sections
MORE

‘രാഷ്ട്രീയ സർക്കസി’ൽ ഭരണം തലമാറിയ അരുണാചൽ; 2019 ൽ ആരുടെ ഉദയം?

narendra-modi-pema-khandu-1
നരേന്ദ്ര മോദിയും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും (ഫയൽ ചിത്രം)
SHARE

കേരളത്തിലെ പ്രധാന ജില്ലകളിൽ ഒന്നിന്റെയും മൊത്തം ജനസംഖ്യ പോലുമില്ല അരുണാചൽ പ്രദേശിന്. ആ സംസ്ഥാനത്താണ് രാജ്യത്ത് ഏറ്റവുമധികം ഭാഷകൾ ഉള്ളത് – 15 എണ്ണം. ‘സൂര്യോദയത്തിന്റെ നാട്’ എന്നർഥം വരുന്ന അരുണാചൽ പ്രദേശിൽ ഏപ്രിൽ 11ന് വിധിയെഴുതാനെത്തുന്ന എട്ടുലക്ഷത്തിനടുത്ത് വോട്ടർമാരുടെ മനസ്സിൽ എന്തായിരിക്കും? കഴിഞ്ഞവട്ടം വൻ ഭൂരിപക്ഷം നേടിക്കൊടുത്തതുപോലെ ഇത്തവണയും അവർ കോൺഗ്രസിനൊപ്പം നിൽക്കുമോ? സംസ്ഥാനത്തെ കോൺഗ്രസ് മുക്തമാക്കുന്നതിനുള്ള തീവ്രയത്നത്തിൽ അധികാരംപിടിച്ചെടുക്കുകതന്നെ ചെയ്ത ബിജെപിക്ക് ജനമനസ്സുകൂടി കീഴടക്കാൻ കഴിഞ്ഞിട്ടുണ്ടോ?

‘ജനാധിപത്യം കശാപ്പുചെയ്യപ്പെടുമ്പോൾ നോക്കി നിൽക്കാനാവില്ല’

രാജ്യത്തിന്റെ തന്നെ ചരിത്രത്തിൽ മുൻ‍പെങ്ങും കണ്ടിട്ടില്ലാത്തവിധം രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയ അരുണാചൽപ്രദേശ് സർക്കാരിലെ പ്രതിസന്ധി പരിഗണനയ്ക്കെത്തിയപ്പോൾ സുപ്രീംകോടതിയുടെ വാക്കുകളാണിത്. സമീപകാലത്തു സുപ്രീംകോടതി നടത്തിയ ഏറ്റവും രൂക്ഷമായ പരാമർശങ്ങളിലൊന്ന്. അക്ഷരാർഥത്തിൽ ജനാധിപത്യം കശാപ്പുചെയ്യപ്പെടുകയായിരുന്നു അരുണാചൽ പ്രദേശിൽ. അഞ്ചു വർഷം നീണ്ട ‘രാഷ്ട്രീയ സർക്കസിന്’(അരുണാചൽ പ്രതിസന്ധിയെ സുപ്രീം കോടതി അങ്ങനെയും വിശേഷിപ്പിച്ചു) സാക്ഷ്യംവഹിച്ച ശേഷം സംസ്ഥാനം വീണ്ടുമൊരു തിരഞ്ഞെടുപ്പിനു തയാറെടുക്കുകയാണ്; ലോക്സഭയിലേക്കും നിയമസഭയിലേക്കും.

∙ നാണംകെടുത്തിയ രാഷ്ട്രീയപ്പോര്

അറുപതംഗ നിയമസഭയിലേക്കു 42 പേരുടെ ഭൂരിപക്ഷവുമായാണു 2014 ൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിക്കു കിട്ടിയത് 11 സീറ്റ്. പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിന്റെ അഞ്ചു പേരും രണ്ടു സ്വതന്ത്രരുമായിരുന്നു സർക്കാർ രൂപീകരണ സമയത്തെ കക്ഷിനില. 2011 മുതൽ മുഖ്യമന്ത്രി സ്ഥാനത്തുള്ള നബാം തുക്കി തന്നെ ആ സ്ഥാനത്തു തുടർന്നു. ഡിസംബറിൽ, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി കലിഖോ പുലിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതോടെയാണ് എതിർപ്പിന്റെ തീപ്പൊരികൾ ചിതറിത്തുടങ്ങിയത്.

