ADVERTISEMENT

ബെംഗളൂരു∙ മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാൻ ബിജെപി കേന്ദ്രനേതൃത്വത്തിനു 1800 കോടി രൂപ നൽകിയെന്ന ആരോപണത്തിനു മറുപടിയുമായി ബി.എസ്.യെഡിയൂരപ്പ. നരേന്ദ്ര മോദിയുടെ പ്രശസ്തി വർധിക്കുന്നതിൽ കോൺഗ്രസ് അസ്വസ്ഥരാണ്. പോരാട്ടം തുടങ്ങുന്നതിനു മുൻപുതന്നെ അത് അവസാനിച്ചതിനു സമാനമാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നേരത്തെതന്നെ ഇവ വ്യാജമാണെന്നു കണ്ടെത്തിയിരുന്നുവെന്നും യെഡിയൂരപ്പ പറഞ്ഞു.

വരുന്ന തിരഞ്ഞെടുപ്പിൽ മുൻതൂക്കം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കോൺഗ്രസ് ഇത്തരത്തിലൊരു വാർത്ത പുറത്തുവിട്ടത്. കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണം കള്ളവും അപ്രധാനവുമാണ്. പുറത്തുവിട്ടവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും യെഡിയൂരപ്പ പറഞ്ഞു.

അതേസമയം, കോൺഗ്രസ് വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് ഇന്ന് വാർത്താസമ്മേളനം വിളിക്കാതിരുന്നത്. കേസിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാനാണ് രാഹുലിന്റെ ശ്രമം. ഡി.കെ.ശിവകുമാർ നൽകിയ രേഖകളാണ് ‘കാരവൻ’ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ കോൺഗ്രസിനു നിലതെറ്റിയെന്നും മന്ത്രി ആരോപിച്ചു.

ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപി കേന്ദ്രനേതൃത്വത്തിന് 1800 കോടി നൽകിയെന്ന വാർത്ത ഇംഗ്ലിഷ് മാസികയായ കാരവനാണ് പുറത്തുവിട്ടത്. ഇതിനു പിന്നാലെ വാർത്താ സമ്മേളനം വിളിച്ച എഐസിസി സെക്രട്ടറി രൺദീപ് സിങ് സുർജേവാല ബിജെപിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു.

ആർക്കൊക്കെ പണം നൽകിയെന്ന് യെഡിയൂരപ്പ സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയ ഡയറിയാണ് കാരവൻ പുറത്തുവിട്ടത്. ഓരോ പേജിലും യെഡിയൂരപ്പയുടെ ഒപ്പും ഉണ്ടായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി രൂപ നൽകിയെന്നും ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കും ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും 150 കോടി രൂപ വീതം നൽകിയെന്നും ഡയറിയിൽ പറയുന്നു. നേതാക്കന്മാരെ കൂടാതെ ജഡ്ജിമാർക്ക് 250 കോടിയും അഭിഭാഷകർക്ക് 50 കോടിയും നൽകിയെന്നും ഡയറിയിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com