ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു മുതിർന്ന ബിജെപി നേതാവ് കോൺഗ്രസിൽ ചേരുമെന്ന് ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് ഇന്ദിരാ ഹരിയാദേഷ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും ബിജെപി നേതാവിനെ സ്വീകരിക്കുകയെന്നും ഇന്ദിര പറഞ്ഞു. ശനിയാഴ്ച ഡെറാഡൂണിൽ സംഘടിപ്പിക്കുന്ന റാലിയിൽ രാഹുൽ പങ്കെടുക്കുന്നുണ്ട്. അന്നേ ദിവസം ബിജെപിയെ ഞെട്ടിക്കാനാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്.

എന്നാൽ ബിജെപി വിട്ട് ഒരു നേതാവ് എത്തുമെന്ന് കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ രണ്ടുമാസമായി പറയുന്നതാണ്. ഉത്തരാഖണ്ഡിലെ ഗതാഗതമന്ത്രിയായ യശ്പാൽ ആര്യയാണ് ഇതെന്നു ചില കോൺഗ്രസ് നേതാക്കൾ സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതു നിഷേധിച്ച യശ്പാൽ, നൈനിറ്റാൾ–ഉദ്ദംസിങ് നഗർ മണ്ഡലത്തിൽ നിന്നു ലോക്സഭയിലേക്കു മത്സരിക്കാൻ തയാറെടുക്കുകയാണെന്ന് അറിയിച്ചു. സീറ്റു നിഷേധിക്കപ്പെട്ടാലും പാർട്ടി നിശ്ചയിക്കുന്ന സ്ഥാനാർഥിയെ പിന്തുണക്കാനാണു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദ്ദംസിങ് നഗർ ജില്ലയിലെ ഭാജ്പുർ മണ്ഡലത്തിൽ നിന്നു വിജയിച്ചാണു യശ്പാൽ മന്ത്രിയായത്.

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ബി.സി ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരിയാണ് കോൺഗ്രസിലേക്കു ചേക്കേറുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. ബി.സി ഖണ്ഡൂരി നിലവിൽ ലോക്സഭാംഗമാണ്. വാർത്തയെക്കുറിച്ചു പ്രതികരിക്കാൻ ഖണ്ഡൂരിയോ മകനോ തയാറായിട്ടില്ല. ഒരു ബിജെപി നേതാവും കോൺഗ്രസിലേക്കു പോകുന്നില്ലെന്നും മുങ്ങികൊണ്ടിരിക്കുന്ന ഒരു കപ്പലാണു കോൺഗ്രസ് എന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ അജയ് ഭട്ടിന്റെ പ്രതികരണം.

2014–ലെ മോദിതരംഗത്തിൽ സംസ്ഥാനത്തെ 5 ലോക്സഭാ മണ്ഡലങ്ങളും ബിജെപി തൂത്തുവാരിയിരുന്നു. ഇതിനുശേഷം കോൺഗ്രസിന്റെ അടിത്തറ ഇളകുന്ന സംഭവങ്ങളാണു സംസ്ഥാനത്ത് അരങ്ങേറിയത്. 2016 മാർച്ചിൽ കോൺഗ്രസ് വിമതരും ബിജെപിയും ഒന്നിച്ച് ഗവർണറെ കാണുകയും ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റാവത്തിനു ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 9 ദിവസം അനുവദിച്ചു. ഇതിനിടയിൽ ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. തുടർന്നു നടന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ റാവത്ത് അധികാരം തിരിച്ചുപിടിച്ചു.

എന്നാൽ, ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 2017 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞു. എഴുപതിൽ 55 സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തി. മൽസരിച്ച രണ്ടു മണ്ഡലങ്ങളിലും ഹരീഷ് റാവത്ത് കനത്ത തോല്‍വി ഏറ്റുവാങ്ങിയതും കോൺഗ്രസിനെ ഞെട്ടിച്ചു.

ദേവഭൂമിയിൽ നിലനിൽപ്പു ലക്ഷ്യമിട്ടാണു കോൺഗ്രസ് തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. എന്നാൽ 5 സീറ്റുകളും നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണു ബിജെപി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നലെ ഉത്തരാഖണ്ഡ‍് ഉണർന്നു കഴിഞ്ഞു. രാഹുൽ ഗാന്ധിയെ എത്തിച്ച് ആദ്യചുവടു വയ്ക്കാനുള്ള ശ്രമത്തിലാണു കോൺഗ്രസ്. കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ വീടുകൾ രാഹുൽ സന്ദർശിക്കുന്നുണ്ട്.

ആത്മവിശ്വാസത്തിനു കുറവില്ലെങ്കിലും സീറ്റിനു വേണ്ടിയുള്ള അവകാശവാദങ്ങളാണ് ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. സംസ്ഥാന മന്ത്രിസഭയിൽ അംഗമായവരും നിലവിലെ എംപിമാരും പാര്‍ട്ടിയിലെ മുതിർന്ന നേതാക്കളും സ്ഥാനാർഥിയാകാൻ കച്ച മുറുക്കുന്നുണ്ട്. ഇതു മനസ്സിലാക്കി മന്ത്രിസഭ വിപുലീകരിച്ചും പദവികൾ നൽകിയും പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ശ്രമിച്ചിരുന്നു. എങ്കിലും ആകെയുള്ള 5 ലോക്സഭാ മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയം എളുപ്പമാകില്ലെന്ന സൂചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com