ADVERTISEMENT

പാരിസ്∙ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയത്തെ ചൈന എതിര്‍ത്തതോടെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങള്‍.

തങ്ങളുടെ രാജ്യത്തുള്ള മസൂദിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ഫ്രഞ്ച് ആഭ്യന്തര വകുപ്പും ധനവകുപ്പും വിദേശകാര്യ വകുപ്പും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് സംശയിക്കുന്നവരെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ തയാറാക്കുന്ന പട്ടികയില്‍ മസൂദിനെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഫ്രാന്‍സ് അറിയിച്ചു. 

മസൂദിനെ അനുകൂലിക്കുന്ന നിലപാട് ചൈന തുടരുകയാണെങ്കില്‍ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് യുഎന്‍ രക്ഷാസമിതിയിലെ നയതന്ത്ര പ്രതിനിധികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മസൂദിന്റെ ആസ്തി മരവിപ്പിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചത്. 

മസൂദിനെതിരെ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഉപരോധങ്ങളെക്കുറിച്ചു പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് ചൈന യുഎന്‍ പ്രമേയത്തെ എതിര്‍ത്തത്. പ്രമേയം അവതരിപ്പിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പു മാത്രമാണ് വീറ്റോ അധികാരമുള്ള ചൈന തടസവാദം ഉന്നയിച്ചതെന്നും നയതന്ത്ര പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ആക്രമണത്തിനു ശേഷം അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ മൂന്നു സ്ഥിരാംഗങ്ങളാണ് യുഎന്‍ രക്ഷാസമിതിയില്‍ മസൂദിനെതിരെ പ്രമേയം അവതരിപ്പിച്ചത്. നിരവധി രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 

ചൈനയുടെ നിലപാടിനെതിരെ കടുത്ത അതൃപ്തിയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം നടത്തിയ ഭീകരനേതാക്കളെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള പോരാട്ടം തുടരുമെന്ന് ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞു. മസൂദിനെതിരായ നീക്കത്തിന് അമേരിക്ക ശക്തമായ പിന്തുണയാണ് നല്‍കിയത്.

English Summary : France freezes assets of Jaish-e-Mohammed founder Masood Azhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com