ADVERTISEMENT

കൊൽക്കത്ത ∙ ഒറ്റയടിക്ക് മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് ബംഗാള്‍ രാഷ്ട്രീയത്തെ ഞെട്ടിച്ച് മമത ബാനർജി. പട്ടിക പുറത്തുവന്നപ്പോള്‍ ആവനാഴിയിൽ കരുതിവച്ചത് ഓരോന്നോരോന്നായി പുറത്തിടുകയായിരുന്നു മമതയെന്ന രാഷ്ട്രീയ തന്ത്രജ്ഞ. 42 സീറ്റിലേക്കും ഒരുമിച്ചാണു മമത സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

ഇതിൽ 17 സീറ്റിലും സ്ത്രീകൾ മൽസരിക്കും. അതായത്, മൊത്തം പട്ടികയിൽ 41% വനിതകളാണ് 17ാം ലോക്സഭയിലേക്കു മാറ്റുരയ്ക്കുന്നത്. വിശ്വസ്തരായവരെ ഒഴിവാക്കിയും സിനിമാ താരങ്ങളെ ഉൾപ്പെടുത്തിയുമാണ് തൃണമൂലിന്റെ പട്ടിക പുറത്തിറക്കിയത്.

മമതയുടെ വിശ്വസ്തരായിരുന്ന സുബ്രതാ ബക്ഷിയെ നിലവിൽ എംപിയായിരുന്ന സൗത്ത് കൊൽക്കത്ത മണ്ഡലത്തിൽനിന്നു മാറ്റിയാണ് മാലാ റോയിയെ മൽസരിപ്പിക്കുന്നത്. കൊൽക്കത്ത മുനിസിപ്പാലിറ്റിയുടെ ചെയർമാനാണ് മാല ഇപ്പോൾ. മുഖ്യമന്ത്രിയാകുന്നതുവരെ സൗത്ത് കൊൽക്കത്ത മണ്ഡലം മമതയാണ് പ്രതിനിധീകരിച്ചിരുന്നത്. എംപി സ്ഥാനം രാജിവച്ച മമത ഇപ്പോൾ ഭവാനിപുരിലെ എംഎൽഎയാണ്.

10 സിറ്റിങ് എംഎൽഎമാരാണ് ഇത്തവണ മൽസര രംഗത്തുനിന്നു മാറിനിൽക്കുന്നത്. ഇതിൽ 2 പേർ ബിജെപിക്കൊപ്പമാണ്. മറ്റുള്ളവർ ഇത്തവണ സംഘടനയെ ശക്തിപ്പെടുത്തുന്ന നടപടികളിലാണ് പങ്കുകൊള്ളുന്നത്.

ബംഗാൾ സിനിമാരംഗത്തുനിന്നുള്ള യുവ താരങ്ങളായ മിമി ചക്രബർത്തിയുടെയും നുസ്റത്ത് ജഹാന്റെയും പേരുകൾ അപ്രതീക്ഷിതമായിരുന്നു. ഇരുവരും യഥാക്രമം ജാദവ്പുർ, ബഷീർഹട്ട് എന്നിവിടങ്ങളിൽനിന്നാണ് മൽസരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധു സുഗതോ ബോസിന്റെ പേര് ഒഴിവാക്കിയാണ് നിർണായകമായ കൊൽക്കത്ത മണ്ഡലങ്ങളിലൊന്നായ ജാദവ്പുർ മിമി ചക്രബർത്തിക്കു നൽകിയത്.

ബോസിനെ മൽസരിക്കുന്നതിൽനിന്ന് അദ്ദേഹം പഠിപ്പിക്കുന്ന കോളജ് അധികൃതർ വിലക്കിയതാണ് ഒഴിവാക്കാൻ കാരണമെന്നും മമത വ്യക്തമാക്കി. മിമിയെയും നുസ്റത്തിനെയും കൂടാതെ, മൂൺ മൂൺ സെൻ, ശതാബ്ദി റോയ്, ദേവ് എന്നീ സിനിമാ താരങ്ങളും യഥാക്രമം അസാൻസോൾ, ഭീർഭും, ഘട്ടൽ എന്നീ മണ്ഡലങ്ങളിൽ മാറ്റുരയ്ക്കും.

സിപിഎം നേതാവ് ബസുദേബ് ആചാര്യയെ 2014ൽ ബാങ്കുരയിൽനിന്ന് തോൽപ്പിച്ച മൂൺ മൂൺ സെൻ ഇത്തവണ അസാൻസോളിൽനിന്നാണ് മൽസരിക്കുന്നത്. നേരിടേണ്ടത് ബിജെപിയുടെ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയെയും. ബാങ്കുരയിൽ തൃണമൂലിനായി മുതിർന്ന നേതാവും സംസ്ഥാനത്തെ മന്ത്രിയുമായ സുബ്രതാ മുഖർഖിയാണ് മൽസരിക്കുന്നത്.

ഒഡീഷ, അസം, ജാർഖണ്ഡ്, ബിഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ ചില സീറ്റുകളിലും തൃണമൂൽ മൽസരിക്കുമെന്നും മമത വ്യക്തമാക്കി.

സിപിഎമ്മിനോട് മൃദുസമീപനം?

സിപിഎമ്മിന്റെ ഉറച്ച കോട്ടകളിൽ ദുർബലരായ സ്ഥാനാർഥികളെ നിർത്താൻ മമത ശ്രദ്ധിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ റായ്ഗഞ്ചിൽ മൽസരിക്കുന്നത് മുഹമ്മദ് സലിം ആണ്. ഇവിടെ തൃണമൂൽ നിർത്തിയിരിക്കുന്നത് കനിയാ ലാൽ അഗർവാളിനെയാണ്.

മണ്ഡലത്തിൽ കാര്യമായ സാന്നിധ്യമില്ലാത്തയാളാണ് അഗർവാൾ. ദുർബലരായ സ്ഥാനാർഥികളെ എതിരുനിർത്തുന്നതോടെ സിപിഎമ്മിനു കൂടുതൽ സീറ്റിൽ വിജയിക്കാനുള്ള സാധ്യതയാണ് തൃണമൂൽ നൽകുന്നതെന്നും ഇവർ വിലയിരുത്തുന്നു.

English Summary: Mamata's list of surprises: Women, glamour, axe to 10, weak candidates against CPM bigwigs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com