71 സീറ്റുകൾ, മോദി നേരിട്ടു പട നയിച്ച മേഖല; ഇത്തവണ ആർക്ക്?

Narendra-Modi-Rahul-Gandhi-Mask
Representative Image
SHARE

ഇന്ത്യയുടെ പടിഞ്ഞാറൻ മേഖല–ബിജെപിക്കു വ്യക്തമായ മുൻതൂക്കമുള്ള പ്രദേശങ്ങൾ. മൂന്നു സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളുമടങ്ങിയ മേഖല. മൊത്തം 78 മണ്ഡലങ്ങൾ. കഴിഞ്ഞ തവണ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 71 സീറ്റു നേടി ഉജ്വല ജയം സ്വന്തമാക്കി. ആറു സീറ്റ് മാത്രമാണ് യുപിഎക്കു ലഭിച്ചത്. ഈ ആറു സീറ്റും ലഭിച്ചതു മഹാരാഷ്ട്രയിൽ നിന്നാണ്.

ഗുജറാത്ത്, ദദ്ര നഗർ ഹവേലി, ദമൻ ദിയു എന്നിവിടങ്ങളിൽ ബിജെപി ‘ക്ലീൻ സ്വീപ്പാണു’ നടത്തിയത്. ബിജെപിക്കും കേന്ദ്രഭരണം നിലനിർത്താൻ ഈ വിജയം ആവർത്തിക്കേണ്ടത് അനിവാര്യമാണ്. ഇവിടെ മുൻതൂക്കമുണ്ടാക്കാൻ കഴിഞ്ഞാൽ കേന്ദ്രഭരണത്തിലേക്കുള്ള യുപിഎ മോഹങ്ങൾക്കു തളിരിടും.

western-india-lok-sabha-seat-share

മഹാരാഷ്ട്ര

ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റും കൂടുതൽ സീറ്റുകളുള്ള, 48 എംപിമാരെ ലോക്സഭയിലേക്ക്് അയയ്ക്കുന്ന സംസ്ഥാനം. കേന്ദ്രഭരണം നിശ്ചയിക്കുന്നതിൽ മുഖ്യപങ്കുണ്ട് മഹാരാഷ്ട്രയ്ക്ക്. 1998 മുതൽ ബിജെപി–ശിവസേന, കോൺഗ്രസ്–എൻസിപി സഖ്യങ്ങൾ തമ്മിലാണ് മത്സരം. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയും ശിവസേനയും നേട്ടമുണ്ടാക്കി. തിരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുന്ന പ്രധാന വിഷയങ്ങൾ ഇവയാണ്.

1) മറാഠാ സംവരണം

Maharashtra-Lok-Sabha-Election-Map-2014

സംസ്ഥാന ജനസംഖ്യയുടെ 31 ശതമാനമാണ് മറാഠ വിഭാഗം. സർക്കാർ ജോലിയിൽ മതിയായ സംവരണം വേണമെന്നതാണു ദീർഘനാളായി ഇവർ ഉന്നയിക്കുന്ന ആവശ്യം. ബിജെപി സർക്കാർ 16% സംവരണം പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ചുള്ള കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പുതിയ പ്രഖ്യാപനം വഴി  സംവരണ ആനുകൂല്യം 50 ശതമാനത്തിലേറെ ഉയരുമെന്നതിനാൽ ഒബിസി വിഭാഗങ്ങൾക്കിടയിൽ പുതിയ നീക്കം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ധങ്കാർ സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാണ് പുതിയ ആവശ്യം. ഇതോടെ സംസ്ഥാനത്തെ ആകെ സംവരണം  78 ശതമാനമായി.

2) കാർഷിക പ്രതിസന്ധി

രാജ്യത്തെ ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നതു മഹാരാഷ്ട്രയിൽ നിന്നാണ്. പരുത്തി, ഉള്ളി, കരിമ്പ് കർഷകർ വിലത്തകർച്ച മൂലം കഷ്ടപ്പെടുന്നു. കഴിഞ്ഞ വർഷം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കിസാൻ സഭ നടത്തിയ ലോങ് മാർച്ച് രാജ്യാന്തര ശ്രദ്ധ നേടിയെടുത്തിരുന്നു. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നത് അടക്കമുള്ള വിഷയങ്ങൾ നാസിക്കിൽ നിന്നു മുംബൈ വരെ നടത്തിയ മാർച്ചിന്റെ ആവശ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ 42 പ്രദേശങ്ങളും വൻവരൾച്ചയുടെ പിടിയിലാണ്. 1.4 കോടി കർഷകരെ ഇതു ബാധിച്ചിട്ടുണ്ട്. 

