു.  സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ശേഷി ലോകരാജ്യങ്ങൾ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും വർധിതവീര്യത്തോടെ പൊതുപ്രസംഗങ്ങളിൽ രാജ്യത്തിന്റെയും സേനയുടെയും കരുത്ത് ഉദ്ഘോഷിച്ചു.

ഉറി ഭീകരാക്രമണത്തിനു പിന്നാലെ നടത്തിയ മിന്നലാക്രമണത്തിന്റെ ഗണത്തിലാണു ബാലാക്കോട്ടെ വ്യോമാക്രമണവും സർക്കാർ എണ്ണിയത്. ശക്തമായ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള നേതാവായി മോദിയെ ബിജെപി ഉയർത്തിക്കാട്ടി. ആദ്യഘട്ടത്തിൽ രാജ്യസുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകി പ്രതിപക്ഷ പാർട്ടികൾ സർക്കാരിനും സൈന്യത്തിനും പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ മോദിയും കൂട്ടരും ശൈലി മാറ്റിയതോടെ നിരായുധരായ പ്രതിപക്ഷം തിരിച്ചുവരവിനുള്ള തീവ്ര ശ്രമത്തിലാണ്.

2) വിലക്കയറ്റം

പൊതുവെ തിരഞ്ഞെടുപ്പുകളിൽ വലിയ ചർച്ചയാകാറുള്ള വിലക്കയറ്റം ഇത്തവണ പിൻനിരയിലേക്കു പോയി. നിത്യോപയോഗ സാധനങ്ങൾ, പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചു. എന്നാൽ പൊതുവെ, വിലക്കയറ്റം പിടിച്ചുനിർത്താൻ മോദിക്കു സാധിച്ചെന്നാണു ബിജെപിയും സർക്കാർ അനുകൂലികളും വാദിക്കുന്നത്.

രണ്ടാം യുപിഎ സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ അഴിമതി, വിലക്കയറ്റം എന്നിവ വലിയതോതിൽ മോദി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും അവർ വിലയിരുത്തുന്നു. അതേസമയം, വിളകൾക്കു താങ്ങുവില പ്രഖ്യാപിക്കാതിരുന്നതും പ്രശ്നങ്ങൾ പരിഹരിക്കാതിരുന്നതും കർഷകരെ നിരാശപ്പെടുത്തി. കർഷകരും ഗ്രാമീണരും മോദി സർക്കാരിൽ അസംതൃപ്തരാണ്.

3) തൊഴിലില്ലായ്മ 

2014ൽ ബിജെപിയുടെ പ്രധാന പ്രചാരണായുധമായിരുന്നു യുവാക്കൾക്കു തൊഴിൽ നൽകുമെന്നത്. എന്നാൽ മോദി സർക്കാർ രാജ്യത്തെ വഞ്ചിച്ചെന്നു പ്രതിപക്ഷം വിമർശിക്കുന്നു. നോട്ടുനിരോധനം, ജിഎസ്ടി എന്നിവ നടപ്പാക്കിയതിലൂടെ രാജ്യത്തെ നിലവിലെ തൊഴിലവസരങ്ങൾ കൂടി സർക്കാർ നശിപ്പിച്ചു. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുത്തനെ കൂടിയെന്ന കണക്കുകളും പ്രതിപക്ഷം മുന്നോട്ടു വയ്ക്കുന്നു.

ഫെബ്രുവരിയിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്ന് 7.2 ശതമാനത്തിലെത്തി. 2016 സെപ്റ്റംബറിനു ശേഷം രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണിതെന്നു സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്കിൽ പറയുന്നു. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 40 കോടി പേരാണു തൊഴിലെടുക്കുന്നത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 40.6 കോടിയായിരുന്നെന്നു സിഎംഐഇ ചൂണ്ടിക്കാട്ടുന്നു.

ഇപിഎഫ്ഒയിൽ അംഗത്വമുള്ളവരുടെ എണ്ണം കൂടിയതും മുദ്ര പദ്ധതിയിലൂടെ കോടിക്കണക്കിനു രൂപ വായ്പ നൽകിയതുമെല്ലാം പറഞ്ഞാണു സർക്കാർ പ്രതിരോധം തീർക്കുന്നത്. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ചർച്ചകളെ വഴിമാറ്റി വിടാനാകുമെന്നും ബിജെപി ക്യാംപ് പ്രതീക്ഷിക്കുന്നു.

