ADVERTISEMENT

കൊച്ചി∙ എറണാകുളം നഗരമധ്യത്തിൽ, പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ പാർക്ക് നിർമിക്കാൻ അനുവദിച്ച ഭൂമി അനധികൃതരേഖകളിലൂടെ സ്വന്തമാക്കി, സ്വകാര്യ വ്യക്തി വൻ കെട്ടിട സമുച്ചയം പണിയുന്നു. പനമ്പള്ളി നഗറിൽ ഹൗസിങ് കോളനിക്കായി അനുവദിച്ച പാർക്ക്, ജിസിഡിഎ നഴ്സറി സ്കൂളാക്കാൻ സ്വകാര്യ ട്രസ്റ്റിന് കൈമാറുകയും അവരത് അനധികൃതമായി മറിച്ചു വിൽക്കുകയും ചെയ്തതോടെയാണ് ഭൂമി സ്വകാര്യ വ്യക്തിയിലെത്തുകയും നിർമാണ പ്രവർത്തനം ആരംഭിക്കുകയും ചെയ്തത്. അനധികൃത രേഖകളുടെ പിൻബലത്തിലായിരുന്നു ട്രസ്റ്റ് ഭൂമി മറിച്ചു വിൽക്കൽ. ഭൂമി സ്വകാര്യ കമ്പനിക്കും കമ്പനി അത് സ്വകാര്യ വ്യക്തിക്കും മറിച്ചു വിൽക്കുകയായിരുന്നു.

1969 ലാണ് ജിസിഡിഎ ഇളങ്കുളം വെസ്റ്റ് ടൗൺ പ്ലാനിങ് സ്കീം പ്രകാരം ഭൂമി ഏറ്റെടുത്ത് പ്ലോട്ടുകളാക്കി എച്ച്ഐജി, എംഐജി, എൽഐജി കെട്ടിടങ്ങൾ നിർമിച്ചു നൽകിയത്. റോഡുകളും പാർക്കുകളും മറ്റ് പൊതു സ്ഥലങ്ങളും കൃത്യമായി അടയാളപ്പെടുത്തിയായിരുന്നു നിർമാണം പൂർത്തിയാക്കിയത്.

എംഐജി, എൽഐജി പ്ലോട്ടുകള്‍ക്കൊപ്പം പാർക്കുകൾ നിർമിച്ചെങ്കിലും എച്ച്ഐജി പ്രദേശത്ത് പാർക്ക് നിർമിച്ചില്ലെന്നു മാത്രമല്ല, ഇതിനായി തിരിച്ചിട്ട സ്ഥലം നഴ്സറി സ്കൂൾ നിർമിക്കുന്നതിനായി സ്വകാര്യ ട്രസ്റ്റിന് ജിസി‍ഡിഎ 1993ൽ കൈമാറുകയും ചെയ്തു. സ്വകാര്യ വ്യക്തി ഭൂമിയിൽ നിർമാണ പ്രവർത്തനത്തിന് തയാറെടുക്കുന്നതു മനസിലാക്കി സമീപവാസികൾ പാർക്കിന് അനുവദിച്ച ഭൂമിയിലെ കെട്ടിട നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിരിക്കുകയാണ്.

ഒരു വർഷത്തിനകം നഴ്സറി സ്കൂൾ

നാല് സർവേ നമ്പരുകളിലായി 21.308 സെന്റ് ഭൂമിയാണ് നഴ്സറി സ്കൂൾ നിർമിക്കാനായി സ്വകാര്യ ട്രസ്റ്റിന്  ജിസിഡിഎ നൽകുന്നത്. ഭൂമി കൈമാറി ആറു മാസത്തിനുള്ളിൽ നിർമാണം ആരംഭിക്കുകയും ഒരു വർഷത്തിനകം പൂർത്തിയാക്കുകയും വേണം എന്നതായിരുന്നു ആധാരത്തിലെ വ്യവസ്ഥ. ഏതെങ്കിലും കാരണവശാൽ നഴ്സറി സ്കൂൾ നിർമിക്കാത്ത പക്ഷം ഭൂമിയുടെ ഉടമസ്ഥാവകാശം ജിസിഡിഎയിൽ തിരികെ വന്നു ചേരും വിധമാണ് കരാർ എന്നാണ് പരാതിക്കാരുടെ വിശദീകരണം.

