ADVERTISEMENT

വാഷിങ്ടന്‍∙ ഭീകരർക്കെതിരെ പാക്കിസ്ഥാനെക്കൊണ്ടു നടപടികൾ സ്വീകരിപ്പിക്കുന്നതിനു ചൈന മുന്‍കയ്യെടുക്കണമെന്ന് യുഎസ്.

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കം വീണ്ടും തടയാൻ ചൈന തീരുമാനിച്ചതു വലിയ നിരാശയാണ് ഉണ്ടാക്കുന്നത്. ഇക്കാര്യത്തിൽ പാക്കിസ്ഥാനെ സംരക്ഷിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ചൈനയ്ക്കുണ്ടെന്നും ട്രംപ് ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പാക്കിസ്ഥാനെ സംരക്ഷിക്കാതിരിക്കാനാണ് ചൈന നോക്കേണ്ടതെന്ന് യുഎസ് കരുതുന്നതായി അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ണിലെ ഭീകരർക്കെതിരെ പാക്കിസ്ഥാൻ നടപടി സ്വീകരിക്കാൻ രാജ്യാന്തര സമൂഹത്തോടൊപ്പം നിൽക്കുകയാണ് ചൈന ചെയ്യേണ്ടതെന്നും യുഎസ് വ്യക്തമാക്കി. മേഖലയിൽ സമാധാനവും സുസ്ഥിരതയും നിലനിൽക്കുന്നതിന് ചൈനയും യുഎസും താൽപര്യങ്ങൾ പങ്കു വയ്ക്കണം.

ചൈനയ്ക്കും യുഎസിനും ഉള്ള ലക്ഷ്യങ്ങൾക്കു വിരുദ്ധമാണ് ചൈനയുടെ ഇപ്പോഴത്തെ നയം. ഞങ്ങൾക്കിതു ശരിക്കും മനസ്സിലാകുന്നില്ല. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെ ചൈന സംരക്ഷിക്കരുത്. ഭീകരവാദത്തിനെതിരെ യുഎസിനും ചൈനയ്ക്കും ഒരുമിച്ചു പ്രവർത്തിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും യുഎസ് അറിയിച്ചു.

ഇതാദ്യമായല്ല ജയ്ഷ് ഇന്ത്യയെ ആക്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഭീകരസംഘടനയ്ക്കെതിരെ നടപടിയെടുക്കുന്നതിനു പറ്റിയ സമയമാണ് ഇതെന്നും യുഎസ് കരുതുന്നു. ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. 40 സിആര്‍പിഎഫ് ജവാന്‍മാരാണു ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങൾ‌ യുഎന്നിൽ നീക്കം നടത്തിയിരുന്നു. എന്നാൽ ചൈന ഇതു നാലാം തവണയും തടഞ്ഞു. ജയ്ഷെ തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനു യൂറോപ്യൻ യൂണിയനിൽ ജർമനി നീക്കം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് യുഎസിന്റെ പ്രസ്താവന പുറത്തുവന്നത്.

English Summary: China have responsibility to not shield Pakistan: USA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com