ADVERTISEMENT

കൊച്ചി ∙ കേരള കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ പി.ജെ.ജോസഫിനെ ഇടുക്കിയില്‍ യുഡിഎഫ് പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ ആലോചന. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി സീറ്റ് ജോസഫിനു വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുമായി രാത്രി കോഴിക്കോട് നടക്കുന്ന കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ചര്‍ച്ചചെയ്യും.

പി.ജെ.ജോസഫിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നായിരുന്നു ജോസഫ് വിഭാഗം കോണ്‍ഗ്രസിനോട് പ്രധാനമായും ആവശ്യപ്പെട്ടത്. കോട്ടയത്തു പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ കെ.എം.മാണി തയാറല്ല. അതേസമയം കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരികെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പി.ജെ.ജോസഫിന്റെ ആവശ്യത്തെ തള്ളാന്‍ കോണ്‍ഗ്രസിനും കഴിയില്ല.

ഈ സാഹചര്യത്തിലാണ് ഇടുക്കി വിട്ടുകൊടുത്തു ജോസഫിനെ യുഡിഎഫിന്റെ പൊതുസ്വതന്ത്രനെന്ന നിലയില്‍ മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്നത്. അധികസീറ്റിന് ആവശ്യമുന്നയിച്ച ലീഗിന്റെ നിലപാട് കൂടി അറിഞ്ഞിട്ടേ അന്തിമ തീരുമാനമുണ്ടാകു. ജോസഫിന് ഇടുക്കി സീറ്റ് നല്‍കിയാല്‍ മാണിപക്ഷം എതിര്‍ക്കാനിടയില്ലെന്നാണു സൂചന. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നും ജോസഫിന് ഒരു സീറ്റ് നല്‍കിയാല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂവെന്നുമായിരുന്നു റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പ്രതികരണം.

നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി മൽസരിക്കുന്നില്ലെങ്കിൽ ഇടുക്കിയില്‍ ജയിക്കാന്‍ കോണ്‍ഗ്രസിനു നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. പി.ജെ.ജോസഫ് വന്നാല്‍ ജയസാധ്യത ഏറെയുണ്ടെന്നാണു കണക്കുകൂട്ടല്‍. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരുന്നതോടെ കോട്ടയത്തു തോമസ് ചാഴികാടന്റെ വിജയം സാധ്യമാകുമെന്നും കോണ്‍ഗ്രസ് കണക്കൂകൂട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT