ADVERTISEMENT

മാസ് മസാല സിനിമ പോലെയാണു തമിഴ് രാഷ്ട്രീയം. പുരട്ചി തലൈവിയും കലൈജ്ഞറും ആരവങ്ങൾ തീർത്ത തേർതൽ തിരുവിഴാ (തിരഞ്ഞെടുപ്പ് ഉത്സവം). മുഖ്യവേഷങ്ങളിൽ നിറഞ്ഞാടിയ രണ്ടുപേരും ഇന്നില്ല. ജയലളിതയും കരുണാനിധിയും നേർക്കുനേർ പോരാടിയതെല്ലാം ഓർമകളായപ്പോൾ, ഈ ലോക്സഭാ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നതു സഖ്യങ്ങള്‍ തമ്മിലുള്ള മൽസരത്തിലാണ്. പുതുച്ചേരി ഉൾപ്പടെ 40 ലോക്സഭാ മണ്ഡലങ്ങളുള്ള തമിഴ് മണ്ണിലെ വോട്ട് ദേശീയ രാഷ്ട്രീയത്തിൽ നിർണായകം. അണ്ണാ ഡിഎംകെയ്ക്കും ഡിഎംകെയ്ക്കും അതിജീവനത്തിന്റെയും തിരിച്ചുവരവിന്റെയും തിരഞ്ഞെടുപ്പ്.

ചെങ്കോട്ടയാക്കാൻ ഇടതുപാർട്ടികൾ

#RoadTo2019 എന്ന ഹാഷ്ടാഗാണു സീതാറാം യച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സ്റ്റാലിൻ ട്വീറ്റ് ചെയ്തത്. പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനുള്ള സഖ്യത്തെക്കുറിച്ചാണു ചർച്ച ചെയ്തതെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. കേന്ദ്രത്തിൽ ബിജെപിയെയും തമിഴ‌്നാട്ടിൽ അണ്ണാ ഡിഎംകെയെയും പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു സഖ്യമെന്നു യച്ചൂരിയും ആവർത്തിച്ചു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുമുൻപ് ആറു തവണയാണു സിപിഎം– ഡിഎംകെ സീറ്റ് ചർച്ച അലസിപ്പിരിഞ്ഞത്. അതിനുശേഷം ഇടതുസഖ്യമായി മൽസരിച്ചതിന്റെ കയ്പേറിയ ഓർമയിലാവണം അണ്ണാ അറിവാലയത്തിലെ സീറ്റ് നിർണയ കമ്മിറ്റിയുടെ യോഗത്തിനുശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനും സിപിഐ നേതാവ് സുബ്ബരായനും കാര്യമായ അനിഷ്ടം പ്രകടിപ്പിച്ചില്ല. 2 സീറ്റുകൾ വീതം മാത്രമാണു സിപിഐയ്ക്കും സിപിഎമ്മിനും ലഭിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വില്ലുപുരം, തിരുവള്ളൂർ, ചെന്നൈ നോർത്ത്, കന്യാകുമാരി, തെങ്കാശി (സിപിഐ), വിരുദനഗർ, മധുര, ശിവഗംഗ, തഞ്ചാവൂർ, തിരുച്ചിറപ്പിള്ളി, ഡിണ്ടിഗൽ, കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങിയ ഇടങ്ങളിൽ അഞ്ചാം സ്ഥാനത്തെത്താൻ മാത്രമാണ് ഇടതുപാർട്ടികൾക്കു കഴിഞ്ഞത്. നാഗപട്ടണത്തു സിപിഐയുടെ പളനിസ്വാമി 90,313 വോട്ടോടെ മൂന്നാം സ്ഥാനത്തെത്തി. ഇത്തവണ കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന ആത്മവിശ്വാസവുമായാണ് ഇടതുപാർട്ടികളുടെ വരവ്.

Tamil-Nadu-Constituency-seats-2014-map

പ്രവചനം അസാധ്യമായ സഖ്യങ്ങൾ

ഒറ്റപ്പെടലിലും പിളർപ്പിലും മനമുരുകിനിന്ന അണ്ണാ ഡിഎംകെ, പിഎംകെയെയും ബിജെപിയെയും ഡിഎംഡികെയെയുമൊക്കെ കൂടെകൂട്ടി ശക്തമായിരിക്കുന്നു. 18 വർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ് മാനില കോൺഗ്രസ് (ടിഎംസി) വീണ്ടും മുന്നണിയിൽ എത്തിയതും അണ്ണാ ഡിഎംകെയ്ക്കു നേട്ടമായി. ഡിഎംകെയ്ക്കൊപ്പം കോൺഗ്രസും വിസികെയും എംഡിഎംകെയും ഇടതുപാർട്ടികളും അണിചേർന്നിരിക്കുന്നു.

അന്തിമ തീരുമാനമായില്ലെങ്കിലും സഖ്യ കക്ഷികൾ മൽസരിക്കുന്ന സീറ്റുകൾ സംബന്ധിച്ച് അണ്ണാ ഡിഎംകെ മുന്നണിയിൽ ഏകദേശ ധാരണയായി. പിഎംകെ (7), ബിജെപി (5) ഡിഎംഡികെ (4), പുതിയ തമിഴകം (1), പുതിയ നീതി കക്ഷി (1), എൻആർ കോൺഗ്രസ് (1), ടിഎംസി (1) എന്നിങ്ങനെയാണു മൽസരിക്കുന്ന സീറ്റുകൾ.