4) അസ്വസ്ഥരായ ഗ്രാമീണർ

2014ൽ മോദിയെ ഏറ്റവുമധികം തുണച്ചവരാണു കർഷകരും ഗ്രാമീണരും. അഞ്ചു വർഷത്തെ ഭരണത്തിനിപ്പുറം ഏറ്റവും അസംതൃപ്തരും ഇവരാണെന്നതാണു വൈരുധ്യം. കാർഷിക വിളകൾക്കു മികച്ച വില കിട്ടാത്തതും വരുമാനക്കുറവും ഇവർക്കു തിരിച്ചടിയായി. നോട്ടുനിരോധനം പ്രഖ്യാപിച്ചതോടെ കാർഷിക–ഗ്രാമീണ മേഖല വലിയ തകർച്ച നേരിട്ടു. ഇവിടങ്ങളിലെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനാണ് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ‌ കോൺഗ്രസ് പരിശ്രമിച്ചു വിജയിച്ചത്.

പ്രതിവർഷം 6000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുക എന്ന ബൃഹദ്പദ്ധതി ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നതു കർഷകരോഷം തണുപ്പിക്കാനായിരുന്നു. 50 കോടി ആളുകൾക്കു സൗജന്യ ചികിൽസ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയുടെയും ലക്ഷ്യം ഗ്രാമീണവോട്ടുകളാണ്. ലക്ഷക്കണക്കിനു പേർക്കു വീട്, ശുചിമുറി, വൈദ്യുതി, പാചകവാതകം തുടങ്ങിയവ നൽകിയുള്ള പ്രവർത്തനം നേട്ടമാകുമെന്നാണു ബിജെപി പ്രതീക്ഷ.

5) ധ്രുവീകരണം

നിർഭാഗ്യകരമെന്നു പറയാവുന്ന തരത്തിൽ രാജ്യം ഏറ്റവുമധികം ധ്രുവീകരിക്കപ്പെട്ട സമയമാണിതെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ‘ന്യൂനപക്ഷങ്ങളോടു ചായ്‌വുള്ള സർക്കാർ’ എന്നു യുപിഎയെപ്പറ്റി പ്രചരിപ്പിച്ചത് 2014ൽ ബിജെപിക്കു തുണയായി. സമാനഭൂതമാണ് ഇപ്പോൾ മോദി സർക്കാരിനും വെല്ലുവിളി.

ജമ്മു കശ്മീരിലെ പ്രശ്നങ്ങൾക്കു ശാശ്വതമായ പരിഹാരമില്ലാതെ പോകുന്നതും പാക്കിസ്ഥാനുമായുള്ള സംഘർഷങ്ങളും ബിജെപിയിലെ ‘ഹിന്ദുത്വവാദികളുടെ’ താൽപര്യാർഥമാണെന്നു പറയപ്പെടുന്നു. ജാതി, മത ഭേദമില്ലാതെ ഏവർക്കും സ്വതന്ത്രമായി ജീവിക്കാവുന്ന രാജ്യമാണിതെന്ന സമത്വചിന്ത എത്രത്തോളം പ്രസരിപ്പിക്കാൻ ബിജെപിക്കു സാധിക്കുമെന്നതിന് അനുസരിച്ചായിരിക്കും ഈ വിഷയത്തിൽ ബിജെപിയുടെ വിജയം.

6) ഒഴിയാത്ത ജാതി

ഇന്ത്യയിൽ ഒഴിവാക്കാനാവാത്ത സമസ്യയാണു ജാതി, പ്രത്യേകിച്ചും രാഷ്ട്രീയക്കാർക്ക്. പുറമേക്കു പുരോഗമനം പറഞ്ഞാലും ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥി നിർണയം മുതലേ ജാതി സമവാക്യങ്ങളെ പിന്തുടരും. ഇന്ത്യയുടെ ഭരണം ആർക്കെന്നു തീരുമാനിക്കുന്ന 80 സീറ്റുള്ള ഉത്തർപ്രദേശ് ജാതി–മത–സമുദായ ഇടപെടലുകളുടെ മികച്ച ഉദാഹരണമാണ്. 2014ൽ മോദി തരംഗത്തിൽ 71 സീറ്റുമായി കാവിയുടുത്ത യുപിയിൽ ഇക്കുറി കാറ്റു മാറി വീശിയേക്കാം.

