ADVERTISEMENT

കോഴിക്കോട്∙ ‘രണ്ടാമൂഴം’ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി. വാസുദേവൻ നായർ നൽകിയ കേസിൽ മധ്യസ്ഥനെ (ആർബിട്രേറ്റർ) നിയോഗിക്കണമെന്ന സംവിധായകൻ വി.എ. ശ്രീകുമാർ മേനോന്റെ ആവശ്യം ഫാസ്റ്റ്ട്രാക്ക് കോടതി തള്ളി. എംടിയുടെ തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനിൽക്കും. നേരത്തെ ഇതേ ആവശ്യം കോഴിക്കോട് അഡീഷനൽ മുൻസിഫ് കോടതിയും തള്ളിയിരുന്നു.

കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനങ്ങൾ തുടങ്ങാത്തതിനാൽ ‘രണ്ടാമൂഴം’ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവൻ നായരാണ് കോടതിയിൽ കേസു നൽകിയത്. മധ്യസ്ഥനിലൂടെ പ്രശ്നപരിഹാരം കാണണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം. കേസിൽ മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് എം.ടി. വാസുദേവൻ നായർ കോഴിക്കോട് മുൻസിഫ് കോടതിയിൽ നേരത്തെ എതിർ ഹർജി നൽകിയിരുന്നു.

എംടിയുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി എംടി എഴുതിയ തിരക്കഥ 4 വർഷം മുൻപ് സിനിമയാക്കുന്നതിനായി സംവിധായകൻ ശ്രീകുമാർമേനോനെ ഏൽപിച്ചിരുന്നു. തിരക്കഥ നൽകുമ്പോഴുള്ള കരാർ പ്രകാരം 3 വർഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ 4 വർഷം കഴിഞ്ഞിട്ടും ഒന്നും നടക്കാതെ വന്നപ്പോഴാണ് എംടി തിരക്കഥ തിരികെ ആവശ്യപ്പെട്ട് സംവിധായകനെതിരെയും നിർമാണക്കമ്പനിക്കെതിരെയും കോടതിയെ സമീപിച്ചത്.

തുടർന്ന്, ഈ തിരക്കഥ ഉപയോഗിച്ചു ചിത്രീകരണം തുടങ്ങുന്നതിൽ നിന്നു സംവിധായകനെയും നിർമാണ കമ്പനിയെയും കോടതി താൽക്കാലികമായി വിലക്കിയിരുന്നു.പിന്നീടാണ് സംവിധായകൻ തർക്കം കോടതിക്കു പുറത്തു പരിഹരിക്കാൻ മധ്യസ്ഥനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കോടതിക്കു ഹർജി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com