ADVERTISEMENT

ലക്നൗ∙ രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് – സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലാത്ത കളിക്കളം. ബദ്ധ ശത്രുക്കൾ പൊതുനേട്ടത്തിനായി വൈര്യം മറന്നു ഒന്നിക്കുന്ന കാഴ്ച ഇന്ത്യൻ രാഷ്ട്രീയത്തില്‍ അപൂർവ്വതയല്ല. ജാതിസമവാക്യങ്ങൾ നിർണായകമായ ഉത്തർപ്രദേശിൽ ബിജെപിക്കെതിരായി എസ്പിയും ബിഎസ്പിയും ഒന്നിച്ചതാണ് സമീപകാലത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ നീക്കം.

ഭിന്നിപ്പിക്കപ്പെടുന്ന വോട്ടുകളാണ് ബിജെപിയെ തുണയ്ക്കുന്നതെന്ന വിലയിരുത്തലാണ് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും ബിഎസ്പിയുടെ നായികയായ മായാവതിയെയും ഒന്നിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പുകളിൽ വിജയം കണ്ട ഈ സമവാക്യം ലോക്സഭ തിരഞ്ഞെടുപ്പിലും തുടരാനുള്ള തീരുമാനത്തിൽ അഖിലേഷ് യാദവ് എത്തിയത് പിതാവും സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനുമായ മുലായംസിങ് യാദവിന്‍റെ എതിർപ്പുകളെ മറികടന്നാണ്. യുവത്വം മുന്നോട്ടുവയ്ക്കുന്ന പ്രായോഗിക രാഷ്ട്രീയത്തിന്‍റെ പ്രതീകമായാണ് ഇതു വിലയിരുത്തപ്പെട്ടത്.

UP-lok-sabha-election-2014-results-info-graphic-map-MAL

അണികൾക്കിടയിലേക്കും ഒരുമയുടെ സന്ദേശമെത്തിക്കുന്ന സംയുക്ത റാലികളുൾപ്പെടെയുള്ള പ്രചാരണ തന്ത്രങ്ങൾക്കു അഖിലേഷ് യാദവും മായാവതിയും രൂപം കൊടുത്തപ്പോഴും തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ശത്രുവിനൊപ്പമുള്ള നീക്കങ്ങളോടുള്ള വിയോജിപ്പ് മുലായം പരസ്യമായി തന്നെ പുറത്തെടുത്തു. ഒടുവിൽ സമാജ്‍വാദി പാർട്ടിയുടെ ഉരുക്കു കോട്ടയായ മെയിൻപൂരിയിൽ നിന്നും മുലായം ജനവിധി തേടുമെന്ന പ്രഖ്യാപനം വന്നതോടെ മായാവതി ഇവിടെ പ്രചരണത്തിനെത്തുമോയെന്നതായി അടുത്ത ആകാംക്ഷ. മായാവതി മെയിൻപുരിയിൽ എത്തുക മാത്രമല്ല, മുലായംസിങുമായി വേദി പങ്കിടുകവരെ ചെയ്യുമെന്നാണ് ഇരുപാർട്ടികളിലെയും അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.

UP-Legislative-Assembly-election-2017-results-info-graphic-map-MAL

മായാവതിയും അഖിലേഷും മറ്റൊരു സഖ്യകക്ഷി നേതാവായ ആർഎൽഡിയുടെ നേതാവ് അജിത്ത് സിങും ഏപ്രിൽ ഏഴു മുതൽ മെയ് പത്തുവരെ നടത്തുന്ന സംയുക്ത റാലികളിൽ ഒന്ന് മെയിൻപുരിയിലാണെന്നു തീരുമാനിച്ചതോടെയാണ് നീണ്ട 25 വർഷത്തോളമായി ഉത്തർപ്രദേശിലെ രാഷ്ട്രീയ ഗോദയിൽ‌ വീര്യത്തോടെ അങ്കം വെട്ടിയ, ബദ്ധ ശത്രുക്കൾ ഒരു വേദി പങ്കിടുന്നതിനുള്ള സാഹചര്യമൊരുങ്ങിയത്. മുലായത്തോടൊപ്പം വേദി പങ്കിടാനുള്ള സന്നദ്ധത മായാവതി അറിയച്ചതായാണ് സമാജ്‍വാദി പാർട്ടി നേതാക്കൾ നൽകുന്ന സൂചന. പിതാവ് ചെയ്ത തെറ്റുകളുടെ പേരിൽ മകനെ വിലയിരുത്തുന്നത് ശരിയല്ലെന്നും എല്ലാം മറക്കാൻ താൻ തയാറാണെന്നും സഖ്യ രൂപീകരണ സമയത്തു തന്നെ മായാവതി വ്യക്തമാക്കിയിരുന്നു.

