ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ സ്ഥാപക നേതാവ് എല്‍.കെ.അഡ്വാനിക്ക് ഇടമില്ല. അഡ്വാനിയുടെ സീറ്റായ ഗാന്ധിനഗർ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നൽകി. 75 വയസ്സ് പിന്നിട്ട നേതാക്കൾ മൽസരിക്കേണ്ടതില്ലെന്ന നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നാണു സൂചന. മൂന്ന് പതിറ്റാണ്ടിനിടെ അഡ്വാനി മല്‍സരരംഗത്ത് ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പായിരിക്കും ഇത്. 

75 വയസ്സ് എന്ന പ്രായപരിധിക്കു മുൻപിൽ കീഴടങ്ങി ലാൽ കൃഷ്ണ അഡ്വാനി പാർലമെന്ററി ജീവിതം അവസാനിപ്പിക്കുമ്പോൾ, ബിജെപിയുടെ ചരിത്രത്തിലെ സംഭവബഹുലമായ യുഗത്തിനാണു തിരശീല വീഴുന്നത്.

1984ല്‍ ലോക്സഭയിൽ കേവലം രണ്ടു സീറ്റ് നേടിയ ബിജെപിയെ 1991ല്‍ നൂറ് കടത്തി, 1996ല്‍ അധികാരത്തിലെത്തിച്ചതിനു പിന്നിലെ മുഖ്യ ശിൽപിയാണ് അഡ്വാനി. 6 തവണ അഡ്വാനിക്ക് ലോക്സഭയിലേക്ക് വഴി തുറന്ന ഗാന്ധിനഗറിൽ ഇത്തവണ അമിത് ഷായാണ് അങ്കം കുറിക്കുന്നത്. 

1991ൽ അഡ്വാനി ഗാന്ധിനഗറിൽനിന്ന് ആദ്യം തിരഞ്ഞെടുക്കപ്പെടുമ്പോൾ ഒന്നേകാൽ ലക്ഷമായിരുന്നു ഭൂരിപക്ഷം. 2014ൽ ഇവിടെ നിന്നുള്ള ആറാം അങ്കത്തിൽ ഭൂരിപക്ഷം നാലര ലക്ഷം കടന്നു. 1970 ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഡ്വാനി ഇക്കാലമത്രയും എന്നും ഏതെങ്കിലുമൊരു സഭയിൽ അംഗമായിരുന്നു. അടുത്തഘട്ട പട്ടികയിൽ അഡ്വാനിയുടെ പേരുണ്ടാകുമോയെന്നു നിശ്ചയമില്ല.

അടുത്ത വർഷം പാർലമെന്ററി ജീവിതത്തിൽ 50 വർഷം തികയ്ക്കാൻ വഴികാട്ടിക്കു പാർട്ടി അവസരമൊരുക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുതിർന്ന നേതാവ് ബി.സി.ഖണ്ഡൂരിയും ആദ്യ പട്ടികയിൽ ഇടംപിടിച്ചില്ല.

പ്രായപരിധിയിൽ തട്ടി സ്ഥാപക നേതാക്കളിൽ ഒരാളായ മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രി കൽരാജ് മിശ്ര, ഭഗത് സിങ് കോഷിയാരി തുടങ്ങിയവർക്കും സീറ്റ് ലഭിച്ചേക്കില്ല. എട്ടുതവണ തുടർച്ചയായി ഇൻഡോറിൽനിന്നു വിജയിച്ച 75 വയസ്സ് പിന്നിട്ട സ്പീക്കർ സുമിത്ര മഹാജനും സീറ്റ് നൽകുമോയെന്നു വ്യക്തമല്ല.

English Summary: End of poll road for BJP veteran LK Advani as Amit Shah gets Gandhinagar, Lok Sabha Election 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com