2014ൽ മോദിയെന്ന ബ്രാൻഡിനു മുന്നിൽ മറ്റു വിഷയങ്ങൾ മങ്ങിപ്പോയിരുന്നു. 2019ൽ പക്ഷേ കാര്യങ്ങൾ മാറി. എസ്‌പി–ബിഎസ്‌പി സഖ്യം യാദവരുടെയും ജാട്ടുകളുടെയും മുസ്‍ലിംകളുടെയും വോട്ടുകൾ സമാഹരിച്ചാൽ യുപിയിൽ ബിജെപിയെ കടപുഴക്കാമെന്നാണു കണക്കുകൂട്ടൽ. ആർജെഡിയുടെ ലാലു പ്രസാദ് യാദവിലൂടെ ഒബിസി, മുസ്‌ലിം വോട്ടുകളും മോദിക്കെതിരായി സമാഹരിക്കപ്പെടാം.

അടുത്തിടെ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിടത്താണു ബിജെപി പരാജയപ്പെട്ടത്. തുടർച്ചയായി അധികാരം നിലനിർത്തിയിരുന്ന വലിയ സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശ് നഷ്ടപ്പെട്ടതു വലിയ തിരിച്ചടിയുമായി. സംവരണത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഉന്നത, പിന്നാക്ക ജാതിക്കാരെ ഒരുപോലെ പ്രകോപിപ്പിച്ചതിന്റെ ഫലമായിരുന്നു തോൽവി. സാമ്പത്തിക സംവരണത്തിലൂടെ ഉന്നത ജാതിക്കാരെ കൂടെ നിർത്താനാകുമെന്നാണു പ്രതീക്ഷ. മോദിയുടെ ജനപ്രീതി ജാതി ഘടകത്തെ മറികടക്കുമെന്നും ബിജെപി നേതാക്കൾ പറയുന്നു.

7) അഴിമതി പേടിപ്പിക്കുമോ

മൂന്നാമതും യുപിഎ സർക്കാർ എന്ന കോൺഗ്രസിന്റെ മോഹങ്ങൾക്കു തീ കൊളുത്തിയത് അഴിമതിയാണ്. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തവിധം വലിയ അഴിമതിക്കഥകൾ അന്നു പുറത്തുവന്നു. ഇതിനൊപ്പം മോദി തരംഗവും വീശിയതോടെ എൻഡിഎയ്ക്കു കാര്യങ്ങൾ എളുപ്പമായി. ഇത്തരമൊരു സാഹചര്യം തന്റെ ഭരണകാലത്തുണ്ടാകരുതെന്നു മോദി സഹപ്രവർത്തകർക്കു കർശന നിർദേശം നൽകി.

സർക്കാരിലെയും പാർട്ടിയിലെയും അധികാരം തന്നിൽ പൂർണമായി കേന്ദ്രീകരിക്കാനും മോദി ശ്രദ്ധിച്ചു. ഇതോടെ വകുപ്പുകളിൽ പ്രധാനമന്ത്രി അറിയാതെ യാതൊരു ഇടപാടും നടക്കില്ലെന്നായി. എപ്പോൾ വേണമെങ്കിലും സ്ഥാനനഷ്ടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അഴിമതിയുടെ ഭാഗത്തേക്കു മന്ത്രിമാരോ പാർട്ടിയോ പോയതുമില്ലെന്നു സർക്കാർ അനുകൂലികൾ അവകാശപ്പെടുന്നു. നോട്ടുനിരോധനവും റഫാൽ ഇടപാടും അഴിമതി നിറഞ്ഞതാണെന്ന ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തുള്ളതാണു ബിജെപിയെ ഭയപ്പെടുത്തുന്നത്.

8) സമൂഹമാധ്യമങ്ങൾ

വാട്സാപ്പും ഫെയ്സ്ബുക്കും സ്വാധീനമുറപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു 2014ൽ നടന്നത്. സമൂഹമാധ്യമങ്ങളെ സമർഥമായി ഉപയോഗിച്ച ബിജെപി നേട്ടം കൊയ്തു. അജൻഡകൾ ഒരുക്കാൻ, പ്രചാരണം നടത്താൻ, എതിരാളിയെ താറടിക്കാൻ, വ്യാജവാർത്തകൾ... എല്ലാത്തിനും സമൂഹമാധ്യമങ്ങളെ പാർട്ടികൾ ഉപയോഗിച്ചു. അഞ്ചു വർഷങ്ങൾക്കിപ്പുറം സൈബർ പോരിൽ ബിജെപിയുടെ ആധിപത്യം തകർത്തു ശക്തി തെളിയിക്കാൻ കോൺഗ്രസും രംഗത്തുണ്ട്.

