ADVERTISEMENT

ന്യൂഡല്‍ഹി ∙ മൽസരിക്കണമെന്ന ആഗ്രഹം പലവട്ടം തുറന്നുപറഞ്ഞിട്ടും പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു. ഭട്ട്പാര നിയമസഭാ മണ്ഡലത്തിൽനിന്നുള്ള അർജുൻ സിങ് ആണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ബിജെപിയിൽ ചേർന്നത്. തൃണമൂലിന്റെ ശക്തനായ നേതാവായിരുന്നു അർജുൻ സിങ്.

ബാരക്ക്പുർ ലോക്സഭാ സീറ്റിൽ മൽസരിക്കണമെന്ന ആവശ്യം അർജുൻ സിങ് പരസ്യമാക്കിയിരുന്നു. സിറ്റിങ് എംപി ദിനേശ് ത്രിവേദിയുമായി മണ്ഡലത്തിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്നും സിങ് പറഞ്ഞിരുന്നു. എന്നാൽ സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ തൃണമൂൽ പരിഗണിച്ചത് ദ്വിവേദിയെ മാത്രമായിരുന്നു.

ഇതിലെ നിരാശ സിങ് മൂടിവച്ചിരുന്നുമില്ല. ബുധനാഴ്ച അദ്ദേഹം ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തി. ഇതോടെ തൃണമൂലിൽനിന്ന് ശക്തനായ നേതാവു വരുന്നുവെന്ന് ബിജെപി ക്യാംപുകൾ വാർത്ത പുറത്തുവിട്ടു. അതു നിഷേധിക്കാൻ അർജുൻ സിങ് തയാറായതുമില്ല.

എന്തുകൊണ്ട് അർജുൻ സിങ്?

നാലു തവണ ഭട്ട്പാരയിൽനിന്നു തൃണമൂലിനെ പ്രതിനിധീകരിച്ച ശക്തൻ. ബാരക്ക്പുർ ലോക്സഭാ മണ്ഡലത്തിലെ മറ്റു നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ സ്വാധീനം. ദിനേശ് ത്രിവേദിയുമായി സിങ് ചേർന്നുപോകില്ലെന്നതു പരസ്യമായ രഹസ്യമാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭട്ട്പാര നിയമസഭാ മണ്ഡലം ത്രിവേദിയുടെ കൈയിൽനിന്നു പോയിരുന്നു.

എന്നാൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അർജുൻ സിങ് വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. തൃണമൂലിന്റെ ശക്തനായ നേതാവായ സിങ് കായികശക്തി ഉപയോഗിച്ചും കാര്യങ്ങൾ നേടിയെടുക്കാറുണ്ടെന്നത് രഹസ്യമല്ല. തൃണമൂൽ നേതാവും മമത ബാനർജിയുടെ വിശ്വസ്തനും പിന്നീട് ബിജെപിയിലേക്കു ചേക്കേറിയ മുകുൾ റോയിയുടെ അടുപ്പക്കാരനുമായിരുന്നു സിങ്.

കഴിഞ്ഞ ദിവസം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടപ്പോൾ ‘സ്ഥാനമോഹികളായ കുറച്ചുപേരുണ്ടെന്ന് അറിയാം എന്നാൽ എല്ലാവർക്കും സീറ്റു നൽകാനാകില്ല. അവർ ചിലപ്പോൾ പാർട്ടി മാറിയേക്കാം. ഒരു മഹാശല്യം ഒഴിവായതായി കണക്കാക്കും. തൃണമൂൽ എന്താണെന്ന് അവർക്ക് പാർട്ടി വിട്ടു കഴിയുമ്പോഴേ മനസ്സിലാകൂ’ – മമത പറഞ്ഞിരുന്നു.

English Summary: 4-Time Trinamool Lawmaker, Reportedly Sulking Over Ticket, Joins BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com