2015 ഏപ്രിലിൽ പുലിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതോടെ ഉൾപ്പാർട്ടി കലഹം പൊട്ടിത്തെറിയിലെത്തി. കലിഖോ പുലിനൊപ്പം നിന്ന 21 കോണ്‍ഗ്രസ് എംഎൽഎമാർ വിമത ശബ്ദമുയർത്തി. നാടകീയ സംഭവങ്ങൾക്കു പിന്നാലെ ഇവർ പാർട്ടി വിട്ടു. വിമതരിൽ 14 പേരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നോട്ടിസ് നൽകി. നോട്ടിസ് റദ്ദാക്കിയ സ്പീക്കർ നിയമസഭാ മന്ദിരം പൂട്ടാൻ ഉത്തരവിട്ടു.

അവസരം കണ്ടുണർന്ന ബിജെപി, സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽ വിമതർക്കൊപ്പം ചേർന്നു. കോൺഗ്രസ് വിമതരും 11 ബിജെപി അംഗങ്ങളും നിയമസഭാ മന്ദിരത്തിനു സമീപത്തെ ഹോട്ടൽ മുറിയിൽ സഭ ചേർന്നു പുതിയ നേതാവിനെ തിരഞ്ഞെടുത്തു. സർക്കാരിനു ഭൂരിപക്ഷമില്ലെന്നു പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ 2016 ജനുവരിയിൽ സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.

ഇതിനെതിരെ നബാം തുക്കി സുപ്രീം കോടതിയെ സമീപിച്ചപ്പോഴായിരുന്നു ജനാധിപത്യം കശാപ്പുചെയ്യപ്പെടുമ്പോൾ നോക്കിനിൽക്കാനാവില്ല എന്ന സുപ്രീം കോടതിയുടെ കടുത്ത പരാമർശം. പിന്നാലെ കേന്ദ്ര സർക്കാര്‍ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കോൺഗ്രസ് വിമതരും ബിജെപി അംഗങ്ങളും ചേർന്നു സർക്കാർ രൂപീകരിച്ചു. കലിഖോ പുൽ മുഖ്യമന്ത്രിയായി അധികാരമേറ്റു.

എന്നാൽ, പുലിനെ മുഖ്യമന്ത്രിയാക്കിയ ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ജൂലൈയിൽ സുപ്രീംകോടതി വിധിച്ചു. ഗവർണർ ജ്യോതി പ്രസാദ് രാജ്ഖോവയുടെ ഭരണഘടനാവിരുദ്ധമായ ഇടപെടലുകളെ കോടതി നിശിതമായി വിമർശിച്ചു. ഏതു കക്ഷിയെ ആരു നയിക്കണമെന്നതുൾപ്പെടെയുള്ള രാഷ്ട്രീയക്കളികളിൽ ഗവർണർ ഇടപെടരുതെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു.

അങ്ങനെ, അഞ്ചു മാസം മാത്രം മുഖ്യമന്ത്രിയായിരുന്ന കലിഖോ പുൽ സ്ഥാനഭ്രഷ്ടനായി; നബാം തുക്കി വീണ്ടും മുഖ്യമന്ത്രി. വിമതരെ അനുനയിപ്പിക്കാൻ രൂപീകരിച്ച ഒത്തുതീർപ്പു ഫോർമുലയനുസരിച്ച് നബാം തുക്കി സ്ഥാനമൊഴിയുകയും വിമതരിൽനിന്നുള്ള പേമ ഖണ്ഡുവിനെ പുതിയ മുഖ്യമന്ത്രിയാക്കുകയും ചെയ്തതോടെ സ്ഥിതി തൽക്കാലം ശാന്തമായി.

ഫെബ്രുവരി 19 മുതൽ ജൂലൈ 13 വരെ മാത്രം മുഖ്യമന്ത്രിയായിരുന്ന കലിഖോ പുൽ, ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല. സ്ഥാനഭ്രഷ്ടനാക്കിയ കോടതി വിധിയിൽ വിഷമിച്ചു കഴിഞ്ഞിരുന്ന അദ്ദേഹം വിധിക്കുശേഷം ആരെയും കാണാൻ കൂട്ടാക്കിയുമില്ല. പേമ ഖണ്ഡു അധികാരമേറ്റ് ഒരു മാസം തികയുംമുൻപ് പുൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ജീവനൊടുക്കി.