സമൂഹമാധ്യമങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ലോകനേതാക്കളിൽ മുൻനിരയിലാണു മോദി. അദ്ദേഹത്തിന്റെ വാക്കുകൾ ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും ബിജെപിയുടെ വൻസംഘവുമുണ്ട്. ഇതിനിടെ, സമീപകാല തിരഞ്ഞെടുപ്പു ജയങ്ങളും നിലപാടുകളും ഇടപെടലുകളും കൊണ്ടു രാഹുൽ ഗാന്ധി സൈബർ ലോകത്തു സ്വയം അടയാളപ്പെടുത്തി. മോദിയുടെ പോസ്റ്റുകൾക്കു കൂടുതൽ ‘ലൈക്ക്’ കിട്ടുമ്പോൾ, കമന്റും റീപോസ്റ്റുമായി ‘എൻഗേജുമെന്റ്’ കൂട്ടിയാണു രാഹുൽ വരവറിയിച്ചത്.

തിരഞ്ഞെടുപ്പു കമ്മിഷനും കമ്പനികളും കൂടുതൽ ജാഗ്രതയോടെ നിലയുറപ്പിച്ചതിനാൽ നേരത്തേ പോലെ ഉറഞ്ഞാടാൻ സമൂഹമാധ്യമങ്ങൾക്കു സാധിക്കില്ല. എങ്കിലും വോട്ടർമാരുടെ മനസ്സിനെ സ്വാധീനിക്കാനുള്ള കരുത്ത് ചോർന്നിട്ടില്ലാത്തതിനാൽ പ്രമുഖ പാർട്ടികളെല്ലാം തങ്ങളുടെ ഐടി സെല്ലിൽ ‘സൈബർ വാർ’ തുടങ്ങിക്കഴിഞ്ഞു.

9) ക്ഷേമ പദ്ധതികൾ

ഒട്ടനവധി ക്ഷേമ, വികസന പദ്ധതികൾ രാജ്യത്തിനു സമർപ്പിച്ചെന്നും ഇതിന്റെ തുടർച്ചയ്ക്കായി ജയിപ്പിക്കണമെന്നുമാണു ബിജെപി ആവശ്യപ്പെടുന്നത്. ഉജ്വല, സ്വച്ഛ് ഭാരത്, പിഎം കിസാൻ, ആയുഷ്മാൻ ഭാരത്, മുദ്ര തുടങ്ങിയവ മോദി സർക്കാരിന്റെ കയ്യൊപ്പുള്ള പദ്ധതികളാണ്. സൂട്ട് ബൂട്ട് സർക്കാർ എന്ന പ്രതിപക്ഷ വിമർശനത്തെ മറികടക്കാൻ ഈ പദ്ധതികൾക്കു സാധിക്കുമെന്നു ബിജെപി പറയുന്നു.

ഭരണവിരുദ്ധ വികാരം ഉണ്ടാകാതിരിക്കാൻ ഈ പദ്ധതികൾ മോദിക്ക് ഉപകാരപ്പെട്ടേക്കാം. ഹിന്ദി ഹൃദയഭൂമിയിൽ അധികാരത്തിലേറിയ മൂന്നു സംസ്ഥാനങ്ങളിലും കാർഷിക വായ്പകൾ എഴുതിത്തള്ളിയതും കേന്ദ്രത്തിൽ ഭരണം കിട്ടിയാൽ എല്ലാവർക്കും നിശ്ചിത വരുമാനം അക്കൗണ്ടിൽ നൽകുമെന്നു പ്രഖ്യാപിച്ചും കോൺഗ്രസും സാധ്യതകൾ വർധിപ്പിക്കുന്നു.

10) ഗോരക്ഷ

അനധികൃത കന്നുകാലി കശാപ്പുകേന്ദ്രങ്ങൾ നിരോധിക്കുമെന്ന വാഗ്ദാനം ഉത്തർപ്രദേശിൽ ബിജെപിക്ക് നേട്ടമുണ്ടാക്കിക്കൊടുത്ത കാരണങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഇതിന്റെ പ്രായോഗികത പാർട്ടിയെ തിരിഞ്ഞുകൊത്തി. ഗോരക്ഷയുടെ പേരിലുണ്ടായ ആൾക്കൂട്ട കൊലപാതകങ്ങൾ രാജ്യത്തെ നാണം കെടുത്തി. പശുസംരക്ഷകർ തെരുവിൽ, സംശയത്തിന്റെ പേരിൽ ആളുകളെ മർദിച്ചു.

