ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ 9 എംഎല്‍എമാരെ ഇടത്, വലതു മുന്നണികള്‍ രംഗത്തിറക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യം. എല്‍ഡിഎഫിന്റെ ആറും യുഡിഎഫിന്റെ മൂന്നും എംഎല്‍എമാരാണ് മത്സരിക്കുന്നത്. ലോക്സഭാ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയ എംഎല്‍എമാര്‍ സ്ഥിരമായി വിജയിക്കുന്ന നിയമസഭാ മണ്ഡലങ്ങളും എതിരാളികളില്‍നിന്നു പിടിച്ചെടുത്ത മണ്ഡലങ്ങളും കൂട്ടത്തിലുണ്ട്.

9 പേരും വിജയിച്ചാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം വലിയൊരു ഉപതിരഞ്ഞെടുപ്പു പോരാട്ടത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കും. വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന മണ്ഡലങ്ങളില്‍ അനുയോജ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്തുകയെന്നത് മുന്നണികള്‍ക്ക് തലവേദനയാകും. 

എല്‍ഡിഎഫിൽനിന്ന് എ.എം.ആരിഫ് (അരൂര്‍), വീണാ ജോര്‍ജ് (ആറന്‍മുള), എ.പ്രദീപ് കുമാർ (കോഴിക്കോട് നോര്‍ത്ത്‍), പി.വി.അന്‍വർ (നിലമ്പൂര്‍‍), സി.ദിവാകരന്‍ (നെടുമങ്ങാട്), ചിറ്റയം ഗോപകുമാര്‍ (അടൂര്‍) എന്നിവരും യുഡിഎഫിൽനിന്ന് കെ.മുരളീധരൻ (വട്ടിയൂര്‍ക്കാവ്‍), അടൂർ പ്രകാശ് (കോന്നി), ഹൈബി ഈഡൻ (എറണാകുളം‍) എന്നിവരുമാണു മത്സരിക്കുന്നത്. 

തിരഞ്ഞെടുപ്പു വിജയം അനിവാര്യമായതിനാലാണ് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള എംഎല്‍എമാരെതന്നെ രംഗത്തിറക്കാന്‍ പാര്‍ട്ടികള്‍ തീരുമാനിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ എംഎല്‍എ ആയിരുന്ന എം.എ.ബേബി ആര്‍എസ്പി സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനെതിരെ കൊല്ലത്തും തിരുവല്ല എംഎല്‍എ ആയിരുന്ന മാത്യു ടി.തോമസ് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ജോസ് കെ.മാണിക്കെതിരെ കോട്ടയത്തും മത്സരിച്ചിരുന്നു. രണ്ടുപേരും തോറ്റതിനാല്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നില്ല.

2009 ല്‍ മൂന്ന് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍നിന്നു ലോക്സഭയിലേക്ക് മത്സരിച്ചത്- കണ്ണൂരില്‍ കെ.സുധാകരന്‍, ആലപ്പുഴയില്‍ കെ.സി.വേണുഗോപാല്‍, എറണാകുളത്ത് കെ.വി.തോമസ്. മൂന്നുപേരും ജയിച്ചു. ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ അബ്ദുല്ലക്കുട്ടിയും ആലപ്പുഴയില്‍ എ.എ.ഷുക്കൂറും എറണാകുളത്ത് ഡൊമനിക് പ്രസന്റേഷനും വിജയിച്ചു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍മാരെയാണ് എല്‍ഡിഎഫ് പരീക്ഷിച്ചതെങ്കില്‍ ഇത്തവണ ജനകീയരായ എംഎല്‍എമാരെയാണു രംഗത്തിറക്കുന്നത്. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ.പ്രദീപ്കുമാറിനെയാണ് കോഴിക്കോട് പിടിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ എം.കെ.രാഘവനാണ് എതിര്‍ സ്ഥാനാര്‍ഥി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27,873 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ.പ്രദീപ്കുമാര്‍ കോണ്‍ഗ്രസിലെ പി.എം.സുരേഷ്ബാബുവിനെ തോല്‍പിച്ചത്. 2011 ല്‍ 8,998 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ പി.വി.ഗംഗാധരനെ പരാജയപ്പെടുത്തി. 2006 ല്‍ കോഴിക്കോട് 1 മണ്ഡലത്തില്‍നിന്ന് 7,705 വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസിലെ സുജനപാലായിരുന്നു എതിർ‌ സ്ഥാനാര്‍ഥി. 

