ADVERTISEMENT

ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിലെ രണ്ടു മുസ്‌ലിം പള്ളികളിലുണ്ടായ വെടിവയ്പ്പിൽ 9 ഇന്ത്യൻ വംശജരെ കാണാതായതായി സൂചന. ന്യൂസീലൻഡിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കോഹ്‌ലിയാണ് ഈക്കാര്യം അറിയിച്ചത്. വെടിവയ്പ്പിൽ രണ്ടു ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിലാകെ 49 പേർ മരിക്കുകയും 20ൽ അധികം പേർക്കു പരുക്കേൽക്കുകയും ചെയ്തു. സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള പള്ളികളിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കെത്തിയവർക്കുനേരെയാണ് ആയുധധാരി വെടിയുതിർത്തത്.  അക്രമി ഓസ്ട്രേലിയൻ പൗരത്വമുള്ള തീവ്ര വലതുപക്ഷ ‘ഭീകര’നാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്ഥിരീകരിച്ചു. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

മധ്യ ക്രൈസ്റ്റ്ചർച്ചിലെ അൽനൂർ പള്ളിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായത്. പിന്നീടാണ് ലിൻവുഡിലെ രണ്ടാമത്തെ പള്ളിയിൽ ആക്രമണം ഉണ്ടായത്. മൂന്നു പുരുഷൻമാരും സ്ത്രീയുമടക്കം നാലുപേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർക്ക് ഭീകരവാദ കാഴ്ചപ്പാടുണ്ടെങ്കിലും പൊലീസിന്റെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ടവർ അല്ലെന്നാണ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ പറഞ്ഞത്. ന്യൂസീലൻഡിന്റെ കറുത്ത ദിനങ്ങളിലൊന്നാണിതെന്നും അവർ കൂട്ടിച്ചേർത്തു. സൈനികരുടെ വേഷത്തിലാണ് ആയുധധാരി എത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഓട്ടമാറ്റിക് റൈഫിളുമായെത്തിയ ഇയാൾ പ്രാർഥനയ്ക്ക് എത്തിയവരുടെ നേർക്ക് നിറയൊഴിക്കുകയായിരുന്നു. കുട്ടികൾക്കുനേരെയും ഇയാൾ വെടിയുതിർത്തു. അക്രമികൾ എത്രപേരുണ്ടെന്നു വ്യക്തമായിട്ടില്ല.

പള്ളിയിലേക്ക് ഇപ്പോൾ ആരും വരരുതെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതു ന്യൂസിലൻഡിന്റെ കറുത്ത ദിനങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞു. മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസീലൻഡിലെ എല്ലാ മുസ്‌ലിം പള്ളികളും അടച്ചിടാൻ സർക്കാർ നിർദേശം നൽകി. തെരുവുകളിൽനിന്നു വിട്ടുനിൽക്കണമെന്നും പ്രധാന കെട്ടിടങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവ പൊലീസ് നിർദേശമനുസരിച്ച് പൂട്ടി.

അതേസമയം, ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കെത്തിയ ബംഗ്ലദേശ് ക്രിക്കറ്റ് ടീം അംഗങ്ങൾ വെടിവയ്പ്പ് സമയത്ത് പള്ളിക്കു സമീപം ഉണ്ടായിരുന്നു. ആർക്കും പരുക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് വക്താവ് ജലാൽ യൂനുസ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങൾ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്. താരങ്ങളെ തിരികെ ഹോട്ടലിൽ എത്തിച്ചു. ബംഗ്ലദേശ് – ന്യൂസീലൻഡ് മൂന്നാം ടെസ്റ്റ് മൽസരം റദ്ദാക്കി.

വെടിവയ്പ്പിൽ മലേഷ്യൻ പൗരന് പരുക്കേറ്റതായി മലേഷ്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ പേരു പുറത്തുവിട്ടിട്ടില്ല.

English Summary: 9 Indian-Origin People Missing After Mosque Shootings: Indian Envoy To New Zealand

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com