ADVERTISEMENT

കോയമ്പത്തൂർ∙ ‘അവർ നാലു പേരുണ്ടായിരുന്നു. എന്റെ വസ്ത്രങ്ങൾ അവർ വലിച്ചു കീറി. അതിന്റെ ദൃശ്യങ്ങൾ പകർത്തി. ഞാൻ നിലവിളിച്ചപ്പോൾ അവർ നടുറോഡിൽ എന്നെ ഇറക്കിവിട്ടു. കഴുത്തിലെ സ്വർണമാലയും പൊട്ടിച്ചെടുത്തു...’– തമിഴ്നാട് രാഷ്ട്രീയത്തെ തന്നെ ഇളക്കി മറിച്ചിരിക്കുകയാണ് ഒരു പെൺകുട്ടിയുടെ ഈ വാക്കുകൾ. തനിക്കു സംഭവിച്ചതു തുറന്നു പറയാൻ അവൾ കാണിച്ച ധൈര്യം വിലങ്ങണിയിച്ചത് അഞ്ച് കൊടുംകുറ്റവാളികളെ. പ്രചാരണം ശരിയെങ്കിൽ ഇരുനൂറോളം പെൺകുട്ടികളെങ്കിലും ഇവരുടെ ഇരയായിട്ടുണ്ട്.

പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് ചിത്രങ്ങളും വിഡിയോകളും പകർത്തി ബ്ലാക്ക്മെയിൽ ചെയ്തു പണംതട്ടിയ കേസിൽ തിരുനാവക്കരശ്, ശബരീരാജൻ, സതീഷ്, വസന്തകുമാർ എന്നീ പ്രതികൾക്കു പിന്തുണയുമായി ‘ബാർ’ നാഗരാജ് എന്നറിയപ്പെടുന്ന അണ്ണാഡിഎംകെ പ്രവര്‍ത്തകനും ചേർന്നതോടെയാണ് പ്രശ്നം രാഷ്ട്രീയപരമായും വിവാദമായത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാൽത്തന്നെ വിഷയം ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ പ്രതികൾക്കെതിരെ ആദ്യം പരാതി നൽകിയ പെൺകുട്ടിയും വീട്ടുകാരും അഭ്യർഥിക്കുന്നു– ‘ഇതിനെ രാഷ്ട്രീയമായി കാണരുത്. ഒട്ടേറെ പെൺകുട്ടികളുടെ ജീവിതം ഇവർ തകർത്തിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ ലോകം അറിയണം’. 

എന്നാൽ ആദ്യം പരാതി നൽകിയ പത്തൊൻപതുകാരി ഒഴികെ ആരും ഇതുവരെ പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. കേസ് അന്വേഷിക്കുന്ന തമിഴ്നാട് സിബിസിഐഡി ഉദ്യോഗസ്ഥർ ഈ ഘട്ടത്തിലാണ് പീഡനത്തിനിരയായവർ മുന്നോട്ടു വരണമെന്ന് അഭ്യർഥിച്ചത്. എന്നാൽ കേസ് കൈകാര്യം ചെയ്ത രീതിയിലെ പാളിച്ചകളും പ്രതികളുടെ കൂട്ടാളികളുടെ ഭാഗത്തു നിന്നുള്ള ഭീഷണിയും കാരണമാകണം ആരും സഹകരിക്കുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പൊള്ളാച്ചിയിൽ നടന്ന പെൺകുട്ടികളുടെ ആത്മഹത്യകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനു പിന്നിലും ബ്ലാക്ക്മെയിൽ സംഘമാണോയെന്നാണു പരിശോധന.