ഒരു മുൻമുഖ്യമന്ത്രി ആത്മഹത്യ ചെയ്യുന്നത് രാജ്യത്ത് ആദ്യസംഭവം അദ്ദേഹത്തിന്റെ അനുയായികൾ സംസ്ഥാനത്തു വ്യാപക അക്രമം അഴിച്ചുവിട്ടു. മുഖ്യമന്ത്രിയെ ഉപരോധിച്ചു. ഉപമുഖ്യമന്ത്രിയുടെ വീടിനു തീയിട്ടു. പുലിനെ അവിടെത്തന്നെ സംസ്കരിക്കണമെന്നാവശ്യപ്പെട്ടു; മൃതദേഹം പുറത്തുകൊണ്ടുപോകാൻ അനുവദിക്കില്ലെന്നു നിലപാടെടുത്തു, മൃതദേഹം കൊണ്ടുപോകാൻ എത്തിച്ച ശവപ്പെട്ടി കത്തിച്ചു.

കലിഖോ പുലിന്റെ മരണത്തിനു പിന്നാലെ സെപ്റ്റംബർ 16ന് മുഖ്യമന്ത്രി പേമ ഖണ്ഡു, നബാം തുക്കി ഒഴികെയുള്ള എംഎൽഎമാരുമായി കോൺഗ്രസ് വിട്ടു പീപ്പിൾസ് പാർട്ടിയിൽ ചേര്‍ന്നു; അവിടുന്നു നേരെ ബിജെപിയിലേക്കും. ബിജെപി സർക്കാർ രൂപീകരിച്ചു. രണ്ടു വർഷത്തിനിപ്പുറം അടുത്ത തിരഞ്ഞെടുപ്പടുത്തിട്ടും എംഎൽഎമാരുടെ ‘ചാഞ്ചാട്ടം’ അവസാനിച്ചില്ല എന്നു തെളിയിച്ചുകൊണ്ട്, കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് കോൺഗ്രസിന്റെ ഒരു എംഎൽഎകൂടി ബിജെപിയിലെത്തി. അംഗങ്ങളുടെ വരവും പോക്കുമെല്ലാം കഴിഞ്ഞ് നിലവിൽ സഭയിലെ സീറ്റ് നില ഇങ്ങനെ: ബിജെപി 49, കോൺഗ്രസ് 4, പിപിഎ 5, സ്വതന്ത്രർ 2.

∙ കോൺഗ്രസിന് സംഭവിച്ചത്

ഉൾപ്പാർട്ടി പ്രശ്നം ഏറ്റവും രൂക്ഷമായ സമയത്തുപോലും ഉചിതമായ തീരുമാനമെടുക്കാൻ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. അസംതൃപ്തരായ അണികളെ ശാന്തരാക്കുന്നതിലും ഗുരുതരമായ അലസത കാട്ടി. പാർട്ടി അനുഭാവികളെ കൂടെ നിർത്താൻവേണ്ട ദീർഘകാല പദ്ധതി ആവിഷ്കരിക്കാൻ നേതൃത്വം തുനിഞ്ഞില്ല. സംസ്ഥാനത്തെ കോൺഗ്രസ് മുക്തമാക്കാൻ ബിജെപി രണ്ടുംകൽപിച്ചിറങ്ങിയപ്പോഴും അതിനെ ഗൗരവമായി കാണാനോ വരാനിരിക്കുന്ന പ്രതിസന്ധി മുൻകൂട്ടി തിരിച്ചറിയാനോ കഴിഞ്ഞില്ല.

ബിജെപിയുടെ ജനാധിപത്യവിരുദ്ധ രാഷ്ട്രീയത്തിന്റെ ഇരയാണ് പുൽ എന്നാണു കോൺഗ്രസിന്റെ ആരോപണം. ആത്മാർഥതയുള്ള കോൺഗ്രസുകാരനായിരുന്ന അദ്ദേഹത്തെ ഭരണം അട്ടിമറിക്കാൻ ബിജെപി ഉപയോഗിക്കുകയായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തുന്നു.

∙ ബിജെപി വാദം

‘കോൺഗ്രസ് മുക്ത് ഭാരതം’ ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഏതുമാർഗത്തിലൂടെയും അതു നേടാൻ അവർ ശ്രമിക്കുമെന്നതിന് എൻഡിഎ സർക്കാരിന്റെ കാലത്തു വടക്കുകിഴക്കൻ മേഖലയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ തന്നെ ഉദാഹരണം. മണിപ്പുരിലും മേഘാലയയിലും നാഗാലാൻഡിലും കൂടുതൽ സീറ്റ് നേടിയ പാർട്ടിയെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തുകയായിരുന്നു.

