ADVERTISEMENT

മുന്നണി രാഷ്ട്രീയം ബിജെപി ഏറ്റവും തന്ത്രപരമായി പയറ്റുന്ന സംസ്ഥാനമാണ് ബിഹാര്‍. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും ആര്‍ജെഡിയുടെ കരുത്തില്‍ പോരാട്ടത്തിനിറങ്ങുന്ന വിശാലസഖ്യവും തമ്മിലാണ് പോരാട്ടം. 2014 ൽ എൻഡിഎയെ വിജയത്തിലേക്കു നയിച്ച നരേന്ദ്ര മോദിക്കൊപ്പം ‌നിതീഷ് കുമാറിന്റെ ‍െജഡിയുവും ചേരുന്ന കൂട്ടുകെട്ട് ഒരു ഭാഗത്തും രാഹുൽ ഗാന്ധിയും ആർജെഡിയുടെ തേജസ്വി യാദവും അടങ്ങുന്ന സഖ്യം മറുഭാഗത്തും നിൽക്കുമ്പോൾ ബിഹാറില്‍ ഇക്കുറി തീപാറും.

മോദിയുടെ തലയെടുപ്പിനൊപ്പം നിതീഷ് കുമാറിന്‍റെ ജനകീയതയും ചേരുമ്പോൾ മുൻതൂക്കം ലഭിക്കുമെന്ന് എന്‍ഡിഎ കരുതുന്നു. എന്നാൽ കോൺഗ്രസ്സിനെ കൂട്ടുപിടിച്ച് വൻ തിരിച്ചുവരവു നടത്താനാകുമെന്നാണ് ആർജെഡിയുടെ വിശ്വാസം. കഴിഞ്ഞ ദിവസം ഡല്‍ഹിയിൽ നടന്ന ചര്‍ച്ചയിൽ ഇരുപാർട്ടികളും തമ്മിൽ സീറ്റിന്റെ കാര്യത്തിൽ ധാരണയിലെത്തിയിരുന്നു. 40 സീറ്റിൽ 17 ല്‍ ആര്‍ജെഡിയും 11 ല്‍ കോണ്‍ഗ്രസും മത്സരിക്കും. എന്‍ഡിഎ വിട്ട് സഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് സാമന്ത പാര്‍ട്ടി നാലു സീറ്റിലും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, എല്‍ജെഡി എന്നിവർ ഓരോ സീറ്റിലും മൽസരിക്കും. ശേഷിക്കുന്ന സീറ്റുകള്‍ ഇടത് പാര്‍ട്ടികള്‍ക്ക് നല്‍കിയേക്കുമെന്നാണ് അറിയുന്നത്.

ഒരു ദിവസം നീണ്ട ചർച്ചയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് നേതൃത്വം നൽകിയത്. സീറ്റ് ചര്‍ച്ച വിജയകരമാണെന്നും ഒന്നിലും ആശങ്കയില്ലെന്നുമാണ് ആർജെഡി നേതാവ് തേജസ്വി യാദവ് മാധ്യമങ്ങളോടു പ്രതികരിച്ചത്. സീറ്റ് ചർച്ച പൂർത്തിയായതോടെ പാർട്ടികളെല്ലാം സ്ഥാനാര്‍ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 11 നാണ് ബിഹാറില്‍ വോട്ടെടുപ്പ് തുടങ്ങുന്നത്. കഴിഞ്ഞ ‌തവണ ആറു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നതെങ്കിൽ ഇത്തവണ ഏഴു ഘട്ടമായാണ് പോളിങ്. മേയ് 19 നാണ് അവസാന ഘട്ട വോട്ടെടുപ്പ്.

അതേസമയം, എൻഡിഎയെ സഹായിക്കാനാണ് ബിഹാറിലെ തിരഞ്ഞെടുപ്പ് ഏഴു ഘട്ടമാക്കിയതെന്നും ആരോപണമുണ്ട്. എൻഡിഎ നേതാക്കളുടെ സൗകര്യവും സമയവും നോക്കിയാണ് കേവലം 40 സീറ്റുള്ള ബിഹാറിൽ വോട്ടെടുപ്പ് നീട്ടിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ആദ്യ രണ്ടു ഘട്ടത്തില്‍ നാലു മണ്ഡലങ്ങളിൽ മാത്രമാണ് വോട്ടെടുപ്പ്. അടുത്ത മൂന്നു ഘട്ടങ്ങളിൽ അഞ്ച് മണ്ഡലങ്ങളിലും അവസാന രണ്ട് ഘട്ടങ്ങളിൽ 17 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പു നടക്കും. നരേന്ദ്ര മോദിക്ക് സൗകര്യമുള്ള ദിവസങ്ങളിലാണ് ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് പ്രതിപക്ഷ കക്ഷികളുടെ മുഖ്യ ആരോപണം.