പ്രതികളുടെ കയ്യിൽ നിന്നു ലഭിച്ച മൊബൈൽ ഫോണിലെ ദൃശ്യങ്ങളിൽ നിന്നു പെൺകുട്ടികളെ തിരിച്ചറിഞ്ഞ് അവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. സംഭവത്തിൽ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും കോളജ് വിദ്യാർഥികൾ ഉൾപ്പെടെ തെരുവിലിറങ്ങി പ്രതിഷേധം തുടരുകയാണ്. ഡൽഹിയിലെ നിർഭയ സംഭവവുമായി ഇതിനെ ബന്ധപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി, സംഭവത്തിന് ആവശ്യമായ പ്രാധാന്യം നല്‍കാതിരുന്നതിന് ദേശീയ മാധ്യമങ്ങളെയും കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. കേസിൽ വന്‍ മാഫിയയുടെ സാന്നിധ്യം തെളിഞ്ഞതിനാൽ സിബിഐക്കു കൈമാറണമെന്നു സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടു.

തുടക്കം വാട്സാപ്പിൽ

കേസിൽ അറസ്റ്റിലായ ശബരീരാജൻ വാട്സാപ് സന്ദേശങ്ങളിലൂടെയാണ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്. സ്കൂളിൽ പെൺകുട്ടിയുടെ സീനിയറായിരുന്നു ഇയാൾ. പെൺകുട്ടിയുടെ സഹോദരനും അടുത്തറിയാം. ഫെബ്രുവരി 12നായിരുന്നു കേസിന് ആസ്പദമായ സംഭവം. അത്യാവശ്യ കാര്യമുണ്ടെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ പെൺകുട്ടിയെ പൊള്ളാച്ചിയിലെ ഒരു ബസ് സ്റ്റോപ്പിലേക്കു വിളിച്ചത്. എല്ലാവർക്കും അറിയാവുന്ന സ്ഥലമായതിനാൽ പെൺകുട്ടി പറഞ്ഞ സ്ഥലത്തെത്തി. അവിടെ ശബരീരാജൻ കാത്തുനിൽപ്പുണ്ടായിരുന്നു. കാറിൽ പോകാമെന്നും യാത്രയ്ക്കിടെ സംസാരിക്കാമെന്നും പറഞ്ഞ് പെൺകുട്ടിയെ ഒപ്പം കൂട്ടി. പരിചയമുള്ള ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാണു പോയതെങ്കിലും വണ്ടി അവിടവും കടന്നു പോയപ്പോൾ പെൺകുട്ടിക്ക് സംശയമായി. എതിർത്തപ്പോൾ മർദിച്ചു. അതിനിടെ അതുവഴി പോയ രണ്ട് ബൈക്ക് യാത്രികർ ഇതു കണ്ടതോടെ പെൺകുട്ടിയെ റോഡിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നാണ് മൊഴി. 

Pollachi Sexual Assault
ശബരീരാജൻ(ഇടത് മുകളിൽ) തിരുനാവക്കരശ്(വലത്) വസന്തകുമാർ(ഇടത് താഴെ) സതീഷ്(താഴെ മധ്യത്തിൽ)

ദിവസങ്ങൾ കഴിഞ്ഞപ്പോൾ തിരുനാവക്കരശും വസന്തകുമാറും ശബരീരാജനും പെൺകുട്ടിക്ക് മെസേജുകൾ അയയ്ക്കാന്‍ തുടങ്ങി. ശബരീരാജനൊപ്പമുള്ള കാറിലെ ദൃശ്യങ്ങൾ ഇന്റര്‍നെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. സഹികെട്ടപ്പോൾ വിവരം സഹോദരനോടു പറയുകയായിരുന്നു. താൻ പീഡനത്തിനിരയായിട്ടില്ലെന്നും പെൺകുട്ടി പറഞ്ഞു. ഒരു തമിഴ് മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫെബ്രുവരി 16ന് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നു ശബരീരാജനെ പിടികൂടി മർദിച്ചതോടെയാണു തമിഴ്നാടിനെ നടുക്കിയ പെൺവാണിഭ സംഘത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ശബരീരാജന്റെ സുഹൃത്തുക്കളായ വസന്തകുമാറിനെയും സതീഷിനെയും ഫെബ്രുവരി 17ന് സഹോദരനും സംഘവും മർദിച്ചു. അന്നുതന്നെ വൈകിട്ട് തിരുനാവക്കരശും സംഘത്തിന്റെ കയ്യിലെത്തി. ഇവരുടെ മൊബൈലുകൾ പരിശോധിച്ചപ്പോഴാണു ഒട്ടേറെ പെൺകുട്ടികളെ സമാനമായ രീതിയിൽ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. 