പശുക്കളെ സംരക്ഷിക്കാനെന്നപേരിൽ ആളുകളെ കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതു മഹാത്മാഗാന്ധിയുടെ തത്വങ്ങൾക്കു വിരുദ്ധമാണെന്നും പ്രധാനമന്ത്രി കർക്കശസ്വരത്തിൽ പറഞ്ഞിട്ടും കാര്യമുണ്ടായില്ല. സാമൂഹികവിരുദ്ധ പ്രവർത്തനവും നിയമം കയ്യിലെടുക്കലും അനുവദിക്കാനാകില്ലെന്നു പറഞ്ഞ മോദി, ഗോരക്ഷകരുടെ അക്രമങ്ങൾക്കു രാഷ്ട്രീയ, സാമുദായിക നിറം നൽകരുതെന്നു പറഞ്ഞതും വിവാദമായി.

ഗോരക്ഷാ ആക്രമണങ്ങൾ മൊത്തത്തിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കും ക്ഷീണമായി. രാജ്യത്തിന്റെ മതനിരപേക്ഷതയിലും ഭയാശങ്കകൾ പടർന്നെന്നു സാമൂഹിക നിരീക്ഷകർ വിലയിരുത്തുന്നു.

11) ശക്തമായ നേതൃത്വം

രാജ്യത്തിനു ശക്തമായ നേതൃത്വം വേണമെന്നു ചൂണ്ടിക്കാട്ടി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടിയാണു ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ വിവിധ പാർട്ടികളുടെ സങ്കലനത്തിലൂടെ ജനാധിപത്യത്തിന്റെ വൈവിധ്യത്തെ പോഷിപ്പിപ്പിക്കണമെന്നു മഹാസഖ്യവും യുപിഎയും വിളിച്ചോതുന്നു. പ്രധാനമന്ത്രി സ്ഥാനാർഥിയായി മോദിയെ ബിജെപി അവതരിപ്പിക്കുമ്പോൾ, രാഹുൽ ഗാന്ധിയെ അത്രയും ആവേശത്തിൽ എടുത്തുകാട്ടാൻ കോൺഗ്രസിനു സാധിക്കുന്നില്ല.

ശക്തനായ ഭരണാധികാരിക്കേ ധീരമായ തീരുമാനങ്ങളെടുക്കാൻ സാധിക്കൂവെന്നാണു ബിജെപിയുടെ വാദം. എന്നാൽ ഏകാധിപത്യശൈലിയല്ല ജനാധിപത്യത്തിന്റേതെന്നു പ്രതിപക്ഷം പറയുന്നു. ധീരതയും കാർക്കശ്യവുമാണോ സൗമ്യതയും സഹൃദയത്വവുമാണോ രാജ്യത്തിനു വേണ്ടത് എന്നതിന്റെ തിരഞ്ഞെടുപ്പാണിതെന്നു കോൺഗ്രസ് വ്യക്തമാക്കുന്നു.

12) യുവ വോട്ടർമാർ

യുവാക്കളും കന്നി വോട്ടർമാരുമാണു സ്ഥാനാർഥികളുടെ ഭാവി തീരുമാനിക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്നത്. രാജ്യത്ത് 90 കോടി വോട്ടർമാരുള്ളതിൽ 8.4 കോടി പുതിയ വോട്ടർമാരാണെന്നതു പാർട്ടികളുടെ ചങ്കിടിപ്പേറ്റുന്നു. പുതുവോട്ടർമാർ എങ്ങോട്ടു ചായുമെന്നത് പ്രവചനാതീതം. ഇവരെ സ്വാധീനിക്കുന്ന വിഷയങ്ങൾ എന്തെല്ലാമെന്നു കണ്ടെത്തുന്നതും ശ്രമകരം.

പഠിപ്പു കഴിഞ്ഞു തൊഴിൽ തേടുന്നവരാകും ഇവരിൽ മിക്കവരും. ഇവരെ തൃപ്തിപ്പെടുത്തുന്ന സാമൂഹികാന്തരീക്ഷം ഒരുക്കുകയും വാഗ്ദാനങ്ങൾ നൽകുകയുമാണു പാർട്ടികൾക്കു ചെയ്യാവുന്ന കാര്യങ്ങൾ. നിലവിൽ ഒരു പാർട്ടികളോടും അടുപ്പം കാണിക്കാതിരിക്കുന്ന ഇവരെ കൂടെ നിർത്താൻ കഴിയുന്നവരുടേതാകും തിരഞ്ഞെടുപ്പു വിജയം.

