ADVERTISEMENT

ലക്നൗ∙ സഖ്യങ്ങൾ സൂക്ഷിക്കുന്നതെങ്ങനെയെന്ന് ബിജെപിയിൽനിന്നു പഠിക്കണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഭരണത്തിൽ എത്തേണ്ടത് എങ്ങനെയാണെന്നും സഖ്യകക്ഷികളെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്നും അവർക്ക് അറിയാം. ചെറിയ സീറ്റു ധാരണയുടെ അടിസ്ഥാനത്തിൽ ആണെങ്കിലും ബിജെപി സഖ്യകക്ഷികളെ അംഗീകരിക്കുന്നുണ്ട്. എത്ര സമ്മർദമുണ്ടായാലും അവർ സഖ്യം വിട്ടുകളിക്കാറില്ലെന്നും അഖിലേഷ് ദേശീയ മാധ്യമത്തോടു പറഞ്ഞു.

കോൺഗ്രസ് വലിയൊരു രാഷ്ട്രീയ പാർട്ടിയാണ്. മറ്റു പാർട്ടികളെ സഹായിക്കുന്നതിനാണ് അവർ ശ്രമിക്കേണ്ടത്. ബംഗാളിൽ മമത ബാനർജിയേയും ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിനെയും സഹായിക്കണം. അവർ മൽസരിക്കുമ്പോൾ പിന്തുണയ്ക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടതെന്നും അഖിലേഷ് പറയുന്നു. സഖ്യത്തിന്റെ കാര്യത്തിൽ ബിഹാറിനെ നമുക്ക് മാതൃകയാക്കാം. എത്ര സീറ്റുകളിലാണ് ബിജെപി ജയിച്ചതെന്നും നോക്കൂവെന്നും അദ്ദേഹം പറയുന്നു.

ബിജെപിയും വലിയ പാർട്ടി തന്നെയാണ്. ഏതു നേതാവിനെ എപ്പോൾ മുൻപന്തിയിലേക്ക് കൊണ്ടുവരണമെന്ന് അവർക്കറിയാം. എവിടെയെങ്കിലും ജാതി സമവാക്യങ്ങൾ നിർണായകമാണെങ്കിൽ ആ നേതാക്കളെ അവിടെ മൽസരിപ്പിക്കും. അവരുടെ കുറ്റങ്ങളും കുറവുകളും എന്താണെന്നുപോലും നോക്കാറില്ലെന്നും അഖിലേഷ് പറയുന്നു.

ഉത്തർപ്രദേശിൽ കോൺഗ്രസിനെ സഖ്യത്തിൽ ചേർക്കാതെ മായാവതി–അഖിലേഷ്–അജിത് സിങ് സഖ്യമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പുതിയ സഖ്യം രൂപപ്പെട്ടതോടെ തന്റെ സഹോദരി പ്രിയങ്കയെ രാഹുല്‍ ഉത്തർപ്രദേശിലേക്ക് നിയോഗിക്കുകയും ചെയ്തു.

English Summary: Should Learn From BJP How To Manage Alliances: Akhilesh Yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com