പൊതു ആവശ്യത്തിന് ചാരിറ്റബിൾ ട്രസ്റ്റിന് ഭൂമി കൈമാറിയതിനാൽ തുച്ഛമായ വില മാത്രമാണ് ജിസിഡിഎ ഇതിനായി ഈടാക്കിയത്. സെന്റിന് 4861 രൂപ മാത്രം. പനമ്പള്ളി നഗറിൽ ഇക്കാലയളവിൽ സെന്റിന് പത്തു ലക്ഷം രൂപയിലധികമായിരുന്നു ഭൂമിവില.

നഴ്സറി സ്കൂളല്ലാതെ മറ്റ് നിർമാണം ഇവിടെ പാടില്ല, നിർമാണം പൂർത്തിയായാൽ കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ നടത്തരുത്. നിർമിച്ച കെട്ടിടത്തിന് മാറ്റങ്ങൾ വരുത്താൻ സെക്രട്ടറിയുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ് തുടങ്ങിയ ഉപാധികൾ ഉൾപ്പെടുത്തി തയാറാക്കിയ വ്യവസ്ഥകൾ പ്രകാരമായിരുന്നു ഭൂമി കൈമാറ്റം.

സെക്രട്ടറിയുടെ ലെറ്റർ ഹെഡിൽ പേരില്ലാതെ ശുപാർശ

ജിസിഡിഎയിൽ നിന്നു നഴ്സറി സ്കൂൾ സ്ഥാപിക്കാൻ 1993ൽ ആധാരം ചെയ്തു കിട്ടിയ ഭൂമിയിൽ സ്വകാര്യ ട്രസ്റ്റ് വർഷങ്ങളോളം നിർമാണ പ്രവർത്തനം നടത്താതെ,  2010ൽ ഭൂമി മറിച്ചു വിൽക്കുകയായിരുന്നു. നഴ്സറി സ്കൂൾ നിർമിക്കാത്തതിനാൽ ആധാര പ്രകാരം ഭൂമി വിൽക്കാൻ  ട്രസ്റ്റിന് അവകാശമില്ല. ഈ ഭൂമിയാണ് അന്നത്തെ ജിസിഡിഎ സെക്രട്ടറിയുടെയും ചെയർമാന്റെയും ലെറ്റർഹെഡിൽ തയാറാക്കിയ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ സ്വകാര്യ കമ്പനിക്ക് കൈമാറുന്നത്. സെക്രട്ടറിയുടെ പേര് വയ്ക്കാതെ തയാറാക്കിയ ലെറ്റർ ഹെഡിൽ ഒരു ഒപ്പും ജിസിഡഎയുടെ സീലും മാത്രമുണ്ട്. പ്രസ്തുത ഭൂമി വിൽക്കുന്നതിന് യാതൊരു എതിർപ്പും ഇല്ല എന്നു കാണിച്ചാണ് 29/10/2005ൽ സെക്രട്ടറി കത്തു നൽകുന്നത്.

മാസങ്ങൾക്കു ശേഷം 16/1/2006ൽ അന്നത്തെ ജിസിഡിഎ ചെയർമാനും സമാനമായി ഒരു കത്ത് നൽകുന്നുണ്ട്. പനമ്പള്ളി നഗർ പരിസര പ്രദേശങ്ങളിൽ ആവശ്യത്തിന് നഴ്സറി സ്കൂൾ ഉള്ളതിനാൽ നഴ്സറി സ്കൂളിനായി അനുവദിച്ച ഭൂമിയിൽ വ്യാവസായിക ആവശ്യത്തിനോ താമസ ആവശ്യത്തിനോ കെട്ടിട നിർമാണം ആകാം എന്നു കാണിച്ചായിരുന്നു കത്ത്. ഈ കത്തുകളുടെ പിൻബലത്തിലാണ് ഭൂമി സ്വകാര്യ കമ്പനിക്ക് സ്വകാര്യ ട്രസ്റ്റ് മറിച്ചു വിൽക്കുന്നത്. തുടർന്ന് കമ്പനി സ്വകാര്യ വ്യക്തിക്ക് വിറ്റതിനു ശേഷമാണ് സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