നൂറോളം വിഡിയോകൾ ഫോണിലുണ്ടായിരുന്നുവെന്നാണ് പെൺകുട്ടിയുടെ സഹോദരൻ പറയുന്നത്. എല്ലാ വിഡിയോയിലും സതിഷ് ഉണ്ടായിരുന്നു. 10-12 പെൺകുട്ടികളാണ് എല്ലാ വിഡിയോയിലുമായി ഉണ്ടായിരുന്നത്. ഏതാനും വർഷങ്ങളായി സംഘം ഈ ‘ബ്ലാക്ക്മെയിൽ പീഡനം’ തുടരുകയായിരുന്നെന്നും തെളിഞ്ഞു. ഇതോടെയാണ് തങ്ങളുടെ കയ്യിലകപ്പെട്ടത് പെൺവാണിഭ സംഘത്തിലെ വൻ കണ്ണികളാണെന്നു വ്യക്തമായത്. സ്കൂൾ വിദ്യാര്‍ഥികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ കൂട്ടത്തിലുണ്ടായിരുന്നെന്നും മൊബൈൽ പൊലീസിനു കൈമാറിയവർ പറയുന്നു. ഇവർ ഫോൺ സഹിതം പൊള്ളാച്ചി പൊലീസിൽ പരാതി നൽകി. എന്നാൽ എസ്പിയും ഡിഎസ്പിയും തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശീലനത്തിനു പോയെന്നായിരുന്നു മറുപടി. അതിനിടെ തിരുനാവക്കരശ് ബാർ നാഗരാജിനെയും സംഘത്തെയും കൂട്ടി വന്ന് പെൺകുട്ടിയുടെ സഹോദരനെ മർദിക്കുകയായിരുന്നു. ശബരീരാജനോ തിരുനാവക്കരശിനോ എന്തെങ്കിലും സംഭവിച്ചാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഈ സംഭവത്തിൽ നാഗരാജിനൊപ്പം വസന്തകുമാർ, സെന്തിൽ, ബാബു, മണി എന്നിവർ അറസ്റ്റിലായി. 

തലവൻ ‘റിസ്വന്ത്’

കേസിൽ ഉൾപ്പെട്ട രണ്ടു പേരെ ഫെബ്രുവരി 24ന് അറസ്റ്റ് ചെയ്തു. തിരുനാവക്കരശിനെ മാർച്ച് അഞ്ചിനും. എന്നാൽ പത്തു ദിവസത്തോളം മുങ്ങി നടന്ന തിരുനാവക്കരശ് വിഡിയോകളും മറ്റു തെളിവുകളെല്ലാം നശിപ്പിച്ചെന്നും ആരോപണമുണ്ട്. കേസ് വിവാദമായതോടെ പൊള്ളാച്ചി പൊലീസിൽ നിന്ന് സിബിസിഐഡിക്ക് കൈമാറി ഉത്തരവായി. അഞ്ചു പേർക്കുമെതിരെ മാർച്ച് 12ന് ഗുണ്ടാ ആക്ടും ചുമത്തി. അതിനു മുൻപു തന്നെ മാർച്ച് 11ന് നാഗരാജിനെ അണ്ണാഡിഎംകെ പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. പരാതി നൽകിയ പെണ്‍കുട്ടി തമിഴ് മാധ്യമത്തോടു പറഞ്ഞതിൽ നിന്നു വ്യത്യസ്തമായാണ് കുറ്റപത്രം. പെൺകുട്ടി നാലു പേർക്കൊപ്പം കാറിൽ കയറിയെന്നും തിരുനാവക്കരശായിരുന്നു ഡ്രൈവറെന്നുമാണ് അതിൽ പറഞ്ഞത്. ഇതിനിടെ പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി ദൃശ്യങ്ങൾ പകർത്തി. സ്വർണമാല പൊട്ടിച്ചെടുത്ത് പൊള്ളാച്ചിയിലെ ഒരു സ്വകാര്യ മില്ലിനു സമീപം റോഡിൽ ഉപേക്ഷിച്ചെന്നും പറയുന്നു. എന്നാൽ പൊലീസ് ഇക്കാര്യം എഴുതിച്ചേർത്തതാണെന്നാണു പെൺകുട്ടി പറയുന്നത്. തന്നെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് മാധ്യമങ്ങള്‍ക്ക് കൈമാറിയതിനെത്തുടർന്ന് ജീവനു ഭീഷണിയുണ്ടെന്നും പെൺകുട്ടി പറയുന്നു. 

