sections
MORE

കാവൽക്കാരാ, എന്റെ മകനെവിടെ?: മോദിക്കെതിരെ നജീബിന്റെ മാതാവ്

Narendra Modi, Fatima Nafis
നരേന്ദ്ര മോദി, ഫാത്തിമ നഫീസ്
SHARE

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേം ഭീ ചൗക്കിദാർ’ (ഞാനും കാവൽക്കാരൻ) എന്ന മുദ്രാവാക്യത്തിനെതിരെ ജെഎൻയു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ മാതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാവൽക്കാരനാണെങ്കിൽ എന്റെ മകന്‍ എവിടെയെന്നു പറയണം. എബിവിപി അക്രമികളെ അറസ്റ്റ് ചെയ്യാത്തതെന്താണ്? മൂന്ന് ഉന്നത അന്വേഷണ ഏജൻസികളും മകനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണ്?– നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് ട്വിറ്ററിൽ ചോദിച്ചു.

എവിടെയാണ് നജീബ് എന്ന ഹാഷ്ടാഗോടെയാണ് പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ് ഫാത്തിമ റീട്വീറ്റ് ചെയ്തത്. നിങ്ങളുടെ ‘ചൗക്കിദാർ’ തലയുർത്തി നിന്നു രാജ്യത്തെ സേവിക്കുകയാണെന്നാണു പ്രധാനമന്ത്രി ട്വിറ്ററിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഒറ്റയ്ക്കല്ല, അഴിമതിക്കും അഴുക്കിനും സാമൂഹിക വിപത്തിനുമെതിരെ പോരടിക്കുന്നവരെല്ലാം ചൗക്കിദാർമാരാണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു. ഞാനും ചൗക്കീദാറാണ്– ഇതായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.

ഇതിനു പിന്നാലെ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ചൗക്കിദാര്‍ നരേന്ദ്ര മോദി എന്നാക്കി മാറ്റിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കള്‍ ട്വിറ്ററിലെ പേരിനുമുന്നിൽ ചൗക്കിദാർ എന്നു ചേർത്തു. മൂന്ന് വർഷം മുന്‍പ് ജവാഹർലാല്‍ നെഹ്‍റു സർവകലാശാല ഹോസ്റ്റലിൽ വച്ചാണു ദുരൂഹ സാഹചര്യത്തിൽ നജീബ് അഹമ്മദ് എന്ന കോളജ് വിദ്യാർഥിയെ കാണാതാകുന്നത്.

സംഭവത്തിനു പിന്നിൽ എബിവിപി പ്രവർത്തകർക്കു പങ്കുള്ളതായാണ് നജീബിന്റെ മാതാവ് ആരോപിക്കുന്നത്. 2016 ഒക്ടോബർ 15ന് കാണാതാകുന്നതിനു മുൻപ് നജീബും എബിവിപി പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായിരുന്നു.

നജീബിന്റെ തിരോധാനം സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷിച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചെങ്കിലും കുറ്റകരമായ ഒന്നും തങ്ങൾക്കു കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് 2018 ഒക്ടോബർ 15ന് സിബിഐ ഡൽഹി ഹൈക്കോടതിയിൽ നൽകിയ അന്തിമ റിപ്പോർട്ടിൽ പറഞ്ഞത്.

രാഷ്ട്രീയ സമ്മർദങ്ങൾക്കു വഴങ്ങി സിബിഐ കേസ് ഒതുക്കി തീർക്കുകയായിരുന്നെന്ന്  ആരോപണമുയർന്നു. അന്വേഷണത്തിനു പ്രത്യേക സംഘത്തെ വേണമെന്ന ഫാത്തിമ നഫീസിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളുകയായിരുന്നു.

English Summary: "Chowkidar, Where's My Son?" Asked Najeeb Ahmed's Mother

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA