ADVERTISEMENT

കൊച്ചി∙ കോൺഗ്രസ് എംപി ശശി തരൂരിന്റെ മാതൃസഹോദരി പാർട്ടിയിൽ ചേർന്നതായി പ്രഖ്യാപിച്ച ബിജെപി നേതൃത്വം വെട്ടിലായി. കൊച്ചിയിൽ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള നേരിട്ടെത്തിയാണ് തരൂരിന്റെ മാതൃസഹോദരിയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. എന്നാൽ പണ്ടേ ബിജെപിക്കാരാണെന്നും ഇപ്പോഴത്തെ ചടങ്ങ് എന്തിനെന്ന് അറിയില്ലെന്നും ഇവർ പ്രതികരിച്ചതോടെ ബിജെപിയുടെ നാടകം പൊളിഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന കോൺഗ്രസ് വക്താവായിരുന്നു ടോം വടക്കനു പിന്നാലെ തരൂരിന്‍റെ ബന്ധുക്കളെയും പാർട്ടിയിലെത്തിച്ച് കോൺഗ്രസിനെ ഞെട്ടിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. ശ്രീധരൻപിള്ള തരൂരിന്റെ മാതൃസഹോദരി ശോഭനയെയും ഭർത്താവ് ശശികുമാറിനെയും ഷാളണയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇനിയും ഒട്ടേറെപ്പേർ ഇവരെപ്പോലെ ബിജെപിയിലേക്കത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

എന്നാൽ ചടങ്ങു കഴിഞ്ഞ് പിള്ള മടങ്ങും മുൻപേ കഥ മാറി. ബിജെപിയിൽ ചേർന്നതിനെ കുറിച്ച് തരൂരിൻറെ മാതൃസഹോദരിയോട് പ്രതികരണം തേടിയപ്പോൾ കാര്യം തുറന്നുപറഞ്ഞു. നേരത്തെ മുതൽ ബിജെപി അംഗങ്ങളാണെന്നും ഇപ്പോള്‍ ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നുമായിരുന്നു ശോഭനയുടെ പ്രതികരണം.

മഹിളമോർച്ച നേതാവ് പത്മജ പറഞ്ഞിട്ടാണ് വന്നതെന്നും ഇവർക്കായി തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങിയിരുന്നുവെന്നും ശോഭന വെളിപ്പെടുത്തി. സംഭവം കൈവിട്ടെന്ന് ഉറപ്പായതോടെ ഇവരുടെ കൂടുതൽ പ്രതികരണങ്ങൾ എടുക്കുന്നത് തടയാനായി സംഘാടകരുടെ ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com