ADVERTISEMENT

മുംബൈ∙ അനുജന്‍ അനില്‍ അംബാനിയെ ജയില്‍ ശിക്ഷയില്‍നിന്ന് രക്ഷിച്ച് റിലയൻസ് മേധാവി മുകേഷ് അംബാനി. ടെലികോം കമ്പനി എറിക്സണ്‍ ഇന്ത്യയ്ക്ക് അനില്‍ നല്‍കാനുളള 550 കോടി രൂപ സുപ്രീം കോടതിയില്‍ കെട്ടിവയ്ക്കാനായി നല്‍കിയാണ് മുകേഷ് അനുജനെ രക്ഷിച്ചത്. പണം കെട്ടിവയ്ക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം തീരാന്‍ ഒരുദിവസം ബാക്കി നില്‍ക്കെയാണ് അനിലിന്റെ റിലയന്‍സ് കമ്യുണിക്കേഷന്‍ പണം അടച്ചത്. പണം നല്‍കിയില്ലെങ്കില്‍ അനില്‍ അംബാനിയും കൂട്ടുപ്രതികളും മൂന്നുമാസം തടവ് അനുഭവിക്കണമെന്നായിരുന്നു ഫെബ്രുവരി 20ലെ സുപ്രീം കോടതി വിധി.

പണം അടച്ചതായി റിലയന്‍സ് കമ്യുണക്കേഷന്‍ വ്യക്തമാക്കിയതിനു പിന്നാലെ സഹോദരന്‍ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും നന്ദിപറഞ്ഞ് അനില്‍ അംബാനി പ്രസ്താവനയിറക്കി. വിഷമഘട്ടത്തില്‍ ഒപ്പം നിന്നതിനു താനും കുടുംബവും ഹൃദയം നിറഞ്ഞ നന്ദി പറയുന്നുവെന്നായിരുന്നു അനില്‍ അംബാനിയുടെ പ്രസ്താവന.

വിൽപത്രമെഴുതിവയ്ക്കാതെ പിതാവ് ധീരുഭായ് അംബാനി 2002ൽ അന്തരിച്ചതോടെയാണ് സഹോദരങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടായത്. ഇതേത്തുടർന്ന് റിലയൻസിനെ ഇരുവരും രണ്ടായി പകുത്തു. ഊർജ, ടെലികോം മേഖലകൾ അനിലും പരമ്പരാഗത വ്യവസായങ്ങളായ ഓയിൽ, പെട്രോകെമിക്കൽ തുടങ്ങിയവ മുകേഷും മുന്നോട്ടുനടത്തി. ഇരുവരുടെയും ഇടയിലെ പ്രശ്നങ്ങൾ അവിടംകൊണ്ടും അവസാനിച്ചിരുന്നില്ല. ‌

ന്യൂയോർക്ക് ടൈംസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമർശങ്ങൾക്കെതിരെ 10,000 കോടി രൂപയുടെ അപകീർത്തിക്കേസാണ് അനിൽ മുകേഷിനെതിരെ ചുമത്തിയത്. പിന്നീട് 2010ൽ അമ്മ കോകിലബെൻ അംബാനി ഇടപെട്ടാണ് ഇരുവർക്കുമിടയിൽ സമാധാനം കൊണ്ടുവന്നത്. പിന്നീട് മഞ്ഞുരുകുന്നുവെന്ന സൂചനകളുണ്ടായിരുന്നു. 2017 ഡിസംബർ 28ന് (ധീരുഭായ് അംബാനിയുടെ 85ാം ജന്മവാർഷികത്തിൽ) അനിലിന്റെ കടംകയറിമുടിഞ്ഞ ആർകോം 23,000 കോടി രൂപയ്ക്ക് മുകേഷിന്റെ ജിയോ വാങ്ങാൻ ധാരണയായിരുന്നു. എന്നാൽ ആർകോമും എറിക്സണും തമ്മിലുള്ള കേസ് കോടതിയിൽ ഉള്ളതിനാൽ ഈ ഇടപാടും നിയമത്തിന്റെ നൂലാമാലകൾ ക്ഷണിച്ചുവരുത്തി. അടുത്തിടെ മുകേഷിന്റെ മക്കളായ ഇഷയുടെയും ആകാശിന്റെയും കല്യാണങ്ങൾക്ക് അനിലും ഭാര്യ ടീനയും ആദ്യാവസാനം പങ്കെടുത്തിരുന്നു.

English Summary: Anil Ambani Thanks Brother Mukesh For Last-Minute Save

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com