ADVERTISEMENT

ഇറ്റാനഗർ∙ അരുണാചൽ പ്രദേശിൽ മലോഗാവ് ഗ്രാമത്തിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനുള്ളത് ഒരേയൊരു വോട്ടർ! സകേല തയേങ് എന്ന 39 വയസ്സുകാരിക്കുവേണ്ടി പ്രിസൈഡിങ് ഓഫിസറും പോളിങ് ഉദ്യോഗസ്ഥരും പൊലീസുകാരും വോട്ട് സാമഗ്രികളുമായി ചുമട്ടുകാരുമെല്ലാം ഗ്രാമത്തിലെത്തും; കാടും മലയും അരുവികളും താണ്ടി, കാൽനടയായി.

അരുണാചലിലെ അഞ്ജാവ് ജില്ലാ ആസ്ഥാനത്തുനിന്നു 40 കിലോമീറ്ററോളം അകലെയാണ് ചൈനയോടു ചേർന്നുകിടക്കുന്ന മലോഗാവ് ഗ്രാമം. ഇവിടെയുണ്ടായിരുന്ന കുടുംബങ്ങളിലേറെയും നഗരങ്ങളിലേക്കു കുടിയേറി. വളരെക്കുറച്ച് ആളുകൾമാത്രമാണ് ഇപ്പോൾ ഗ്രാമത്തിലുള്ളത്. വിരലിലെണ്ണാൻ മാത്രമുള്ള വോട്ടർമാരെല്ലാം അടുത്തുള്ള പോളിങ് സ്റ്റേഷനുകളിൽ പേര് റജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സകേലയുടെ ഭർത്താവ് ജനേലം തയേങ്ങിനും മലോഗാവിൽ തന്നെയായിരുന്നു വോട്ട്. അന്ന് ഈ ദമ്പതികൾ വോട്ട് രേഖപ്പെടുത്തിയതോടെ 100% പോളിങ് രേഖപ്പെടുത്തിയ ഗ്രാമമായി മലോഗാവ്. ഇത്തവണ ജനേലവും ഗ്രാമത്തിനു പുറത്തു പേര് റജിസ്റ്റർ ചെയ്തതോടെ, സകേലയുടെ വോട്ട് മാത്രം മതി ഗ്രാമത്തിന് ഈ നേട്ടം കൈവരിക്കാൻ.

Arunachal Pradesh Lol Sabha Elections 2019

ഏപ്രിൽ 11നാണ് അരുണാചലിൽ നിയമസഭയിലേക്കും ലോക്സഭയിലേക്കും വോട്ടെടുപ്പ്. പത്തോളം ഉദ്യോഗസ്ഥരും വോട്ട് സാമഗ്രികളുമായി അത്രതന്നെ ചുമട്ടുകാരും നാലുമണിക്കൂർ നടന്ന് പോളിങ് സ്റ്റേഷനിലെത്തും. ഒരു വോട്ടർ മാത്രമേയുള്ളൂവെങ്കിലും രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ ബൂത്ത് സജീവമായിരിക്കും. സകേലയ്ക്കു സൗകര്യംപോലെ വന്ന് വോട്ട് ചെയ്യാം.

പത്തിൽതാഴെ വോട്ടർമാരുള്ള ഏഴു ബൂത്തുകൾ സംസ്ഥാനത്തുണ്ട്. പക്കെ-കെസാങ് മണ്ഡലത്തിലെ ലാംട ബൂത്തിൽ ആറു വോട്ടർമാരാണുള്ളത്. പത്തിനും നൂറിനുമിടയിൽ വോട്ടർമാരുള്ള 281, 101-200 വോട്ടർമാരുള്ള 453 വീതം ബൂത്തുകൾ അരുണാചലിലുണ്ട്. ഇറ്റാനഗർ മണ്ഡലത്തിലെ നാഹരലഗൺ ബൂത്തിലാണ് കൂടുതൽ വോട്ടർമാർ - 1,340 പേർ. 30-50 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് എത്തിപ്പെടേണ്ട 518 ബൂത്തുകൾ സ്ഥാനാർഥികൾക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വെല്ലുവിളിയായുണ്ട്. ചിലയിടങ്ങളിൽ എത്തിപ്പെടാൻ മൂന്നു ദിവസംവരെ വേണം.

7.94 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ നാലു ലക്ഷം സ്ത്രീകൾ. ഇത്തവണ വനിതാ വോട്ടർമാർക്കു മാത്രമായി 11 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നുണ്ട്.

English Summary: 1 voter in an Arunachal booth on April 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com