മെയിൻപുരിയിലെ സ്ഥാനാർഥിയായ മുലായം ഇത്തവണയും മുഖം തിരിയ്ക്കുമോ എന്നതാണ് അവശേഷിക്കുന്ന വലിയ ചോദ്യം. പഴയ പ്രതാപം അവകാശപ്പെടാനാകില്ലെങ്കിലും എഴുതിതള്ളാൻ കഴിയുന്ന ശക്തിയല്ല മുലായം. നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി എത്തണമെന്നാണ് തന്‍റെ ആഗ്രഹമെന്ന പ്രസ്താവനയുൾപ്പെടെ സമീപകാലത്ത് അഖിലേഷ് യാദവിനെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കുന്ന നിലപാടുകൾ അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുമുണ്ടായ സാഹചര്യത്തിൽ പ്രത്യേകിച്ചും. ഏപ്രിൽ 19നാണ് മുലായത്തിന്‍റെ മണ്ഡലത്തിലെ സംയുക്ത റാലി.

മായാവതിയുമായുള്ള ഏതൊരു സഖ്യവും ഇതിന്‍റെ പേരിൽ നടത്തുന്ന വിട്ടുവീഴ്ചകളും ആപൽക്കരമാണെന്നാണ് മുലായം സിങിന്‍റെ നിലപാട്. വർഷങ്ങളായി ഇരുവർക്കുമിടയിൽ നിലകൊള്ളുന്ന ശത്രുത തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ജാതിസമവാക്യങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾക്കു ചുക്കാൻ പിടിക്കുന്ന പ്രധാന ഘടകമായതിനാൽ തന്നെ തങ്ങളുടെ വോട്ടുബാങ്കിനെ കൂടെ നിർത്താനുള്ള തന്ത്രങ്ങളാണ് ഇരു നേതാക്കളും പരസ്പരം പയറ്റിയിരുന്നത്. ഇടയ്ക്കൊരു കാലത്ത് മുലായം സർക്കാരിനു ബിഎസ്പി പിന്തുണ നൽകിയിരുന്നെങ്കിലും ഇത് അധികകാലം നീണ്ടു നിന്നില്ല. മുലായത്തിന്‍റെ ദലിത് വിരുദ്ധ നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് 1995ൽ സർക്കാരിനുള്ള പിന്തുണ മായാവതി പിൻവലിച്ചത്. 

സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ലക്നൗ ഗസ്റ്റ് ഹൗസ് അക്രമണം ഇതിന്‍റെ ബാക്കിപത്രമായിരുന്നു. ലക്നൗ ഗസ്റ്റ് ഹൗസിൽ വച്ച് സമാജ്‍വാദി പാർട്ടി അംഗങ്ങൾ ക്രിമിനൽ ലക്ഷ്യങ്ങളോടെ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി 1995 ജൂൺ രണ്ടിനു മായാവതി ലക്നൗ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പരസ്പരം ആക്രമിക്കാനുള്ള ഒരവസരവും ഇരുനേതാക്കളും പിന്നീട് കള​ഞ്ഞു കുളിച്ചിട്ടില്ല. ഒരർഥത്തിൽ മുലായത്തിനെതിരായ മായാവതിയുടെ നിലപാടുകൾക്കു കൂടുതൽ കരുത്തു പകർന്ന സംഭവമായിരുന്നു ലക്നൗ ഗസ്റ്റ് ഹൗസിലെ ആക്രമണം. രാജ്യത്തിന്‍റെ വിശാല താത്പര്യം കണക്കിലെടുത്ത് ഈ സംഭവം മറക്കാൻ താൻ ഒരുക്കമാണെന്നു അടുത്തിടെ അവർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

സംസ്ഥാന രാഷ്ടീയത്തിന്‍റെ ഒരുകാലത്തെ ചാലകശക്തിയായി മാറുകയും കോൺഗ്രസിന്‍റെ വേരുകൾക്കു ക്ഷതം വരുത്തുകയും ചെയ്ത രണ്ടു നേതാക്കളെന്ന നിലയിൽ ഉത്തർപ്രദേശിന്‍റെ രാഷ്ട്രീയ ഭൂമികയിൽ മുലായത്തിനും മായാവതിക്കുമുള്ള സ്ഥാനം കുറച്ചു കാണുക എളുപ്പമല്ല. അങ്കത്തട്ടിലെ പോരാട്ടത്തിനിടെ ഏറ്റ മുറിവുകൾ പരസ്പരം മറന്ന് ഇവർ ഒന്നിക്കുകയാണെങ്കിൽ അത് പുതിയ ചരിത്രമാകും. അത്തരമൊരു ചരിത്ര നിമിഷത്തിലേക്കാണ് മെയിൻപുരി കണ്ണുംനട്ടിരിക്കുന്നത്.

English Summary: Mayawati, Mulayam may share stage after 2 decades

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com