കോൺഗ്രസ് നേതാക്കളുടെ അധികാരത്വരയാണ് അരുണാചലിൽ പ്രശ്നങ്ങൾ ഇത്രത്തോളം വഷളാക്കിയതെന്നാണു ബിജെപി ആരോപണം. ഭരണപക്ഷ എംഎൽഎമാരിൽ 21 പേർ വിമത ചേരി രൂപീകരിച്ചപ്പോൾതന്നെ സർക്കാർ ന്യൂനപക്ഷമായി. എന്നിട്ടും ഏതു വിധത്തിലും അധികാരത്തിൽ കടിച്ചുതൂങ്ങാനായിരുന്നു കോൺഗ്രസ് ശ്രമം. പേമ ഖണ്ഡുവിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ വൻ വികസനമാണു സംസ്ഥാനത്തു നടപ്പാക്കിയതെന്നും പാർട്ടി അവകാശപ്പെടുന്നു.

∙ ലോക്സഭയിൽ

അരുണാചലിൽ രണ്ടു ലോക്സഭാ സീറ്റാണുള്ളത്. കഴിഞ്ഞതവണ അരുണാചൽ വെസ്റ്റിൽ ബിജെപിയുടെ കിരൺ റിജിജുവും അരുണാചൽ ഈസ്റ്റിൽ കോൺഗ്രസിന്റെ നിനോങ് ഇറിങ്ങും വിജയിച്ചു. നിലവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഏക കേന്ദ്രമന്ത്രികൂടിയാണു കിരൺ റിജിജു.

∙ ഇനി ശബ്ദിക്കും ജനം

രാഷ്ട്രീയ നാടകങ്ങൾ അരങ്ങുതകർക്കുമ്പോഴൊക്കെയും ഏറെക്കുറെ നിശ്ശബ്ദരായിരുന്നു അരുണാചൽ ജനത. നേതാക്കൾ അധികാര വടംവലിയുമായി പരസ്പരംപൊരുതുമ്പോഴും ഒന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടിൽ സ്വന്തം കാര്യംനോക്കി കഴിഞ്ഞുവന്നു അവർ. കാര്യങ്ങൾ മാറി മറിഞ്ഞത് സംസ്ഥാന സർക്കാർ പിആർസി നടപ്പാക്കാൻ തീരുമാനിച്ചതോടെയാണ്.

തദ്ദേശീയരല്ലാത്ത ആറു സമുദായങ്ങൾക്കു സ്ഥിരം താമസാനുമതി(പെർമനന്റ് റസിഡന്റ് സർട്ടിഫിക്കറ്റ്) നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സംസ്ഥാനം ഇളകിമറിഞ്ഞു. നിരോധനാജ്ഞ അവഗണിച്ചും ജനം തെരുവിലിറങ്ങി. കത്തിപ്പടർന്ന പ്രക്ഷോഭം നിയന്ത്രിക്കാനാകാതെ വന്നതോടെ പൊലീസ് പ്രതിഷേധക്കാർക്കുനേരെ നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകവരെയുണ്ടായി.

എരിതീയിലേക്കു സ്ഫോടകവസ്തു പോലെയായിരുന്നു കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി ബിൽ. വടക്കുകിഴക്കൻ മേഖലയെ ഒന്നാകെ തെരുവിലിറക്കിയ ബില്ലിന്റെ പേരിലുള്ള പ്രതിഷേധങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.

∙ ജനവിധി ഏപ്രിൽ 11

പൗരത്വ ഭേദഗതിബിൽ രാജ്യസഭ കടന്നില്ലെങ്കിലും, അധികാരം നിലനിർത്താനായാൽ ബില്‍ നടപ്പാക്കുമെന്ന നിലപാടിൽതന്നെയാണു ബിജെപി. ഭരണത്തിലെത്താനായാൽ ബിൽചവറുകുട്ടയിലിടുമെന്നു കോൺഗ്രസും. ആർക്കൊപ്പം നിൽക്കും ജനം?.

അരുണാചലിൽ മൺസൂൺ ആരംഭിക്കുന്നത് ഏപ്രിൽ മാസത്തിലാണ്. വർഷകാലത്തു പ്രളയവും വലിയ നാശനഷ്ടങ്ങളും പതിവാണ് സംസ്ഥാനത്ത്. പ്രളയനാളുകളിൽ പോളിങ് ബൂത്തിലെത്തുന്ന ജനതയുടെ വിധിയെഴുത്തിൽ ഇരച്ചെത്തുന്നതും ഒലിച്ചുപോകുന്നതും ആരൊക്കെയെന്നു കാത്തിരുന്നു കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA