ADVERTISEMENT

തിരുവനന്തപുരം: യുവതീപ്രവേശം ഉള്‍പ്പെടെ ഏറെ അനുകൂലഘടകങ്ങള്‍ നിലവിലുണ്ടായിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകുന്നതിനെ ചൊല്ലി ബിജെപിക്കുള്ളില്‍ പുകഞ്ഞിരുന്ന അമര്‍ഷം ആര്‍എസ്എസിലേക്കും. സ്ഥാനാര്‍ഥികളെച്ചൊല്ലി തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത് തിരിച്ചടിയാകുമെന്ന് ആര്‍എസ്എസ് മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. മറ്റു മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുമ്പു തന്നെ പട്ടിക പുറത്തുവിട്ട് അനുകൂലതരംഗം മുതലെടുക്കുകയാണ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നതെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം. 

ശബരിമല യുവതീപ്രവേശന വിഷയത്തിലെ പ്രക്ഷോഭവും അതിനു സാമുദായിക സംഘടനകളുടെ പിന്തുണയും അനുകൂല ഘടകങ്ങളായി മാറിയിട്ടും അതിനെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന വിമര്‍ശനവുമായി ആര്‍എസ്എസും രംഗത്തെത്തി. ബിജെപിയുടെ പ്രധാന നേതാക്കളെ സ്ഥാനാര്‍ഥികളാക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. കെ.സുരേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കണമെന്നും ആര്‍എസ്എസ് നേതൃത്വം നിര്‍ദേശിക്കുന്നു.

പത്തനംതിട്ട  ലോക്‌സഭാ സീറ്റിനായി പലരും രംഗത്തെത്തിയതോടെയാണ് സീറ്റു നിര്‍ണയം പ്രതിസന്ധിയിലായത്. പ്രമുഖ നേതാക്കളെല്ലാം പത്തനംതിട്ട സീറ്റു വേണമെന്ന ആഗ്രഹം പരസ്യമാക്കിയതോടെ,  അധികാരക്കൊതിയുടെ പേരില്‍ കേരളത്തിലെ ജയസാധ്യതകള്‍ നേതാക്കള്‍ ഇല്ലാതാക്കുന്നതായാണ് ബിജെപിക്കുള്ളിലെ വിമര്‍ശനം.

ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പത്തനംതിട്ട സീറ്റിനായി അവകാശവാദമുന്നയിച്ചതാണ് സംസ്ഥാന നേതൃത്വത്തില്‍ ഭിന്നതയ്ക്കിടയാക്കിയതെന്നാണു റിപ്പോര്‍ട്ട്. സ്വയം തീരുമാനിച്ച മണ്ഡലങ്ങള്‍ക്കായി മറ്റു നേതാക്കളും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. പാലക്കാട് ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് ശോഭാ സുരേന്ദ്രന്റെ നിലപാട്. പത്തനംതിട്ടയോ തൃശൂരോപോലുള്ള സുരക്ഷിത മണ്ഡലങ്ങള്‍ വേണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു. എം.ടി.രമേശിനും അല്‍ഫോണ്‍സ് കണ്ണന്താനത്തിനും പത്തനംതിട്ടയാണ് താല്‍പര്യം. 

ശബരിമലയിലെ യുവതീപ്രവേശനം വിവാദമായതോടെയാണ് പാര്‍ട്ടിക്ക് തീരെ സാധ്യതയില്ലാതിരുന്ന പത്തനംതിട്ടയ്ക്ക് ആവശ്യക്കാരേറിയത്. ശബരിമല വിഷയം തുണയാകുമെന്നും പത്തനംതിട്ടയിലൂടെ ലോക്‌സഭയിലേത്താനാകുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. തിരുവനന്തപുരത്ത് മത്സരിക്കണമെന്ന ആഗ്രഹത്തിലായിരുന്നു പി.എസ്.ശ്രീധരന്‍പിള്ള. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കാന്‍ സാധ്യതയേറിയതോടെ പത്തനംതിട്ടയില്‍ താല്‍പര്യമേറി. 

ശ്രീധരന്‍പിള്ള സ്ഥാനാര്‍ഥിയാകുന്നതിനോട് എന്‍എസ്എസ് നേതൃത്വത്തിനും അനുകൂല നിലപാടാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. കേന്ദ്രനേതാക്കളുടെ പിന്തുണയുള്ളതും പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് അനുകൂല ഘടകമാണ്.

