ADVERTISEMENT

ലക്‌നൗ ∙ ഇന്ത്യ ആരു ഭരിക്കണമെന്നു നിശ്ചയിക്കുന്നതില്‍ നിര്‍ണായക സ്ഥാനമുള്ള, ഏറ്റവുമധികം ജനപ്രതിനിധികളെ സമ്മാനിക്കുന്ന സംസ്ഥാനം– ഉത്തര്‍പ്രദേശ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ പ്രമുഖ നേതാക്കൾ മാറ്റുരച്ച യുപി. ഇക്കുറി ഒരു മാസത്തിലേറെ നീണ്ട ദിവസങ്ങള്‍ പ്രചാരണരംഗത്തെ സജീവമാക്കുകയെന്ന കടുത്ത ലക്ഷ്യമാണു പാര്‍ട്ടികള്‍ക്കു മുന്നിലുള്ളത്. ബിഹാര്‍, ബംഗാള്‍ എന്നിവയ്‌ക്കൊപ്പം ഏഴു ഘട്ടങ്ങളായാണു വോട്ടെടുപ്പ്.

2004 മുതലുള്ള ഉത്തർപ്രദേശിലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ പോളിങ് ഘട്ടങ്ങള്‍ വര്‍ധിച്ചു വരുന്നതായി കാണാം. ഇത്തവണയും സ്ഥിതി വിഭിന്നമല്ല. 2004ല്‍ നാലു ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പെങ്കില്‍ 2009ല്‍ ഇത് അഞ്ചായും 2014ല്‍ ആറു ഘട്ടമായും മാറി. ഏഴു ഘട്ടങ്ങളിലായി ഇത്തവണ തിരഞ്ഞെടുപ്പ് അരങ്ങേറുമ്പോള്‍ അതു മറ്റൊരു ചരിത്രമാകും. 2004ല്‍ 20 ദിവസങ്ങളാണു പ്രചാരണത്തിനായി ലഭിച്ചത്. 2009ല്‍ 27 ദിവസങ്ങളുടെ വാശിയേറിയ പ്രചാരണം നടന്നപ്പോള്‍ 2014ല്‍ 32 ദിവസങ്ങളും പ്രചാരണത്തിനായി ലഭിച്ചു.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടങ്ങളില്‍ പോളിങ് നടക്കുക. ഇതിനു ശേഷം മധ്യ ഉത്തര്‍പ്രദേശ് അഥവാ അവ്ധാ മേഖലയിലെയും ബുന്ദേല്‍ഖണ്ഡിലെയും വോട്ടെടുപ്പ്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് അവസാന ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുക. സൈനിക, അര്‍ധസൈനിക വിഭാഗങ്ങളുള്‍പ്പെടെയുള്ള സുരക്ഷാവിഭാഗത്തിന്റെ വിന്യാസവും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പും കണക്കിലെടുത്താണു വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് ആസൂത്രണം ചെയ്യുന്നത്.

UP-lok-sabha-election-2014-results-info-graphic-map-MAL

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു തലേന്നു മാര്‍ച്ച് 9ന് നോയിഡയിലും ഗ്രേറ്റർ നോയിഡയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരിപാടികളുണ്ടായിരുന്നു. അതായത് യുപിയിൽ ബിജെപി വലിയ പ്രതീക്ഷകൾ വയ്ക്കുന്നു. പ്രതിപക്ഷ കക്ഷികളാകട്ടെ യോജിപ്പിന്റെ പാതയില്‍ എത്തിയിട്ടില്ല. വിശാലസഖ്യത്തിലെ പങ്കാളിത്തത്തെച്ചൊല്ലി കോണ്‍ഗ്രസും എസ്പിയും തമ്മിൽ തര്‍ക്കം തുടരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നേരത്തേയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു പ്രധാന പ്രതിപക്ഷ കക്ഷികളെന്നത് അവരുടെ ഒരുക്കങ്ങളില്‍നിന്നു വ്യക്തം.