13) വനിതകൾ

പകുതി വോട്ടർമാർ സ്ത്രീകളാണെന്നതും ഇവരിൽ ഭൂരിഭാഗവും സ്വതന്ത്രമായി ചിന്തിച്ചു വോട്ടു ചെയ്യുന്നവരാണെന്നതും ഈ തിരഞ്ഞെടുപ്പിനെ പ്രത്യേകതയുള്ളതാക്കുന്നു. തിരഞ്ഞെടുപ്പിൽ പങ്കാളികളാകുന്ന സ്ത്രീകളുടെ എണ്ണം നാലു പതിറ്റാണ്ടിനിടെ 19 ശതമാനം വർധിച്ചു. ബിജെപിയോടു സ്ത്രീകൾക്ക് എന്തുമാത്രം കൂറുണ്ട് എന്നതും പ്രധാനമാണ്.

2014ൽ എൻഡിഎയ്ക്കു യുപിഎയുടേതിനാക്കൾ 19 ശതമാനമായിരുന്നു പുരുഷവോട്ടിലെ വ്യത്യാസം. എന്നാൽ സ്ത്രീവോട്ടിന്റെ കണക്കിൽ വ്യത്യാസം 9 ശതമാനം മാത്രം. പ്രണോയ് റോയി, ദൊറാബ് സൊപാരിവാല എന്നിവരുടെ ‘ദ് വെർഡിക്ട്’ എന്ന പുസ്തകത്തിലെ വ്യാഖ്യാനമനുസരിച്ച്, 2014ൽ പുരുഷന്മാർ മാത്രം വോട്ട് ചെയ്തിരുന്നുള്ളൂവെങ്കിൽ 376 സീറ്റും സ്ത്രീകൾ മാത്രമേ വോട്ടു ചെയ്തുള്ളൂവെങ്കിൽ 265 സീറ്റിലേക്കും എൻഡിഎ ചുരുങ്ങുമായിരുന്നു എന്നാണ്.

14) ദലിതരും ആദിവാസികളും

രാജ്യത്തു ബിജെപി ഭരണത്തിനിടെ പൊട്ടിപ്പുറപ്പെട്ട സമരങ്ങളിൽ മുഖ്യമായതു ദലിത് പ്രക്ഷോഭങ്ങളാണ്. രോഹിത് വെമുലയുടെ ആത്മഹത്യയോടെ ആളിപ്പടർന്ന ദലിത് രോഷം അത്രപെട്ടെന്നൊന്നും കെട്ടടങ്ങിയതുമില്ല. ദലിതർക്കു നീതി നൽകുന്നതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന പട്ടികജാതി–പട്ടികവർഗ പീഡനനിരോധന നിയമം സുപ്രീംകോടതി ലഘൂകരിച്ചതോടെ പ്രക്ഷോഭമായി.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് അനുമതി വേണമെന്നായിരുന്നു സുപ്രീംകോടതി വിധി. നിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കേസില്‍ കുടുക്കി ഉടന്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയത്. വിധിക്കെതിരെ ദലിതരും പ്രതിപക്ഷവും രംഗത്തെത്തി. ഭാരത് ബന്ദിന് ആഹ്വാനമുണ്ടായി. ബന്ദില്‍ പഞ്ചാബ്, ഒഡിഷ, ഉത്തര്‍പ്രദേശ് തുടങ്ങി പത്തോളം സംസ്ഥാനങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി. 

പ്രതിഷേധം തണുപ്പിക്കാൻ എസ്‌സി, എസ്ടി നിയമം ശക്തിപ്പെടുത്താനുള്ള ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ദലിതരുടെ ഉന്നമനത്തിനായി പല പദ്ധതികളും സർക്കാർ കൊണ്ടുവന്നു. ആർഎസ്എസിന്റെ സഹകരണത്തോടെ ആദിവാസി മേഖലകളിൽ വനവാസി കല്യാൺ ആശ്രമം ഊർജിതമായി നടപ്പാക്കി. ഇത്രയൊക്കെ ചെയ്തിട്ടും ഛത്തീസ്ഗഡിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയം രുചിച്ചു. അസംതൃപ്തരായ ദലിതരെ ഒപ്പം നിർത്താനാണു പ്രതിപക്ഷം ശ്രമിക്കുന്നത്.

English Summary: 14 factors that hold the key to this 2019 Lok Sabha polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com