എന്നാല്‍, ശബരിമലപ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയും ജയിലില്‍ കിടക്കേണ്ടിവരികയും ചെയ്ത ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് സീറ്റു നല്‍കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ആര്‍എസ്എസിനും ഇതേ നിലപാടാണ്. കഴിഞ്ഞ തവണ മത്സരിച്ച പത്തനംതിട്ടയില്‍ വീണ്ടും മത്സരിക്കണമെന്ന ആവശ്യം എം.ടി.രമേശും മുന്നോട്ടുവയ്ക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1,38,954 വോട്ടുകള്‍ നേടി എം.ടി. രമേശ് മൂന്നാമതെത്തിയിരുന്നു. 

പത്തനംതിട്ടയ്ക്ക് പകരം സുരേന്ദ്രനെ ആറ്റിങ്ങലിലും അല്‍ഫോണ്‍സ് കണ്ണന്താനത്തെ കൊല്ലത്തും മത്സരിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും രണ്ടു നേതാക്കള്‍ക്കും ഇതു സ്വീകാര്യമല്ല. പത്തനംതിട്ടയില്ലെങ്കില്‍ തൃശൂരില്‍ മത്സരിക്കാമെന്ന നിലപാടിലായിരുന്നു കെ.സുരേന്ദ്രന്‍. ഡല്‍ഹിയില്‍ അമിത്ഷായുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ തൃശൂരില്‍ മത്സരിക്കാന്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തയാറായതോടെ സുരേന്ദ്രന്റെ ഈ സാധ്യത ഇല്ലാതായി. 

വിജയസാധ്യതയുള്ള മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നിലപാട്. കാഞ്ഞിരപ്പള്ളിയില്‍ നിയമസഭാ സാമാജികനായിരുന്നത് താല്‍പര്യം വര്‍ധിപ്പിക്കുന്നു. 2006ല്‍ എല്‍ഡിഎഫ് പിന്തുണയോടെ 10,737 വോട്ടുകള്‍ക്കാണ് അദ്ദേഹം കാഞ്ഞിരപ്പള്ളിയില്‍നിന്ന് നിയമസഭയിലെത്തിയത്. 2011ലാണ് ബിജെപിയില്‍ ചേര്‍ന്നത്.

പത്തനംതിട്ടയിലെ സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമാണെന്നു കണ്ണന്താനം വിലയിരുത്തുന്നു. തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. ബിജെപി അധ്യക്ഷന്‍ പത്തനംതിട്ടയില്‍ മത്സരിക്കട്ടെയെന്ന തീരുമാനത്തിലേക്ക് കേന്ദ്ര നേതൃത്വമെത്തിയാല്‍ അതിനനുസരിച്ച് മറ്റു നേതാക്കള്‍ക്ക് മണ്ഡലങ്ങള്‍ മാറേണ്ടിവരും. ഇന്ന് ഉച്ചയ്ക്ക് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗം അന്തിമ തീരുമാനമെടുക്കും. 

ബിജെപി സാധ്യതാപട്ടിക ഇങ്ങനെ: തിരുവനന്തപുരം - കുമ്മനം രാജശേഖരന്‍, പത്തനംതിട്ട - പി.എസ്.ശ്രീധരന്‍പിള്ള, ചാലക്കുടി - എ.എന്‍. രാധാകൃഷ്ണന്‍, വടകര - സജീവന്‍, കണ്ണൂര്‍ - സി.കെ.പത്മനാഭന്‍, കാസര്‍ഗോഡ് - പ്രകാശ്ബാബു,  മലപ്പുറം -  ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പാലക്കാട് - കൃഷ്ണകുമാര്‍, എറണാകുളം - ടോം വടക്കന്‍, കോഴിക്കോട് - പ്രകാശ് ബാബു, ആലപ്പുഴ - കെ.എസ്.രാധാകൃഷ്ണന്‍,  പൊന്നാനി - വി.ടി.രമ. ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട സീറ്റുകളില്‍ അനിശ്ചിതത്വം തുടരുന്നു.

English Summary : BJP Candidate List in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com