പണ്ടു മുതൽക്കേ ബിഹാര്‍ രാഷ്ട്രീയം ഗതിമാറ്റങ്ങളുടെ പരീക്ഷണശാലയാണ്. 40 ലോക്സഭാ സീറ്റുകളിൽ എന്തും സംഭവിക്കാം‍. ബിജെപി, ജെഡിയു, എല്‍ജെപി സഖ്യം ഒരുവശത്ത്. ആര്‍ജെഡി, കോണ്‍ഗ്രസ്, ആര്‍എല്‍എസ്പി, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച എന്നീ കക്ഷികളുടെ മുന്നണി മറുവശത്ത്.

2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ഇങ്ങിനെയായിരുന്നു.- നരേന്ദ്ര മോദി തരംഗം ആഞ്ഞടിച്ച പോരാട്ടത്തില്‍ ബിജെപി 22 സീറ്റുകള്‍ നേടി. സഖ്യകക്ഷികളായ എല്‍ജെപി ആറ് സീറ്റും ആര്‍എല്‍എസ്പി മൂന്ന് സീറ്റും നേടി. തനിച്ച് മല്‍സരിച്ച ജെഡിയുവിന് രണ്ട് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ആര്‍ജെഡി നാലു സീറ്റിലും കോണ്‍ഗ്രസ് രണ്ടു സീറ്റിലും ജയിച്ചു.

ബിഹാറിന്‍റെ മണ്ണില്‍ ചിത്രം ഏറെ മാറി. ലാലുപ്രസാദ് യാദവിനൊപ്പംനിന്ന് ബിജെപിയെ വീഴ്ത്താന്‍ വിശാലസഖ്യം ഒരുക്കിയ നിതീഷ് കുമാര്‍ മുന്നണി വിട്ടു. അവസരത്തിനൊത്തു കളിച്ച നിതീഷ് മോദിക്കു കൈകൊടുത്തു. മോദിക്കൊപ്പമുണ്ടായിരുന്ന ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്‍വാഹ പ്രതിപക്ഷ നിരയിലേക്കു ചുവടുമാറ്റി.

അതെ, മുന്നണി രാഷ്ട്രീയം ഏറ്റവും കരുതലോടെ ബിജെപി പയറ്റാനൊരുങ്ങുന്ന സംസ്ഥാനമാണ് ബിഹാര്‍. മോദിക്കൊപ്പമോ അല്ലെങ്കില്‍ ഒരുപടി മേലെയോ നിതീഷ് കുമാറിനു പ്രധാന്യമുണ്ടെന്നാണ് ഇപ്പോഴും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കലഹങ്ങള്‍ക്കൊടുവില്‍ എന്‍ഡിഎയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. ബിജെപിയും ജെഡിയുവും 17 വീതം സീറ്റില്‍ മല്‍സരിക്കും. റാംവിലാസ് പാസ്വാന്‍റെ എല്‍ജെപി ആറു സീറ്റില്‍ ജനവിധി തേടും. ബിജെപി – ജെഡിയു – എല്‍ജെപി സഖ്യം വലിയ നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനങ്ങള്‍.

2009 ല്‍ ബിജെപി - ജെഡിയു സഖ്യം 32 സീറ്റ് നേടിയിരുന്നു. സാമുദായിക സമവാക്യങ്ങള്‍ നോക്കിയാല്‍ മുന്നാക്ക വിഭാഗങ്ങളും കുര്‍മികള്‍ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാരും എന്‍ഡിഎയ്ക്കൊപ്പം നിന്നേക്കും. യാദവരും ന്യൂനപക്ഷങ്ങളും പട്ടിക വിഭാഗങ്ങളും വിശാലസഖ്യത്തെ തുണച്ചേക്കും.

2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ആകെ 243 സീറ്റിൽ 178 സീറ്റിലാണ് മഹാസഖ്യം വിജയിച്ചത്. ആർജെഡി മാത്രം 80 സീറ്റുകൾ സ്വന്തമാക്കി. എന്നാൽ ബിജെപിക്കു ലഭിച്ചത് കേവലം 53 സീറ്റ് മാത്രമാണ്. എൻഡിഎക്ക് ആകെ കിട്ടിയത് 58 സീറ്റ്. ‍മഹാസഖ്യത്തിലെ ജെഡിയു 71 സീറ്റുകളും കോൺഗ്രസ് 27 സീറ്റും നേടി.

അതേസമയം, 2010 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 91 സീറ്റുകൾ നേടിയിരുന്നു. അന്ന് ജെഡിയു സ്വന്തമാക്കിയത് 115 സീറ്റുകളാണ്. എന്നാൽ ആർജെഡിക്ക് 22 സീറ്റും കോൺഗ്രസ്സിന് നാലു സീറ്റുമാണ് നേടാനായത്.

English Summary: Bihar Elections 2019, BJP, NDA, JDU, Congress, RJD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com