അരൂര്‍ നിയമസഭാ മണ്ഡലം 2006 മുതല്‍ തുടര്‍ച്ചയായി സിപിഎമ്മിനുവേണ്ടി നിലനിര്‍ത്തുന്നത് ഇത്തവണ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ എം.എം.ആരിഫാണ്. ഷാനിമോള്‍ ഉസ്മാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38,519 വോട്ടുകള്‍ക്കാണ് ആരിഫ് കോണ്‍ഗ്രസിലെ സി.ആര്‍.ജയപ്രകാശിനെ പരാജയപ്പെടുത്തിയത്. തൊട്ടു മുന്‍പത്തെ തിരഞ്ഞെടുപ്പില്‍ 16,852 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ എ.എ.ഷുക്കൂറിനെ പരാജയപ്പെടുത്തി. 2006 ല്‍ 4,753 വോട്ടുകള്‍ക്ക് കെ.ആര്‍.ഗൗരിയമ്മയെ പരാജയപ്പെടുത്തിയ ചരിത്രവും ആരിഫിനുണ്ട്. 

ഇരു മുന്നണികളെയും മാറിമാറി തുണച്ച പാരമ്പര്യമുള്ള ആറന്‍മുളയില്‍, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണു മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജ് സ്ഥാനാര്‍ഥിയായത്. 7,646 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ശിവദാസന്‍ നായരെ പരാജയപ്പെടുത്തി. മണ്ഡലത്തിൽ വീണാ ജോര്‍ജിന്റെ ജനസമ്മതിയും സാമുദായിക ഘടകങ്ങളും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ തുണയാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. 

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ കുത്തകയായിരുന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലം എല്‍ഡിഎഫിന് നേടിക്കൊടുത്തതിന്റെ പോരാട്ട വീര്യവുമായാണ് പി.വി.അന്‍വര്‍ പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നത്. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ അന്‍വര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി നിലമ്പൂരില്‍ 11,504 വോട്ടിനാണ് കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയത്.

ഇരു മുന്നണികളെയും മാറിമാറി ജയിപ്പിച്ച ചരിത്രമുള്ള നെടുമങ്ങാട് നിയമസഭാ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ദിവാകരന്‍ 3,621 വോട്ടിനാണ് കോണ്‍ഗ്രസിലെ പാലോട് രവിയെ പരാജയപ്പെടുത്തിയത്. ഏറെ ചര്‍ച്ചകള്‍ക്കുശേഷമാണ് ദിവാകരനെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ പോരാടാന്‍ മണ്ഡലത്തില്‍ ഏറെ ബന്ധങ്ങളുള്ള ദിവാകരനു കഴിയുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു.

കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നാലു തവണ തുടര്‍ച്ചയായി ജയിച്ച അടൂർ മണ്ഡലം സിപിഐ സ്വന്തമാക്കിയത് ചിറ്റയം ഗോപകുമാറിലൂടെയാണ്. 2011 ല്‍ 607 വോട്ടിനാണ് ചിറ്റയം ഗോപകുമാര്‍ കോണ്‍ഗ്രസിലെ പന്തളം സുധാകരനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 25,460 വോട്ടിന് കോണ്‍ഗ്രസിലെ കെ.കെ.ഷാജുവിനെ പരാജയപ്പെടുത്തി. ഗോപകുമാര്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാവേലിക്കര ലോക്സഭാ മണ്ഡലം പിടിക്കാന്‍ തുണയാകുമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു. സിറ്റിങ് എംപി കൊടിക്കുന്നില്‍ സുരേഷാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

