ADVERTISEMENT

അമരാവതി∙ ആന്ധ്രാ പ്രദേശ് മുൻമന്ത്രിയും മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ സഹേദരനുമായ വൈ.എസ്.വിവേകാനന്ദ റെഡ്ഡി (68) യെ മരിച്ചനിലയിൽ കണ്ടെത്തി. കടപ്പ ജില്ലയിലെ വീട്ടിലാണ് വെള്ളിയാഴ്ച ഉച്ചയോടെ വിവേകാനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. വിവേകാനന്ദ റെഡ്ഡിയുടെ പിഎ എം.വി.കൃഷ്ണ റെഡ്ഡിയുടെ പരാതിയിലാണ് കേസ്. സംഭവത്തെ തുടർന്നു വൈഎസ്ആർ കോൺഗ്രസ് പ്രസിഡന്റ് ജഗൻ മോഹൻ റെഡ്ഡിയുൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.

മൃതദേഹം കിടന്നിരുന്ന മുറിയിലും ശുചിമുറിയിലും രക്തക്കറകൾ ഉണ്ട്. വിവേകാനന്ദയുടെ തലയുടെ മുൻപിലും പുറകിലുമായി രണ്ടു മുറിവുകളും ഉണ്ട്. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പുലിവെൻഡുല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മരണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു വിവേകാനന്ദയുടെ ബന്ധുവും മുൻ എംഎൽഎയുമായ വൈ.എസ്.അവിനാഷ് റെഡ്ഡി ആരോപിച്ചു.

1989–ലും 1994–ലും പുലിവെൻഡുല മണ്ഡലത്തിൽ‌ നിന്ന് എംഎൽഎയായ വിവേകാനന്ദ റെഡ്ഡി 1999, 2004 വർഷങ്ങളിൽ കടപ്പ മണ്ഡലത്തിൽ നിന്നു ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരണ സമയത്ത് ജഗൻ മോഹൻ റെഡ്ഡിയുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് വിവേകാനന്ദ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നില്ല. എന്നാല്‍ 2011–ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജഗന്റെ അമ്മ വിജയമ്മയോടു പരാജയപ്പെട്ടതിനെ തുടർന്നു  വൈഎസ്ആര്‍ കോണ്‍ഗ്രസിൽ ചേരുകയായിരുന്നു. 

English Summary: Jagan Reddy's Uncle Found Dead At Home, Case Of Unnatural Death Filed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com