നോട്ടീസ് നൽകിയിരുന്നെന്ന് ജിസി‍ഡിഎ

കെട്ടിട നിർമാണം നടക്കുന്ന പ്ലോട്ടിനോടു ചേർന്നുള്ള എച്ച്ഐജി വീടുകളുടെ പ്ലാനിൽ അതിര് അടയാളപ്പെടുത്തിയിട്ടുള്ളത് പാർക്ക് എന്നാണ്. പാർക്കിനായി അനുവദിച്ച ഭൂമിയിൽ നിർമാണ പ്രവർത്തനം ശ്രദ്ധയിൽ പെട്ടതോടെ സമീപവാസികൾ കോടതിയെ സമീപിച്ചു. കരാർ ലംഘിച്ചുള്ള നിർമാണ പ്രവർത്തനം നടത്തിയിട്ടും ജിസിഡിഎ നടപടി എടുത്തില്ല എന്നു ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. നിലവിൽ പ്ലോട്ട് മറ്റ് ആവശ്യങ്ങൾക്ക് നൽകും വിധം നിയമ നിർമാണം നടത്തിയിട്ടില്ലെന്നും ഈ ഭൂമി ഇപ്പോഴും പൊതു ആവശ്യത്തിന് എന്ന നിലയിലാണെന്നും കോടതിയിൽ ജിസിഡിഎ വ്യക്തമാക്കിയിട്ടുണ്ട്. 

ചാരിറ്റബിൾ ട്രസ്റ്റ് ആധാരപ്രകാരമുള്ള വ്യവസ്ഥ പാലിക്കാതിരുന്നതിനാൽ നോട്ടീസ് നൽകിയിരുന്നതാണെന്ന് ജിസിഡിഎ കോടതിയിൽ ബോധിപ്പിച്ചു. അന്ന് ട്രസ്റ്റ് ഭൂമി വിറ്റതായാണ് ജിസിഡിഎയെ അറിയിച്ചത്. വിൽപന കൗൺസിലിന്റെ അനുമതിയില്ലാതെയാണ്. ചെയർമാനോ, സെക്രട്ടറിക്കോ സ്വന്ത ഇഷ്ടപ്രകാരം എഴുതി ഭൂമി ആധാരം ചെയ്യാനാവില്ല. ഭൂമി കൈമാറ്റത്തിന് കൗൺസിൽ അനുമതി നൽകിയിട്ടില്ലെന്നും ജിസിഡിഎ കോടതിയിൽ അറിയിച്ചിട്ടുണ്ട്. നിർദിഷ്ട സ്ഥലത്ത് നടക്കുന്ന ഏത് നിർമാണ പ്രവർത്തനവും കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും എന്നൊരു ഇടക്കാല വിധിയും ഹൈക്കോടതി കേസിൽ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെ അവഗണിച്ചാണ് ഇപ്പോൾ സ്ഥലത്ത് നിർമാണ പ്രവർത്തനം പുരോഗമിക്കുന്നത്.

വിൽപന നിയമപരമെന്ന് ട്രസ്റ്റ് ചെയർമാൻ

നഴ്സറി സ്കൂൾ നിർമിക്കുന്നതിനായി ജിസിഡിഎ ആവശ്യപ്പെട്ട വില നൽകിയാണ് സ്ഥലം വാങ്ങിയതെന്നും വിൽപന നിയമപരമായി തന്നെയാണെന്നും കേസിൽ കക്ഷിയായിട്ടുള്ള സ്വകാര്യ ട്രസ്റ്റ് ചെയർമാൻ മനോരമ ഓൺലൈനോടു പറഞ്ഞു. ഇത് മറിച്ചു വിൽക്കുന്നതിന് ജിസിഡിഎ സെക്രട്ടറിയും ചെയർമാനും അനുമതി നൽകിയതിന്റെ രേഖകളുണ്ട്. നിശ്ചിത കാലയളവിനു ശേഷം സ്ഥലം മറിച്ചു വിൽക്കുന്നതിന് തടസമില്ലെന്നാണ് കരാറിലുള്ളത്. ഇവ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇപ്പോൾ എന്തുകൊണ്ടാണ് വിൽക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് ജിസി‍ഡിഎ പറയുന്നത് എന്ന് വ്യക്തമല്ല. നിലവിൽ ട്രസ്റ്റ് അല്ല സ്ഥലത്ത് നിർമാണ പ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അട്ടിമറിക്കപ്പെട്ട പാർക്ക് പദ്ധതി

നഗരാസൂത്രണ നിയമത്തിന്റെ ഭാഗമായി വ്യക്തികൾക്ക് കെട്ടിടം നിർമിച്ചു നൽകുന്നതിനും പ്ലോട്ടുകൾ അനുവദിക്കുന്നതിനുമാണ് ജിസിഡിഎ സംസ്ഥാന സർക്കാരിൽ നിന്നു ഭൂമി ഏറ്റെടുക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എച്ച്ഐജി ഹൗസിങ് കോളനിയിൽ പാർക്ക് നിർമിച്ചു നൽകുമെന്ന് വാഗ്ദാനം നൽകി പ്ലോട്ട് ഒഴിച്ചിടുന്നു. പിന്നീട് ഈ ഭൂമി പൊതുജനങ്ങൾക്ക് ഉപകാരമാകുംവിധം ഒരു നഴ്സറി സ്കൂൾ നിർമിക്കാൻ സ്വകാര്യ ട്രസ്റ്റിന് ഭൂമി കൈമാറുന്നു. ഒരു വർഷത്തിനകം നഴ്സറി നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ വിൽപന കരാർ അസാധുവാകുമെന്നാണ് ഉപാധി. ഭൂമിയിൽ നിർമാണ പ്രവർത്തനം ആകാമെന്നും മറിച്ചു വിൽക്കാമെന്നുമുള്ള രേഖ പിന്നീട് സമ്പാദിക്കുന്നു. ഇതിന്റെ പിൻബലത്തിൽ ട്രസ്റ്റ് അധികൃതർ ഭൂമി സ്വകാര്യ കമ്പനിക്ക് വിൽക്കുന്നു. സ്വകാര്യ കമ്പനി അത് സ്വകാര്യ വ്യക്തിക്ക് കൈമാറുന്നു. സ്വകാര്യ വ്യക്തിയാണ് നിലവിൽ ഇവിടെ കെട്ടിടസമുച്ചയം പണിയുന്നത്.

നാൾവഴി

1969 – എളങ്കുളം വെസ്റ്റ് ടൗൺ പ്ലാനിങ് സ്കീം നടപ്പാക്കുന്നു. പാർക്കിനായി ഭൂമി തിരിച്ചിട്ടത് ഈ കാലയളവിലാണ്

1993 – സ്വകാര്യ ട്രസ്റ്റിന് നഴ്സറി സ്കൂളിന് ഉപാധികളോടെ ഭൂമി അനുവദിക്കുന്നു. സെന്റിന് പത്തുലക്ഷം രൂപയിലധികം വിലവരുന്ന ഭൂമി കൈമാറുന്നത് സെന്റിന് വെറും 4861 രൂപയ്ക്ക്.

1994 - നഴ്സറി സ്കൂൾ നിർമാണം പൂർത്തിയാക്കേണ്ട കാലവധി കഴിയുന്നു, ഉപാധി പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം ജിസിഡിഎയിൽ എത്തുന്നു.

2005 – ജിസിഡിഎ സെക്രട്ടറിയുടെ പേരില്ലാത്ത ലെറ്റർ ഹെഡിൽ ഭൂമി മറിച്ചു വിൽക്കാമെന്ന് എൻഒസി സമ്പാദിക്കുന്നു

2006 – ജിസിഡിഎ ചെയർമാൻ ലെറ്റർ ഹെഡിൽ നഴ്സറി സ്കൂൾ ആവശ്യമില്ലെന്നും ഭൂമിയിൽ മറ്റ് നിർമാണം ആകാമെന്നും കാണിച്ച് കത്ത് നൽകുന്നു

2010 – ഭൂമി സ്വകാര്യ കമ്പനിക്ക് മറിച്ചു വിൽക്കുന്നു

2011 – ഭൂമി സ്വകാര്യ കമ്പനി സ്വകാര്യ വ്യക്തിക്ക് മറിച്ചു വിൽക്കുന്നു

2017 – സമീപ വാസികൾ കോടതിയെ സമീപിക്കുന്നു

2017 – സ്വകാര്യ വ്യക്തി നിർമാണ പ്രവർത്തനം ആരംഭിക്കുന്നു

2017 – ഭൂമി കൈമാറ്റം ചെയ്യാനാവില്ലെന്നും മറിച്ചു വിൽക്കാൻ അനുമതി നൽകിയിട്ടില്ലെന്നും കാണിച്ച് ജിസിഡിഎ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്നു.

2019 – കേസ് ഹൈക്കോടതിയിൽ പുരോഗമിക്കുന്നു, കെട്ടിട നിർമാണം അന്തിമ ഘട്ടത്തിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com