3) ആദിവാസി, ദളിത്  സമരങ്ങൾ

Legislative-Assembly-Election-results-2014

സർക്കാർ 2006 ൽ പാസാക്കിയ വനാവകാശ നിയമം ആദിവാസി കർഷകരുടെയും സാമൂഹിക പ്രവർത്തകരുടെയും വിമർശനത്തിന് ഇടയാക്കി. കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാനത്തെ ആദിവാസികൾ വനമേഖലകളിലെ തങ്ങളുടെ ഭൂമിക്കുമേൽ അവകാശത്തിനായി സമരത്തിലാണ്. കഴിഞ്ഞ വർഷം ദലിതർ നേടിയ ചരിത്രപരമായ ഭീമ കൊറേഗാവ് വിജയത്തിന്റെ 200–ാം വാർഷികം ആഘോഷിക്കാൻ പുണെയ്ക്കടുത്തു സംഘടിപ്പിച്ച പരിപാടിക്കിടെ ദലിതർക്കെതിരായ അക്രമണങ്ങൾ ഏറെ വിവാദമായിരുന്നു.

4) തൊഴിലില്ലായ്മ

നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ  വീഴ്ചയായി വ്യാഖ്യാനിക്കുന്ന തൊഴിലില്ലായ്മ വർധന തിരഞ്ഞെടുപ്പിനെ ഏറ്റവുമധികം സ്വാധീനിക്കാൻ സാധ്യതയുള്ള സംസ്ഥാനമാണു മഹാരാഷ്ട്ര. ഇതു സംബന്ധിച്ചു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ കുറ്റസമ്മതം പ്രശ്നത്തിന്റെ സങ്കീർണത വ്യക്തമാക്കുന്നു. 4400 സർക്കാർ ഒഴിവുകളിലേക്ക് എട്ടു ലക്ഷം തൊഴിലന്വേഷകരാണ് അപേക്ഷ നൽകിയത്. 7.2 ശതമാനമാണു നിലവിലെ തൊഴിലില്ലായ്മ നിരക്ക്. നഗരമേഖലയിലെ മധ്യവർഗ വോട്ടർമാരെ  തൊഴിലില്ലായ്മ നിരക്കിലെ വർധന സ്വാധീനിക്കും. ഇതു ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രീയമായ കോട്ടം വരുത്താൻ ഇടയാക്കും. 

രാഷ്ട്രീയ സഖ്യങ്ങൾ

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി–ശിവസേന സഖ്യം 41 സീറ്റു നേടി മുന്നിലെത്തിയിരുന്നു. കോൺഗ്രസ്–എൻസിപി സഖ്യത്തിനു ലഭിച്ചത് ആറു സീറ്റു മാത്രം. മാസങ്ങൾക്കു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാലുകക്ഷികളും ഒറ്റയ്ക്കൊറ്റയ്ക്കാണു മത്സരിച്ചത്. 288 അംഗ നിയമസഭയിൽ ബിജെപി 122 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ശിവസേനക്ക് 63 സീറ്റു ലഭിച്ചു. കോൺഗ്രസ് 42 സീറ്റിലും എൻസിപി 41 സീറ്റിലും ഒതുങ്ങി. ശിവസേനയുടെ പിന്തുണയോടെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി. 

ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ ദീർഘനാളായിട്ടുള്ള  ബിജെപി, ശിവസേന സഖ്യം നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടിരുന്നു. കോൺഗ്രസ്, എൻസിപി തർക്കങ്ങളും നിശ്ചിതകാലത്തു തന്നെ തീർപ്പാക്കാൻ കഴിഞ്ഞു.  ശിവസേന 25 ഇടത്തും ബിജെപി 23 സീറ്റിലും മത്സരിക്കും. കോൺഗ്രസും എൻസിപിയും  26: 22 ക്രമത്തിൽ സീറ്റുകൾ വീതിച്ചെടുത്തു. ബിഎസ്പി–സമാജ്‍വാദി പാർട്ടികൾ 48 സീറ്റിലും  ധാരണയിലെത്തിയിട്ടുണ്ട്. 

അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറുടെയും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയുടെയും നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഗാഡി മഹാരാഷ്ട്രയിലെ 48 ലോക്സഭാ മണ്ഡലങ്ങളിലും  മത്സരിക്കും. സർവേ ഫലങ്ങൾ എൻഡിഎ സഖ്യത്തിനു മുൻതൂക്കം പറയുന്നുണ്ടെങ്കിലും അഞ്ചു വർഷം മുൻപുണ്ടായിരുന്ന കാലാവസ്ഥയെക്കാൾ ഏറെ മാറിയ സാഹചര്യമാണ് നിലവിലുള്ളതെന്ന പ്രതീക്ഷയാണ് യുപിഎ സഖ്യത്തിനുള്ളത്. 

ഗുജറാത്ത്

Gujarath-MAL-lok-sabha-election-2014-results-info-graphic-map

നൂറിൽ നൂറും ഇതായിരുന്നു ബിജെപി കഴിഞ്ഞ തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു നടത്തിയ പ്രകടനം. സംസ്ഥാനത്തെ 26 സീറ്റും ബിജെപി നേടി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി മുന്നണിയെ നയിക്കുമ്പോൾ ലഭിക്കാവുന്ന സ്വഭാവിക വിജയം. എന്നാൽ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിത്രം മാറി. കോൺഗ്രസ് സഖ്യം 80 സീറ്റു നേടി. കോൺഗ്രസ് മത്സരത്തിലേക്കു തിരികെയെത്തി. ഇതിനിടെ അഞ്ചു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്കു കൂറുമാറിയത് കോൺഗ്രസിന്റെ ആത്മവീര്യത്തിനു കോട്ടമായിട്ടുണ്ട്. എന്നിരുന്നാലും 2014ലെ പ്രകടനം ആവർത്തിക്കാൻ ബിജെപിക്കു വിയർപ്പോഴിക്കേണ്ടി വരും. 2009ലെ ചിത്രം ആവർത്തിക്കുമെന്നാണു കോൺഗ്രസ് കണക്കുകൂട്ടുന്നത്. 2009ൽ ലോക്സഭയിലേക്ക് കോൺഗ്രസ് 11 സീറ്റ്  നേടിയിരുന്നു. 

സാമുദായിക ശക്തി

Gujarat Elections 2017 Infographic Map

ജനസംഖ്യയുടെ 12 ശതമാനമാണ് പട്ടേൽ സമുദായത്തിന്റെ പങ്ക്. 60 നിയമസഭാ മണ്ഡലങ്ങളിൽ ഇവർക്കു വ്യക്തമായ മുൻതൂക്കമുണ്ട്. ഠാക്കൂർ, കോലി സമുദായങ്ങൾക്ക് 68 മണ്ഡലങ്ങളിലും സ്വാധീനമുണ്ട്. 1980കളിൽ കോൺഗ്രസ് ആസൂത്രണം ചെയ്ത ക്ഷത്രിയ, ദലിത്, ആദിവാസി, മുസ്‍ലിം സമുദായങ്ങളുടെ ഐക്യനിര പാർട്ടിയുടെ വിജയരഹസ്യമായിരുന്നു. അക്കാലത്തു പട്ടേൽ സമുദായം ബിജെപിയോട് അടുത്തു. എന്നാൽ 2015ൽ മെഹ്സാനയിൽ തുടക്കം കുറിച്ച പട്ടേൽ സംവരണസമരം സംസ്ഥാനമൊട്ടാകെ വ്യാപിച്ചു. പട്ടേൽ  സമരത്തിനു നേതൃത്വം നൽകിയ ഹാർദിക് പട്ടേൽ കഴിഞ്ഞ ദിവസം കോൺഗ്രസിലും ചേർന്നു. 

