ADVERTISEMENT

ന്യൂഡല്‍ഹി∙ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസഹ്‌റിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയത്തെ എതിര്‍ത്ത ചൈനയുടെ അഭിമതരാജ്യ പദവി പിന്‍വലിക്കണമെന്ന് സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇറക്കുമതിച്ചുങ്കം കുത്തനെ വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ മഞ്ച് ആവശ്യപ്പെട്ടു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ സ്വീകരിച്ച നടപടിക്കു സമാനമായ തരത്തില്‍ ചൈനയ്‌ക്കെതിരെയും നിലപാടെടുക്കണമെന്നാണ് സംഘപരിവാര്‍ സംഘടനയുടെ ആവശ്യം.

ചൈനയുടെ നടപടിയെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കാന്‍ തയാറാകുന്നില്ലെന്നും നരേന്ദ്ര മോദിക്ക് ചൈനയെ ഭയമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ കൂടി രംഗത്തെത്തിയത് കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും

ഉത്തരവാദിത്തരഹിതമായ നീക്കത്തിനു കൃത്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നു ചൈനയെ ബോധ്യപ്പെടുത്തുന്ന തരത്തില്‍, സാമ്പത്തികവും നയതന്ത്രപരവുമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള സമയമാണിതെന്നും ജാഗരണ്‍ മഞ്ച് കത്തില്‍ വ്യക്തമാക്കുന്നു.

ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കണമെന്ന് സംഘടനയുടെ അഖിലേന്ത്യ കണ്‍വീനര്‍ അശ്വനി മഹാജന്‍ ആവശ്യപ്പെട്ടു. അമേരിക്കയുമായി വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചൈനയെ ഇതു കൂടുതല്‍ സമ്മര്‍ദത്തിലാക്കും. ചൈനയില്‍നിന്ന് 76 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ഇറക്കുമതിയാണ് ഇന്ത്യ നടത്തുന്നത്. ഇത് വന്‍ വ്യാപാരകമ്മിക്ക് ഇടയാക്കുകയും ഇന്ത്യന്‍ സാമ്പത്തികരംഗത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ടെന്നും അശ്വിനി പറഞ്ഞു. 

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കണമെന്നും ആര്‍എസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ-ചൈന ഭായി, ഭായി എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ചൈനയ്ക്ക് യുഎന്‍ രക്ഷാസമിതയില്‍ സ്ഥിരാംഗത്വം ലഭിച്ചതും ഇന്ത്യ പുറത്തായതും നെഹ്‌റു കാരണമാണെന്നും ആര്‍എസ്എസ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.

English Summary : Swadeshi Jagarn Munch urges pm modi to withdraw most favoured nation status of china

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com