Pollachi Sexual Assault thirunavakkarasu
തിരുനാവക്കരശിനെ പരാതിക്കാരിയുടെ സഹോദരനും സംഘവും മർദിച്ചപ്പോൾ(വിഡിയോ)

ബ്ലാക്ക്മെയിൽ സംഘത്തിൽ പ്രധാനമായും നാലു പേരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവരുടെ ശൃംഖല വളരെ വലുതായിരുന്നു. കോയമ്പത്തൂർ, സേലം, പൊള്ളാച്ചി മേഖലയിലുള്ള സ്കൂൾ–കോളജ് വിദ്യാർഥികളും യുവ ഡോക്ടർമാരും ഉൾപ്പെടെ ഇവരുടെ പീഡനത്തിനിരയായെന്നാണ് റിപ്പോർട്ടുകൾ. പൊള്ളാച്ചി സ്വദേശിയായ ശബരീരാജൻ സിവിൽ എൻജിനീയറാണ്. റിസ്വന്ത് എന്നും പേരുണ്ട്. ഇരുപത്തിയഞ്ചുകാരനായ ഇയാളാണ് പെൺകുട്ടികളെ ആളൊഴിഞ്ഞ വീടുകളിലേക്കോ ഹോട്ടൽ മുറിയിലേക്കോ വശീകരിച്ച് എത്തിക്കുന്നത്. ഇതിനിടെ ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കും. ചിലരോടു പ്രണയം നടിച്ചും ശബരീരാജ് തട്ടിപ്പു നടത്തിയിരുന്നു. പീഡനദൃശ്യങ്ങള്‍ ഒളിക്യാമറകളിലൂടെ പകർത്താനുള്ള സംവിധാനം നേരത്തേ തയാറാക്കി വച്ചിട്ടുണ്ടാകും. ഇതിന് ഹോട്ടൽ ഉടമകൾ ഉൾപ്പെടെ ഒത്താശ നൽകിയിരുന്നതായും സൂചനയുണ്ട്. 