സംസ്ഥാനത്തിന്റെ ജാതി സമവാക്യം ഇങ്ങനെ– പട്ടേൽ: 12%, ആദിവാസി: 15%, മുസ്‍ലിം: 10%, ദലിത്: 8%, രജപുത്ര: 5%, ബ്രാഹ്മണർ: 2%, വൈശ്യർ: 2%, ജൈനർ: 1%. പിന്നോക്ക വിഭാഗം നേതാവ് അൽപേഷ് ഠാക്കൂർ, ദലിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവരുടെ സാന്നിധ്യം പ്രതിപക്ഷ നിരയ്ക്കു ശ്കതിയാണ്. ആദിമാസി മേഖലയിൽ സ്വാധീനമുള്ള ഭാരതീയ ട്രൈബൽ പാർട്ടി കോൺഗ്രസുമായി സഹകരിച്ചാണു നീങ്ങുന്നത്. 

വ്യവസായ മേഖലയിലെ മുരടിപ്പ് 

കേന്ദ്രസർക്കാരിന്റെ ജിഎസ്ടി, നോട്ടുനിരോധനം തുടങ്ങിയ നടപടികൾ ഗുജറാത്തു പോലെ വ്യവസായികമായി മുന്നാക്കം നിൽക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു. നോട്ടു നിരോധനം  വ്യവസായമേഖലയിൽ വൻതകർച്ചയുണ്ടാക്കി. ചെറുകിട വ്യവസായങ്ങളുടെ തകർച്ചയ്ക്കൊപ്പം സംസ്ഥാനവ്യാപകമായി  തൊഴിലില്ലായ്മ രൂക്ഷമായി.

കാർഷിക തകർച്ച

goa-lok-sabha-election-2014

ഇന്ത്യയിലെ മറ്റു പ്രദേശങ്ങൾ പോലെ  കാർഷിക പ്രതിസന്ധി ഗുജറാത്തിലും രൂക്ഷമാണ്. പരുത്തി, നിലക്കടല തുടങ്ങിയവയുടെ വിലത്തകർച്ച കർഷകരെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സൗരാഷ്ട്രമേഖയിൽ കോൺഗ്രസ് നടത്തിയ മുന്നേറ്റം ഇതിന്റെ പ്രതിഫലനമാണ്. 

ഗോവ

ചെറിയ സംസ്ഥാനം. ബിജെപിയും കോൺഗ്രസും തുല്യശക്തി. കഴിഞ്ഞ തവണ ബിജെപി രണ്ടു സീറ്റിലും ജയിച്ചു. സംസ്ഥാനത്തു ബിജെപിയുടെ വളർച്ചയ്ക്കു മുഖ്യപങ്കു വഹിച്ച മുഖ്യമന്ത്രി മനോഹർ പരീക്കറുടെ വേർപാട് ബിജെപിക്കു വൻനഷ്ടമാണ്. കോൺഗ്രസിനെ സംസ്ഥാന ഭരണത്തിൽ നിന്ന് അകറ്റി നിർത്തിയതും ബിജെപിയുടെ ‘പരീക്കർ ഫാക്ടർ’ തന്നെ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലെത്തിക്കേണ്ട ചുമതല പുതിയ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ചുമലിലാണ്. നോർത്ത് ഗോവയിൽ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്കാണ് പ്രതിനിധാനം ചെയ്യുന്നത്. ബി‍ജെപിയിലെ നരേന്ദ്ര സവായിക്കറാണ് സൗത്ത് ഗോവയുടെ പ്രതിനിധി. പൊതുവേ സൗത്ത് ഗോവ കോൺഗ്രസിനും നോർത്ത് ഗോവ ബിജെപിക്കും മുൻതൂക്കം കൽപിക്കുന്ന മണ്ഡലങ്ങളാണ്. 

Daman-diu-lok-sabha-election-2014-results-info-graphic-map

ദദ്ര നഗർ ഹവേലി, ദമൻ ദിയു

Dadra-Nagar-Haveli-ok-sabha-election-2014-results-info-graphic-map

ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ആർക്കൊപ്പം? വോട്ടർമാർ സംസാരിക്കുന്നു...

രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും ഓരോ സീറ്റു വീതം. രണ്ടിടത്തും ബിജെപിക്കു നേരിയ മുൻതൂക്കം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA