ADVERTISEMENT

കോഴിക്കോട്∙ വയനാട് വൈത്തിരിയിലെ പൊലീസ് വെടിവയ്പിൽ മാവോയിസ്റ്റ് സി.പി. ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ മാവോയിസ്റ്റുകളുടെ പശ്ചിമഘട്ട പ്രത്യേക മേഖലാ സമിതിയും അനുബന്ധ പോഷകസംഘടനകളും തമ്മിലുള്ള തർക്കം രൂക്ഷമായി. തമിഴ്നാട് സ്വദേശികളായ മാവോയിസ്റ്റ് ഗറില്ല സേനാംഗങ്ങൾ ജലീലിനെ ഒറ്റിക്കൊടുത്തുവെന്നാണ് അർബൻ സമിതിയിലും പശ്ചിമഘട്ട സമിതിയിലും മലയാളികൾ ആരോപിച്ചത്. എന്നാൽ, ആരോപണത്തിനെതിരെ ഇതരസംസ്ഥാനക്കാരായ മാവോയിസ്റ്റുകൾ രംഗത്തിറങ്ങിയതോടെ ഘടകങ്ങളിൽ തർക്കം രൂക്ഷമായതായാണു റിപ്പോർട്ടുകൾ.

2016 നവംബറിൽ കരുളായി വനത്തിൽ മാവോയിസ്റ്റുകളായ കുപ്പു ദേവരാജ്, അജിത എന്നിവർ കൊല്ലപ്പെടാനുള്ള കാരണം മലയാളി മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങളാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര കമ്മിറ്റിക്കു സോണൽ കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു. അതിനെത്തുടർന്നു വയനാട് സ്വദേശി സോമനെ ശാസിക്കുകയും ചെയ്തിരുന്നു. അന്നു കുപ്പുവിനും അജിതയ്ക്കുമൊപ്പം സോമനും സി.പി. ജലീലും ഉണ്ടായിരുന്നതായി പൊലീസ് സൂചനകൾ നൽകിയിരുന്നു. നിലമ്പൂർ കാടുകളെക്കുറിച്ചു ധാരണയുള്ള ജലീലും സോമനും ഉണ്ടായിരുന്നിട്ടും കുപ്പു ദേവരാജിനെയും അജിതയെയും സംരക്ഷിക്കാൻ കഴിയാതിരുന്നതു പാർട്ടിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ദളം കമ്മിറ്റികളിൽ ഭൂരിപക്ഷമുള്ള തമിഴ്നാട് സ്വദേശികൾ അന്നുമുതലേ മലയാളികളെ സംശയത്തോടെയാണു നോക്കിക്കണ്ടിരുന്നത്. നിലമ്പൂരിൽ കുപ്പുവിനോടും അജിതയോടും ചെയ്തതിനു മറുപടിയെന്നോണം വൈത്തിരിയിൽവച്ചു ജലീലിനെ തമിഴ് മാവോയിസ്റ്റുകൾ ഒറ്റിക്കൊടുത്തെന്നാണു മാവോയിസ്റ്റുകളുടെ കബനി, നാടുകാണി ദളങ്ങളിൽ അംഗങ്ങളായ മലയാളികൾ ആരോപിക്കുന്നത്.

കഴിഞ്ഞ മാസം തെലങ്കാനയിൽ കീഴടങ്ങിയ കേന്ദ്ര കമ്മിറ്റിയംഗം സുധാകർ പ്രാദേശിക കമ്മിറ്റികളിലെ ഇത്തരം ഭിന്നതകളെപ്പറ്റി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. അതിനെത്തുടർന്നാണു ബാക്കി വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com