തിരുവനന്തപുരം നഗരത്തിലെ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ 2011ല്‍ സ്ഥാനാര്‍ഥിയാകുന്നത് അപ്രതീക്ഷിതമായാണ്. അന്ന് മുരളീധരന്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ ചെറിയാന്‍ ഫിലിപ്പിനെ 16,167 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ലീഡ് നില മാറിമറിഞ്ഞ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7,622 വോട്ടിനാണ് മുരളീധരന്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. സിപിഎം സ്ഥാനാര്‍ഥി ടി.എന്‍.സീമ മൂന്നാം സ്ഥാനത്തായി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടതോടെയാണ് ‘തുറുപ്പു ചീട്ടായി’ കെ. മുരളീധരനെ പാര്‍ട്ടി രംഗത്തിറക്കിയത്. സിപിഎം നേതാവ് പി.ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നു പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നതോടെയാണ് മുരളിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. മുരളീധരന്‍ വടകരയില്‍ വിജയിച്ചാല്‍, ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായി വട്ടിയൂര്‍ക്കാവ് മാറും. 

എല്‍ഡിഎഫ് വര്‍ഷങ്ങളായി വിജയിക്കുന്ന ആറ്റിങ്ങല്‍ മണ്ഡലം പിടിക്കാനാണ് കോന്നി എംഎല്‍എ അടൂര്‍ പ്രകാശിനെ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. അടൂര്‍ പ്രകാശ് മത്സരിച്ചാല്‍ സാമുദായിക ഘടകങ്ങള്‍ അനുകൂലമാകുമെന്ന് മുന്നണി വിശ്വസിക്കുന്നു. സിറ്റിങ് എംഎല്‍എ സമ്പത്താണ് എതിര്‍ സ്ഥാനാര്‍ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 20,748 വോട്ടിനാണ് അടൂർ പ്രകാശ് സിപിഎമ്മിലെ സനല്‍ കുമാറിനെ പരാജയപ്പെടുത്തിയത്.

2011ല്‍ അടൂര്‍ പ്രകാശ് സിപിഎമ്മിലെ എം.എസ്.രാജേന്ദ്രനെ 7,774 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2006ല്‍ സിപിഎമ്മിലെ വി.ആര്‍.ശിവരാജനെ 14,895 വോട്ടിനും, 2001ല്‍ കടമ്മനിട്ട രാമകൃഷ്ണനെ 14,050 വോട്ടിനും പരാജയപ്പെടുത്തി. 1996ല്‍ സിപിഎമ്മിലെ എ.പത്മകുമാറിനെ 806 വോട്ടിന് പരാജയപ്പെടുത്തി.

2009 ല്‍ തലതാരിഴയ്ക്കാണ് ഹൈബി ഈഡന് എറണാകുളം ലോക്സഭാ സീറ്റ് നഷ്ടമായത്. ഇപ്പോള്‍ സ്ഥാനാര്‍ഥിയായത് സിറ്റിങ് എംപി കെ.വി.തോമസിന്റെ പ്രതിഷേധങ്ങള്‍ മറികടന്ന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21,949 വോട്ടുകള്‍ക്കാണ് ഹൈബി ഈഡന്‍ സിപിഎമ്മിലെ അനില്‍കുമാറിനെ തോല്‍പിച്ചത്. 2011ല്‍ എല്‍എഫിലെ സെബാസ്റ്റ്യന്‍ പോളിനെ 32,437 വോട്ടിന് തോല്‍പിച്ചു. സിപിഎമ്മിലെ പി.രാജീവാണ് ഇത്തവണ ഹൈബിയുടെ എതിര്‍ സ്ഥാനാര്‍ഥി.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാംഗങ്ങളെ സ്ഥാനാര്‍ഥികളായി മത്സരിപ്പിക്കാനുള്ള കേരളത്തിലെ യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ തീരുമാനം ജനങ്ങളെ അവഹേളിക്കുന്നതാണെന്നു ബിജെപി ആരോപിച്ചു. കാലാവധി പൂര്‍ത്തിയാവും മുമ്പേ നിയമസഭാംഗങ്ങള്‍ ലോക്സഭയിലേക്കു മത്സരിക്കുന്നതു ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ.്ശ്രീധരന്‍ പിള്ള പറഞ്ഞു.

English Summary: Fielding 9 sitting MLAs for Lok Sabha Elections 2019 in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com