sections
MORE

വടക്കന്റെ നടക്കാതെ പോയ സ്വപ്നം; പൂരനഗരിയിൽ ബിജെപി തുണയ്ക്കുമോ?

tom-vadakkan-joins-bjp
ടോം വടക്കൻ
SHARE

കോട്ടയം ∙ 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് തൃശൂരിലെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളിലൊന്നായിരുന്നു ടോം വടക്കന്റേത്. പത്തു വര്‍ഷത്തിനിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ് വൃത്തങ്ങളെ അങ്കലാപ്പിലാക്കിയിരിക്കുന്നു ടോം വടക്കന്‍. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പു വടക്കന്‍ ബിജെപിയിലേക്കു ചേക്കേറിയതു തൃശൂര്‍ സീറ്റ് ലക്ഷ്യമിട്ടാണെന്നാണ് അഭ്യൂഹം.

തുഷാര്‍ വെള്ളാപ്പള്ളിക്കു വേണ്ടി നീക്കിവച്ചിരിക്കുന്ന സീറ്റില്‍ കെ.സുരേന്ദ്രനും നോട്ടമുണ്ട്. ഈ സാഹചര്യത്തില്‍ ടോം വടക്കനെ ചാലക്കുടിയില്‍ മല്‍സരിപ്പിക്കാനും കേന്ദ്രനേതൃത്വം ആലോചിക്കുന്നുണ്ടെന്നാണു സൂചന. 2009-ലെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ ആദ്യ പേരുകാരനായിരുന്നു ദേശീയ സെക്രട്ടറിയായിരുന്ന ടോം വടക്കന്‍. എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നു സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടു.

തിരഞ്ഞെടുപ്പിനു മുമ്പ് ജില്ലാ കോണ്‍ഗ്രസിലെ പ്രധാന വിഷയം വടക്കനായിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറി എന്ന നിലയിലും കാര്യങ്ങള്‍ ദേശീയതലത്തില്‍ കാണാന്‍ കെല്‍പ്പുള്ള ആളെന്ന നിലയിലും വടക്കന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സ്വീകാര്യനാകേണ്ടതായിരുന്നു. സാമുദായിക ഫോര്‍മുലകളും അനുകൂലമായിരുന്നു. പക്ഷേ, അന്നു രംഗപ്രവേശം മുതലേ പിഴച്ചുപോയി.

ദേശീയ സെക്രട്ടറി എന്ന നിലയില്‍ വടക്കന്‍ തൃശൂരിലെത്തിയപ്പോള്‍ ഡിസിസിയെ കാര്യമായി പരിഗണിച്ചില്ല. അതോടെ ഡിസിസി പിണങ്ങി. ദേശീയതലത്തില്‍ സ്വാധീനം ചെലുത്തി തനിക്കു കാര്യങ്ങള്‍ ചെയ്യാനാകുമെന്നു വ്യക്തമാക്കാനായിരുന്നു വടക്കന്‍ തീരുമാനിച്ചത്. യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ഡോ. നിജി ജസ്റ്റിന്‍, കിരണ്‍ സി.ലാസര്‍ എന്നിവരെ സംസ്ഥാന ഭാരവാഹികളാക്കിയതു വടക്കന്റെ ക്വാട്ടയിലൂടെയാണ്. സംസ്ഥാന നേതൃത്വംപോലും ഈ നിയമനം അറിഞ്ഞതു മാധ്യമങ്ങളിലൂടെ.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളാക്കാന്‍വേണ്ടി ഡിസിസി നല്‍കിയ പട്ടികയില്‍നിന്നുള്ളവരെ തഴയുകകൂടി ചെയ്തതോടെ കാര്യങ്ങള്‍ക്കു ചൂടുപിടിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടക്കനെ സ്ഥാനാര്‍ഥിയാക്കില്ലെന്നു ഡിസിസി നേതൃത്വം ഉറപ്പിച്ചത് ഇതിനുശേഷമാണ്. വയലാര്‍ രവിയെ അനുകൂലിക്കുന്നവര്‍ മാത്രമാണു വടക്കനെ തുണച്ചത്. പക്ഷേ, പൂര്‍ണമായും രവിയുടെ ഗ്രൂപ്പുകാരനായി അറിയപ്പെടാന്‍ വടക്കന്‍ ആഗ്രഹിക്കാത്തതിനാല്‍ നിര്‍ണായക ഘട്ടത്തില്‍ ആ ഗ്രൂപ്പും രക്ഷയായില്ല.

