ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ അന്ത്യശാസനയെത്തുടര്‍ന്ന്, കെഎസ്ആര്‍ടിസി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കിത്തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനുള്ളില്‍ കെഎസ്ആര്‍ടിസി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍  നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് 'ഒന്നാണ് നാം ഒന്നാമതാണ് കേരളം' എന്ന തലവാചകത്തില്‍ 5,000 കെഎസ്ആര്‍ടിസി ബസുകളില്‍ ഒരു കോടി രൂപ ചെലവിൽ പരസ്യങ്ങള്‍ സ്ഥാപിച്ചത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, ഒരു കോടി മുടക്കിയ പരസ്യം ആഴ്ചകള്‍ക്കുള്ളില്‍ എടുത്തുമാറ്റേണ്ട സാഹചര്യമാണ് ഉണ്ടായത്. പരസ്യം എടുത്തുമാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചെങ്കിലും ആദ്യഘട്ടത്തില്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ലോക്കല്‍ മുതല്‍ സൂപ്പര്‍ ഫാസ്റ്റുവരെയുള്ള ബസുകളിലാണ് പരസ്യം പതിച്ചത്. 'പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു, ഇനി നവകേരള നിര്‍മ്മാണം' എന്ന വാചകത്തോടൊപ്പം ഓരോ വകുപ്പും പൂര്‍ത്തിയാക്കിയ ശ്രദ്ധേയമായ പദ്ധതികളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഫെബ്രുവരി 12നാണ് ബസുകളില്‍ പരസ്യം നല്‍കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. 16ന് ഉത്തരവിന്റെ പകര്‍പ്പ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചു.

ലോക്കല്‍ ബസ് ഒന്നിന് 2,000രൂപയും, ഫാസ്റ്റിനും സൂപ്പര്‍ ഫാസ്റ്റിനും 2,700 എന്ന നിരക്കിലുമാണ് പരസ്യം നല്‍കിയത്. പോസ്റ്ററുകള്‍ എത്തിയതോടെ ഫെബ്രുവരി 20ന് ബസുകളില്‍ പരസ്യം സ്ഥാപിച്ചു തുടങ്ങി. എത്ര ബസുകളില്‍ പരസ്യം ഒട്ടിച്ചെന്ന കണക്ക് മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് മുന്‍പായി സോണ്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരുടെ ഓഫിസില്‍ എത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ച്ച് ആദ്യവാരത്തോടെ പോസ്റ്റര്‍ പതിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി.

മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ബസുകളിലെ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കി. പരസ്യം നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കിയിരുന്നു.

English Summary: Started removing Government advertisements from KSRTC buses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com