2016 നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടുശതമാനക്കണക്കിൽ അണ്ണാ ഡിഎംകെയ്ക്കൊപ്പമുള്ള പിഎംകെയും ഡിഎംഡികെയുംമറ്റുമാണു നേട്ടമുണ്ടാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം വിസികെ, ഇടതു പാർട്ടികൾ, ഡിഎംഡികെ, മനിതനേയ മക്കൾ കക്ഷി അണ്ണാ ഡിഎംകെ മുന്നണിയിലുള്ള ബിജെപി, പിഎംകെ പാർട്ടികൾക്ക് 5 ശതമാനത്തിലേറെ വോട്ടുണ്ട്. ഡിഎംകെ മുന്നണിയിൽ കോൺഗ്രസ് ഒഴികെ മറ്റൊരു പാർട്ടിക്കും രണ്ടു ശതമാനത്തിൽ കൂടുതൽ വോട്ടില്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ഒറ്റ സീറ്റിൽ പോലും വിജയിക്കാൻ ഡിഎംകെ മുന്നണിക്കും തനിച്ചു മത്സരിച്ച കോൺഗ്രസിനും കഴിഞ്ഞില്ല. ജയലളിതയുടെ നേതൃത്വത്തില്‍ 44.3 ശതമാനം വോട്ടുവിഹിതത്തോടെ 39 സീറ്റുകളിൽ 37 ലും എഐഎഡിഎംകെ വിജയം നേടിയപ്പോൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ രണ്ടു സീറ്റുകൾ സ്വന്തമാക്കി (18.5 ശതമാനം വോട്ടുവിഹിതം). കന്യാകുമാരിയിൽ ബിജെപിയും ധർമപുരിയിൽ പിഎംകെയും (പട്ടാളി മക്കൾ കക്ഷി) വിജയിച്ചു.

നേടുന്നത് കമലോ രജനിയോ?

സിനിമാക്കാര്‍ രാഷ്ട്രീയത്തിലെത്തി വെന്നിക്കൊടി പാറിച്ച ഇടമാണു തമിഴകം. കരുണാനിധിയും ജയലളിതയും കളമൊഴിഞ്ഞ മണ്ണിലേക്കു മക്കൾ നീതി മയ്യമെന്ന പാർട്ടിയുമായി ഇറങ്ങിയ കമൽഹാസനും പിച്ചവയ്ക്കാൻ അറച്ചുനിൽക്കുന്ന രജനിയുടെയും രാഷ്ട്രീയഭാവി എന്താകുമെന്നു പറയാറായിട്ടില്ല. ഇരുവരും സജീവമാകാൻ തീരുമാനിച്ചപ്പോൾ പ്രമുഖ മുന്നണികൾ ഭയന്നിരുന്നു. തമിഴ്‌നാട്ടുകാരനല്ലാത്ത രജനികാന്ത് തമിഴ്‌നാട് ഭരിക്കാന്‍ യോഗ്യനല്ലെന്ന ആരോപണവുമായി ചില നേതാക്കൾ രംഗത്തുവരികയും ചെയ്തു.

പാർട്ടി രൂപീകരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും അത്രയധികം മുന്നേറാൻ കമലിനായിട്ടില്ല. ടോർച്ച് ചിഹ്നത്തിൽ തനിച്ച് മൽസരിക്കാൻ കമൽ തീരുമാനിച്ചപ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് രജനീകാന്ത് വ്യക്തമാക്കി. കമലിന് ജനം വിധിക്കുന്നതെന്തെന്ന് കണ്ടശേഷം തീരുമാനമെടുക്കാനുള്ള നീക്കമാണ് രജനിയുടേതെന്നു വ്യക്തം. ഏതായാലും ഒരുമിച്ച് മൽസരിക്കാനുള്ള ആഗ്രഹം കമൽ പ്രകടിപ്പിച്ചിരിക്കുകയാണ്. തലൈവനുമായി ഒന്നിച്ചാൽ 40 സീറ്റും പിടിക്കാമെന്നു കമൽ കരുതുന്നു.

ടിടിവി ദിനകരന്റെ സാന്നിധ്യം അണ്ണാ ഡിഎംകെ – ബിജെപി സഖ്യത്തിനു വെല്ലുവിളിയായേക്കും. എന്നാൽ ഈ വഴക്ക് ഡിഎംകെയ്ക്കുവോട്ടായി മാറുമോയെന്നതു പറയാനാവില്ല. പഞ്ച് ഡയലോഗുകൾക്കു ലോഭമില്ലാത്ത കരുണാനിധിയാണു മോശം കൂട്ടുകെട്ട് ദുരന്തമാകുമെന്ന അർഥത്തിൽ 'കൂടൈ നടപ് കെടൈ മുടി'യുമെന്നു പറഞ്ഞത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ആരാകും മോശം കൂട്ടുകെട്ടെന്നതു കണ്ടറിയണം.

English Summary: Tamil Nadu politics looks tight fight between coalitions, Lok sabha Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com