ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ മൽസരിക്കാനുള്ളവരെ അന്തിമമായി തീരുമാനിക്കാനാകാതെ കുഴഞ്ഞ് എൻഡിഎ സ്ഥാനാർഥി നിർണയം. പത്തനംതിട്ട മണ്ഡലം ലഭിക്കാത്തതിനാൽ ഇത്തവണ മൽസരിക്കാനില്ലെന്ന് എം.ടി.രമേശ് അറിയിച്ചെന്നാണു വിവരം. സ്ഥാനാർഥിയാകണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ സമ്മർദത്തിനു ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വഴങ്ങിയിട്ടില്ല.

പത്തനംതിട്ട കൈവിട്ട എം.ടി.രമേശും പാലക്കാട് കണ്ണുവച്ച ശോഭാ സുരേന്ദ്രനും ഇത്തവണ മൽസരിക്കാനിടയില്ല. ഇരുവരും സംഘടനാ ചുമതലകളിലേക്കു മാറിയേക്കും. പിടിവലി നടക്കുന്ന പത്തനംതിട്ടയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള സ്ഥാനാർഥിത്വം ഉറപ്പിച്ചെന്നാണു സൂചന. പാലക്കാട് സി.കൃഷ്ണകുമാറിന്റെ സാധ്യത ഏറുകയാണ്.

തൃശൂരിൽനിന്നു മൽസരിക്കണമെന്ന ബിജെപി സമ്മർദത്തിന് വഴങ്ങാൻ തുഷാർ വെള്ളാപ്പള്ളി ഇനിയും തയാറായിട്ടില്ല. മൽസര രംഗത്തിറങ്ങാൻ ഉപാധികളോടെ തുഷാർ സമ്മതം മൂളിയേക്കും. കെ.സുരേന്ദ്രന്റെ പേര് തൃശൂരിലേക്കു പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ബിഡിജെഎസിന്റെ നിലപാടു നിർണായകമാണ്. സംസ്ഥാന നേതൃത്വം നൽകിയ സാധ്യതപട്ടികയിൽ ദേശീയ നേതൃത്വം മാറ്റങ്ങൾ നിർദേശിച്ചിരുന്നു.

സീറ്റുകളിൽ നീക്കുപോക്കു വേണമോയെന്നു ബിഡിജെഎസുമായി ചർച്ച ചെയ്തു തീരുമാനമായാൽ സ്ഥാനാർഥിപ്പട്ടിക വൈകാതെ പുറത്തിറങ്ങും. ‌തൃശൂരിൽ ടോം വടക്കന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുതായി പാർട്ടി അംഗത്വമെടുത്ത പിഎസ്‍സി മുൻ ചെയർമാൻ കെ.എസ്.രാധാകൃഷ്ണനെ ആലപ്പുഴയിലേക്കും പരിഗണിക്കുന്നു.

അതേസമയം, തുഷാര്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. എസ്എൻഡിപി ഭാരവാഹിത്വം ഒഴിയണമെന്ന തീരുമാനത്തില്‍ മാറ്റമില്ല. മുന്നണി സംവിധാനമാകുമ്പോള്‍ ബിഡിജെഎസ് അധ്യക്ഷന് മല്‍സരിക്കേണ്ടി വന്നേക്കാമെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com