പീഡനത്തിനിടെ കൂട്ടത്തിലൊരാൾ രക്ഷകനായി വരും. അതിനിടെ കടന്നുവരുന്ന മറ്റുള്ളവർ ചിത്രീകരണം തുടരുകയും ചെയ്യും. അതിനിടെ തമിഴ്മാധ്യമങ്ങൾ ചില വിഡിയോകൾ പുറത്തുവിട്ടിരുന്നു. എല്ലാത്തിലും പ്രതികളുടെ മുഖം വ്യക്തമാണ്. പെൺകുട്ടികളെ പിന്നീട് ബ്ലാക്ക്മെയിൽ ചെയ്യാവുന്ന വിധത്തിലുള്ള സംസാരവും ശബരീരാജന്‍ നടത്തുന്നത് പതിവായിരുന്നു. പ്രണയത്തിലെ ചതി മനസ്സിലാകുമ്പോഴേക്കും പലരും സംഘത്തിന്റെ മുതലെടുപ്പിന് കീഴടങ്ങേണ്ട അവസ്ഥയിലായിരുന്നു. പീഡനത്തിനിടെ കൂട്ടാളികൾക്കായി ശബരീരാജന്‍ മുറി തുറന്നുകൊടുക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. മിക്ക വിഡിയോകളിലും പ്രതികളുടെ പേരും വിളിക്കുന്നത് വ്യക്തം. ‘അണ്ണാ...’ എന്നു വിളിച്ച് നഗ്നയായി സഹായത്തിനു കരയുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. പീഡിപ്പിക്കരുതെന്നും വെറുതെവിടണമെന്നും വിഡിയോകളിൽ പെൺകുട്ടി അപേക്ഷിക്കുന്നുണ്ട്. അതിനിടെ ചുറ്റിലും നിന്ന് ചിരിക്കുന്ന പ്രതികളുടെ ദൃശ്യങ്ങളും. ഈ വിഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. പെൺകുട്ടികളെ മർദിക്കുന്ന വിഡിയോ ഉൾപ്പെടെ പുറത്തുവന്നതോടെയാണ് ജനരോഷം ശക്തമായത്. 

50 മുതൽ 200 പെൺകുട്ടികൾ വരെ ഇവരുടെ ഇരകളായിട്ടുണ്ടെന്നാണു സംശയം. എന്നാൽ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. പ്രതികളിൽ ഒരാൾ തന്നെ പുറത്തുവിട്ട വിഡിയോയിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. പല ദൃശ്യങ്ങളും പ്രതികള്‍ മായ്ച്ചു കളഞ്ഞു. ഇവ വീണ്ടെടുക്കാൻ ഫൊറൻസിക് വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ്. പലിശയ്ക്ക് പണം കൊടുക്കൽ ഉൾപ്പെടെ ഒട്ടേറെ സാമ്പത്തിക ഇടപാടുകളുണ്ട് തിരുനാവക്കരശിന്. ഇരുപത്തിയാറുകാരനായ ഇയാൾക്ക് രാഷ്ട്രീയ സ്വാധീനം ഏറെയാണെന്നും പ്രദേശവാസികൾ പറയുന്നു. ഇയാൾക്കു വേണ്ടി പണം പിരിക്കുന്നയാളാണ് വസന്തകുമാർ. ഇയാൾക്കു പൊള്ളാച്ചിയിലൊരു തുണിക്കടയുമുണ്ട്. 

വിവാദങ്ങളിൽ പൊലീസ്

പരാതിക്കാരിയായ പെൺകുട്ടിയുടെ പേര് പൊള്ളാച്ചി പൊലീസ് സൂപ്രണ്ട് പാണ്ടിരാമൻ വാർത്താസമ്മേളനത്തിനിടെ പറഞ്ഞതും വിവാദമായി. ഇതാണു മറ്റു പെൺകുട്ടികൾ പരാതിയുമായി വരാതിരിക്കുന്നതിനു പ്രധാന കാരണമെന്നും ഡിഎംകെ എംപി കനിമൊഴി പറയുന്നു. പൊലീസിൽ നിന്നു വിഡിയോകൾ ചോർന്നതും വിവാദമായിട്ടുണ്ട്. നിലവിൽ പ്രതികളുടെ മൊബൈലുകളിൽനിന്നു നാലു വിഡിയോകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. ആ നാലു പെൺകുട്ടികൾ മാത്രമാണു പീഡനത്തിനിരയായതെന്നും പൊലീസ് പറയുന്നു. ഇവരിൽ രണ്ടു പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് ഇതുവരെ തയാറായിട്ടില്ല. മാത്രവുമല്ല മാധ്യമങ്ങൾ പുറത്തുവിടുന്ന വിഡിയോ തെളിവുകൾ പോലും പൊലീസ് കാണുന്നില്ലേയെന്നും ചോദ്യമുയരുന്നു.

