ADVERTISEMENT

വെല്ലിങ്ടൻ∙ ന്യൂസീലൻഡിൽ മുസ്‌ലിം പള്ളിയിൽ ഭീകരാക്രമണം നടത്തിയ ബ്രന്റൻ ടെറാന്റ് തന്റെ അഭിഭാഷകനെ നീക്കി. കോടതിയിൽ സ്വയം വാദിക്കുമെന്ന നിലപാടാണ് ടെറാന്റിന്റേത്. അതേസമയം, തന്റെ തീവ്ര വിഘടനവാദ നിലപാടുകൾ ഉന്നയിക്കാൻ ഉചിതമായ സ്ഥാനമായി കോടതിയെ ഉപയോഗപ്പെടുത്താനാണ് ടെറാന്റിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. 50 പേരാണ് ന്യൂസീലൻഡ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. 40 പേർക്ക് പരുക്കേറ്റു. ഇതില്‍ 34 പേർ ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്. ഒരു നാലുവയസ്സുകാരി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.

ഓസ്ട്രേലിയൻ പൗരനായ ടെറാന്റിന്റെ മനോനില സ്ഥിരതയുള്ളയാളുടേതു പോലെയാണെന്നു മുൻ അഭിഭാഷകൻ റിച്ചാർഡ് പീറ്റേഴ്സ് പറഞ്ഞു. ഇയാൾക്കായി ഈ ശനിയാഴ്ച പീറ്റേഴ്സ് ഹാജരായിരുന്നു. ഏപ്രിൽ 5നാണ് ഇയാളെ ഇനി കോടതിയിൽ ഹാജരാക്കുക. വിദ്വേഷം നിറഞ്ഞ പ്രസ്താവനകൾ നിറച്ച 74 പേജ് കുറിപ്പ് ടെറാന്റിന്റേതായി കണ്ടെത്തി. യൂറോപ്പിലേക്കു കുടിയേറുന്ന നിരക്കുകൾ കുറയ്ക്കണമെന്ന് ഇയാൾ ഈ കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇയാൾ പുകഴ്ത്തുന്നുണ്ട്.

അതേസമയം, ന്യൂസീലൻഡിലെ തോക്ക് ഉപയോഗ നിയമത്തിൽ മാറ്റം വേണമെന്ന് പ്രധാനമന്ത്രി ജസിൻഡ് ആർഡേൻ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. അക്രമി ഉപയോഗിച്ച സെമി ഓട്ടമാറ്റിക് ആയുധങ്ങൾ നിരോധിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ നിയമം മാറുന്നതു സംബന്ധിച്ച റിപ്പോർട്ടുകൾക്കിടെ സെമി ഓട്ടമാറ്റിക് ആയുധങ്ങൾ ആളുകൾ വാങ്ങിക്കൂട്ടുകയാണെന്നു തോക്കു വിൽപ്പനക്കാർ പറഞ്ഞു.

ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് ആർഡേൻ പറഞ്ഞു. തിങ്കളാഴ്ച ന്യൂ സൗത്ത് വെയ്‍‌ൽസിലെ 2 വീടുകൾ ഓസ്ട്രേലിയൻ ഭീകരവിരുദ്ധ സേന റെയ്ഡ് ചെയ്തു. ഒന്ന് ടെറാന്റിന്റെ സഹോദരിയുടെ വീടാണ്. മറ്റൊന്ന് ടെറാന്റ് വളർന്ന വീടും. ന്യൂസീലൻഡ് പൊലീസിനെ സഹായിക്കാനുതകുന്ന എന്തെങ്കിലും വിവരങ്ങൾ ലഭിക്കുമോ എന്നറിയാനാണ് റെയ്ഡ് നടത്തിയതെന്ന് ഓസ്ട്രേലിയൻ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഓസ്ട്രേലിയയിലാണ് ജനിച്ചു വളർന്നതെങ്കിലും ടെറാന്റ് കഴിഞ്ഞ 9 വർഷമായി പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യുകയായിരുന്നു. പാക്കിസ്ഥാനിലേക്കും തുർക്കിയിലേക്കും ഇയാൾ പോയിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ന്യൂസീലൻഡിലെ സൗത്ത് ഐലൻഡിലുള്ള ഡുനെഡിനിലാണ് ഇയാൾ 2017 മുതൽ കഴിഞ്ഞിരുന്നത്. ഇവിടുത്തെ ഗൺ ക്ലബിൽ ഇയാൻ നിരന്തരം പരീശീലനത്തിനു പോയിരുന്നു. സംഭവവികാസങ്ങളെത്തുടർന്ന് ക്ലബ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ചിലപ്പോൾ ക്ലബ് പൂട്ടിയേക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

ആക്രമണത്തെത്തുടർന്ന് ന്യൂസീലൻഡിലെ പല മസ്ജിദുകളും അടച്ചിട്ടിരിക്കുകയാണെങ്കിലും ചില ക്രിസ്ത്യൻ പള്ളികൾ തങ്ങളുടെ സ്ഥലത്ത് പ്രാർഥിക്കാൻ മുസ്‌ലിം വിഭാഗക്കാരെ ക്ഷണിച്ചു.

English Summary: Alleged New Zealand Gunman Fires Lawyer, Says He'll Represent Himself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com