ADVERTISEMENT

ന്യൂഡൽഹി∙ എഐസിസി മുൻ വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. പുൽവാമ ആക്രമണത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടും ആകർഷിച്ചുവെന്നും ടോം വടക്കൻ വ്യക്തമാക്കി.

രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലാണ് ടോം വടക്കനെ ബിജെപിയിലേക്കു സ്വീകരിച്ചത്.

‘എന്റെ ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങള്‍ കോണ്‍ഗ്രസിനു വേണ്ടി സമര്‍പ്പിച്ചു. കുടുംബരാഷ്ട്രീയവും ഉപയോഗിച്ച ശേഷം വലിച്ചെറിയുകയെന്ന സംസ്‌കാരവുമാണ് പാര്‍ട്ടിയില്‍ ഉള്ളത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. സ്വാഭിമാനമുള്ള ആർക്കും പാര്‍ട്ടിയില്‍ സ്ഥാനമില്ല’- വടക്കന്‍ പറഞ്ഞു.

സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയപ്പോള്‍ മാധ്യമവിഭാഗം രൂപീകരിക്കാന്‍ മുന്നില്‍നിന്നതു ടോം വടക്കനായിരുന്നു. 20 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന വടക്കന്‍ ഇതുവരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായിട്ടില്ല.

വര്‍ഷങ്ങളോളം പാര്‍ട്ടിയുടെ മാധ്യമവിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചിരുന്ന വടക്കന്റെ സ്വാധീനം പടിപടിയായി കുറഞ്ഞു. തുടര്‍ന്ന് മീഡിയ വിഭാഗം രണ്‍ദീപ് സുര്‍ജെവാലയുടെയും പ്രിയങ്കാ ചതുര്‍വേദിയുടെയും കൈകളിലായി.

കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വാർത്താസമ്മേളനത്തിനുശേഷം രവിശങ്കർ പ്രസാദ് പറഞ്ഞു. അതേസമയം, ടോം വടക്കൻ കേരളത്തിൽ മൽസരിക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

തൃശൂർ സ്വദേശിയായ ടോം വടക്കൻ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് കോൺഗ്രസ് വക്താവായി പ്രവർത്തിച്ചുവരികയായിരുന്നു. പാർട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുന്നത് വടക്കനായിരുന്നു. മുൻ എഐസിസി ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com