പാര്‍ട്ടിക്കു പുറത്തുള്ള പലരുടെയും യോഗങ്ങള്‍ വടക്കന്‍ വിളിച്ചുകൂട്ടിയതും നേതൃത്വത്തെ ചൊടിപ്പിച്ചു. തൃശൂരിന്റെ വികസനംപോലുള്ള അജന്‍ഡകളാണ് ചര്‍ച്ച ചെയ്തിരുന്നതെങ്കിലും ലക്ഷ്യം ലോക്സഭാ സീറ്റാണെന്നു വ്യക്തമായിരുന്നു. സമാന്തരമായി സാമുദായിക ശക്തിയുടെ നീക്കത്തിനും തുടക്കമിട്ടു. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്നു സഭ അന്ത്യശാസനം നല്‍കിയെന്നുവരെ വാര്‍ത്തകള്‍ പുറത്തുവിടാന്‍ അനുകൂലിക്കുന്നവര്‍ക്കു കഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം സഭയിലെ ഉന്നതരുമായി ബന്ധപ്പെട്ടു തങ്ങളുടെ നിലപാടു വ്യക്തമാക്കി.

ഡിസിസി പ്രസിഡന്റ് സി.എന്‍.ബാലകൃഷ്ണനുമായി പരസ്യമായി വാക്കുതര്‍ക്കം നടത്തിയതും വടക്കന്റെ സ്ഥാനാർഥിമോഹത്തിനു തിരിച്ചടിയായി. സംസ്ഥാന നേതൃത്വം ഇതോടെ പൂര്‍ണമായും ബാലകൃഷ്ണനോടൊപ്പം നിന്നു. അതോടെ എല്ലാം ഉപേക്ഷിച്ച് പിന്‍മാറുകയായിരുന്നു വടക്കന്‍. പാര്‍ട്ടി ജില്ലാ നേതൃത്വത്തെ മറികടക്കാനുള്ള നീക്കമാണു വടക്കനെ കളത്തിനു പുറത്താക്കിയത്. 2009 ഫെബ്രുവരിയില്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിച്ച കേരള രക്ഷാ മാര്‍ച്ചിനെ ഒറ്റയ്‌ക്കെത്തി ജില്ലയിലേക്കു വരവേറ്റ ടോം വടക്കന്റെ നടപടിയും വിവാദമായി.

ജില്ലാതിര്‍ത്തിയായ പഴയന്നൂരിലെ പ്ലാഴിയില്‍ നല്‍കിയ സ്വീകരണത്തിലാണു തയാറെടുപ്പുകളെ അട്ടിമറിച്ച് ടോം വടക്കന്‍ ജാഥാ ക്യാപ്റ്റന് മാല ചാര്‍ത്തിയത്. പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയെത്തുന്ന ചെന്നിത്തലയെ ഡിസിസി പ്രസിഡന്റ് ബാലകൃഷ്ണന്‍ മാല ചാര്‍ത്തി സ്വീകരിക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍, ചെന്നിത്തല അടുത്തേക്കു വരുന്നതു കാത്തുനിന്ന ബാലകൃഷ്ണനെ മറികടന്നു ടോം വടക്കന്‍ മാല ചാര്‍ത്തി. കാലമേറെ പിന്നിട്ട ഈ വേളയിൽ സ്വന്തം നാട്ടിൽ സ്ഥാനാർഥിയായി ടോം വടക്കൻ എത്തുമോയെന്നാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

English Summary: Tom Vadakkan was with the Congress for 20 years, never been part of electoral politics, joins BJP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA