ADVERTISEMENT

തിരുവനന്തപുരം ∙ കരമനയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേ തട്ടികൊണ്ടുപോയ യുവാവിനെ അക്രമിസംഘം കൊലപ്പെടുത്തിയത് ക്രൂരമായി മര്‍ദിച്ച്. കൊലപാതകം നടത്തുന്നതിനു മുന്‍പ് അക്രമിസംഘം കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷിക്കുന്ന വിഡിയോ പുറത്തുവന്നു. ലഹരി ഉപയോഗിച്ചുള്ള ആഘോഷത്തിനുശേഷമാണ് യുവാവിനെ തട്ടികൊണ്ടുപോയത്. സംഘത്തില്‍ 13 പേര്‍ ഉണ്ടായിരുന്നതായും ഇവരില്‍ ചിലര്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നതായും പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.  

കൊഞ്ചിറവിള അനന്തു ഭവനില്‍ ഗിരീഷിന്റെയും മിനിയുടേയും മകന്‍ അനന്തുവിന്റെ (21) മൃതദേഹം ബുധനാഴ്ചയാണ് കൈകാലുകള്‍ വെട്ടിയ നിലയില്‍ നീറമണ്‍കര ബിഎസ്എന്‍എല്‍ ഓഫിസിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിലെ പൊളിഞ്ഞ വീട്ടില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട്  തളിയില്‍ സ്വദേശികളായ റോഷന്‍(23), ബാലു(23), മറ്റു മൂന്നു പേർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കവും സംഘട്ടനവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

ചാക്ക ഐടിഐ വിദ്യാര്‍ഥിയായ അനന്തുവിനെ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് നാലുപേര്‍ ചേര്‍ന്ന് തളിയില്‍ അരശുംമൂട്ടില്‍നിന്ന് തട്ടികൊണ്ടുപോയത്. അരശുംമൂട്ടിലെ കടയില്‍ ജ്യൂസ് കുടിക്കാന്‍ നിര്‍ത്തിയപ്പോഴാണ് ബലമായി സ്വന്തം ബൈക്കില്‍തന്നെ കയറ്റികൊണ്ടുപോയത്. നാട്ടുകാരിലൊരാള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം ഭീഷണിപ്പെടുത്തി. തട്ടികൊണ്ടുപോയ വിവരം വീട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചെങ്കിലും കണ്ടെത്താനായില്ല. 

കൂട്ടുകാരാണ് പിറ്റേന്ന് രാവിലെ പത്തരയോടെ കൈമനം - നീറമണ്‍കര റോഡില്‍ അനന്തുവിന്റെ ബൈക്ക് കണ്ടെത്തിയത്. പൊലീസെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് അടുത്തുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് മദ്യകുപ്പിയും സിറിഞ്ചും കിട്ടി. കൈയും കാലും വെട്ടിയ നിലയിലായിരുന്നു. തലയില്‍ കല്ലുകൊണ്ട് ഇടിച്ചു. ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്. അനന്തുവിനെ ക്രൂരമായി മര്‍ദിച്ചതായാണ് പൊലീസില്‍നിന്ന് ലഭിക്കുന്നവിവരം. ഇതര സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പോലീസ് ഇടപെടൽ വൈകിയതിനെതിരെയാണ് കേസ്. തിരുവനന്തപുരം  ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com