മുലായം സിങ് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. മുലായത്തിനു പുറമെ കുടുംബാംഗങ്ങളായ ഡിംപിള്‍ യാദവ്, ധർമേന്ദ്ര യാദവ്, അക്ഷയ് യാദവ് തുടങ്ങിയവരും ആദ്യ പട്ടികയില്‍ ഇടം കണ്ടെത്തി. കോണ്‍ഗ്രസ് ആകട്ടെ 11 പേരടങ്ങുന്ന ആദ്യ പട്ടികയാണു പുറത്തിറക്കിയിട്ടുള്ളത്. പ്രതീക്ഷിച്ചതുപോലെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സല്‍മാന്‍ ഖുര്‍ഷിദ്, ആർ.പി.എന്‍ സിങ്, നിർമൽ ഖത്രി, സലീം ഷെര്‍വാനി, ഇമ്രാന്‍ മസൂദ് എന്നിവരും പട്ടികയിലുണ്ട്. 

UP-Legislative-Assembly-election-2017-results-info-graphic-map-MAL

സ്ഥാനാര്‍ഥികളുടെ പ്രഥമ പട്ടികയുടെ പ്രഖ്യാപനം തന്നെ കോണ്‍ഗ്രസും എസ്പിയും തമ്മിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടി. സോണിയയും രാഹുലും മത്സരിക്കുന്ന റായ്ബറേലിയും അമേഠിയും കോണ്‍ഗ്രസിനായി മാറ്റിവച്ചിട്ടുണ്ടെന്നും അതിനാല്‍ വിശാല സഖ്യത്തില്‍ കോണ്‍ഗ്രസ് ഭാഗമാണെന്നുമാണു സമാജ്‌വാദി പാര്‍ട്ടിയുടെ വാദം. എന്നാല്‍ എസ്പിക്കു രണ്ടോ മൂന്നോ സീറ്റുകള്‍ നീക്കിവച്ച് സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും മത്സരിക്കാന്‍ സന്നദ്ധമാണെന്നാണു കോണ്‍ഗ്രസിന്റെ പ്രതികരണം.

ബിജെപി എന്ന മുഖ്യശത്രുവിനെതിരെ ഒന്നിച്ചു പോരാടാനുള്ള ആഗ്രഹമുണ്ടെങ്കിലും സീറ്റ് വിഭജനത്തിലേക്കു കടക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര സുഗമമല്ലെന്നാണു പ്രതിപക്ഷ പാർട്ടികൾ നല്‍കുന്ന സൂചന. സ്ഥാനാര്‍ഥികളെ സംബന്ധിച്ച പ്രഖ്യാപനമൊന്നും ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ആദ്യ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന 8 നിയോജക മണ്ഡലങ്ങളിൽ ഏപ്രില്‍ 11നാണു വോട്ടെടുപ്പ്. മൂന്നാഴ്ചത്തെ ഹ്രസ്വകാലയളവു മാത്രമാണ് ഇവിടെ പ്രചാരണത്തിനു ലഭിക്കുക. മാര്‍ച്ച് 18ന് വിജ്ഞാപനം പുറത്തിറങ്ങും.

മാര്‍ച്ച് 28 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. കൈറാന, മുസാഫര്‍ നഗര്‍, ബിജ്‌നോര്‍, മീററ്റ്, ബാഗ്പത്ത്, ഘാസിയാബാദ്, ഗൗതംബുദ്ധ് നഗര്‍, സഹ്‌റാന്‍പുര്‍ എന്നീ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുക. 2014ല്‍ ബിജെപിയോടൊപ്പാണ് ഈ എട്ടു മണ്ഡലങ്ങളും നിലകൊണ്ടത്. എന്നാല്‍ കൈറാനയില്‍ 2018ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയം  എസ്പിക്കൊപ്പമായിരുന്നു.

English Summary: Will it be Mahagathbandhan or multiple gathbandhans of opposition parties in UP? Lok Sabha polls 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com