Bar Nagaraj's Tasmac
നാഗരാജിന്റെ ടാസ്മാക് ബാർ അടിച്ചു തകർക്കുന്നു (വിഡിയോ)

പരാതി നൽകിയവർ വിഡിയോകളുടെ പകർപ്പ് സൂക്ഷിച്ചിട്ടുണ്ട്. അതില്‍ പറയുന്നതിൽ നിന്നു തികച്ചും വ്യത്യസ്തമാണ് പൊലീസിന്റെ നിലപാട്. വൻ മാഫിയ എന്നതിൽ നിന്നു മാറി ഏതാനും പേരിലേക്ക് കേസ് ചുരുക്കാനാണ് പൊലീസ് ശ്രമമെന്നും പരാതിയുണ്ട്. അതിനിടെയാണ് തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ പൊള്ളാച്ചി ജയരാമന്റെ രണ്ട് മക്കൾക്കും പീഡനസംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നത്. ‘നക്കീരൻ’ മാസികയാണ് ഇതു സംബന്ധിച്ച വാർത്തു പുറത്തുവിട്ടത്. കേസിലെ വിഡിയോകളിൽ ചിലതും മാസിക പുറത്തുവിട്ടു. എന്നാൽ ജയരാമനും പരാതി നൽകിയ പെൺകുട്ടിയും ആരോപണം നിഷേധിച്ചു. തുടക്കം മുതൽ കേസിൽ സഹായിച്ചത് ജയരാമനാണെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. 

ഡിഎംകെയുടെ നേതൃത്വത്തിൽ പൊള്ളാച്ചിയിൽ നടത്തിയ റാലിയിൽ അധ്യക്ഷൻ എം.കെ.സ്റ്റാലിനും അണ്ണാഡിഎംകെക്കെതിരെ ആഞ്ഞടിച്ചിരുന്നു. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സംഭവമായിട്ടും പൊള്ളാച്ചി പീഡനക്കേസിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതികരിക്കുന്നില്ലെന്നു സ്റ്റാലിൻ കുറ്റപ്പെടുത്തി. 

പ്രശ്നം രാഷ്ടീയപരമായി നേരിടുകയല്ലെന്നും രാഷ്ട്രീയക്കാർ ഇടപെട്ടാൽ മാത്രമേ കേസ് മുന്നോട്ടു പോകുകയുള്ളൂവെന്ന അവസ്ഥയാണു തമിഴ്നാട്ടിലെന്നും കനിമൊഴി വിമർശിക്കുന്നു. അണ്ണാഡിഎംകെ സർക്കാരിനു കീഴിൽ പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന പ്രചാരണവും ഡിഎംകെ മുന്നോട്ടുവച്ചിട്ടുണ്ട്. 

#PollachiSexualAbuse #ArrestPollachiRapist എന്നീ ഹാഷ്ടാഗുകളിൽ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. അതിനിടെയാണ് ഗ്രാമീണ മേഖലയിലെ കുറ്റകൃത്യങ്ങളെ ദേശീയമാധ്യമങ്ങൾ പരിഗണിക്കുന്നില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമർശവും. സിബിസിഐഡി ഐജി ശ്രീധർ, എസ്പി നിഷ പാർഥിപൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സിബിഐ ഏറ്റെടുക്കുന്നതു വരെ കേസ് അന്വേഷിക്കുന്നത്. പ്രതികൾക്കെതിരെ ആവശ്യത്തിനു തെളിവുണ്ടെന്നും അതിനാലാണ് കസ്റ്റഡിയിലെടുക്കാത്തതെന്നും പൊലീസ് പറയുന്നു. പ്രതികൾക്കെതിരെ പീഡന ശ്രമം, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി 5 വകുപ്പുകൾ ചേർത്താണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com