നിർണായകം വടക്കുകിഴക്ക്; യുപിയിലെ നഷ്ടം ‘സപ്തസഹോദരിമാർ’ നികത്തുമോ?

rahul-gandhi-narendra-modi-manik-amit-shah
ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ, എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ
SHARE

മുൻപെങ്ങും കാണാത്ത രാഷ്ട്രീയ നാടകങ്ങൾക്കു മുൻപിൽ ജനാധിപത്യ ഇന്ത്യ തരിച്ചുനിന്ന ചില മുഹൂർത്തങ്ങൾ കൂടി സമ്മാനിച്ചാണ് എൻഡിഎ സർക്കാർ കാലാവധിയുടെ അന്ത്യത്തിലേക്കെത്തുന്നത്. ഏഴു സംസ്ഥാനങ്ങളിൽ മാത്രം അധികാരത്തിലുണ്ടായിരുന്ന ബിജെപി നാലു വർഷത്തിനിടെ 22 സംസ്ഥാനങ്ങൾ കൈപ്പിടിയിലൊതുക്കി. പടിക്കൽ കലമുടയ്ക്കുംപോലെ അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമി കൈവിട്ടെങ്കിലും സമീപകാലത്തു ദേശീയരാഷ്ട്രീയം കാണാത്ത തേരോട്ടമാണ് അഞ്ചുവർഷം എൻഡിഎ നടത്തിയത്.

വടക്കുകിഴക്കൻ മേഖലയിലെ ഏഴു സംസ്ഥാനങ്ങൾ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായത് കഴിഞ്ഞ മൂന്നു വർഷത്തിനിടെയാണ്. ഒരിക്കലും ‘കൈ’വിടില്ലെന്നു കരുതിയ സപ്തസഹോദരിമാർ ഈ ചെറിയ കാലംകൊണ്ട് കാവിയുടുത്തു. മേഖലയിൽ ബിജെപിയുടെ വിജയത്തുടക്കം 2016ൽ അസമിലാണ്. രണ്ടു വർഷത്തിനിടെ മണിപ്പുരും ത്രിപുരയും പിടിച്ചെടുത്തു. പിൻവാതിലിലൂടെ അരുണാചലിൽ അധികാരത്തിൽ കയറിപ്പറ്റി. മേഘാലയയിലും നാഗാലാൻഡിലും ഭരണത്തിൽ സഖ്യം ചേർന്നു.

Mizoram lok sabha elections 2019

മിസോറമിൽ ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറന്നു. അധികാരത്തിലെത്തിയത് പ്രാദേശിക പാർട്ടിയായ എംഎൻഎഫ് ആണെങ്കിലും, സംസ്ഥാനത്തു 10 വർഷം നീണ്ട കോൺഗ്രസ് ഭരണത്തെ തുടച്ചെറിഞ്ഞതിൽ ബിജെപിയുടെ പങ്ക് ചെറുതല്ല. പൊതുതിരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ മേഖലയിലെ കരുത്തുറ്റ രാഷ്ട്രീയ ശക്തിയാകാൻ പാർട്ടിക്കു കഴിഞ്ഞിരിക്കുന്നു.

തുടക്കം അസമിൽ

Assam-MAL-lok-sabha-election-2014-results-info-graphic-map

അസം, അരുണാചൽ ഒഴികെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി പച്ചതൊടുമെന്ന് എതിരാളികൾ പോയിട്ട് പാർട്ടി പ്രവർത്തകർ പോലും ഒരുപക്ഷേ ചിന്തിച്ചിരിക്കില്ല. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ അസമിൽ ഏഴും അരുണാചലിൽ ഒന്നും വീതം സീറ്റുകൾ നേടിയതായിരുന്നു മേഖലയിൽ ആകെ നേട്ടം. 2016 ലെ അസം നിയമസഭാ തിരഞ്ഞെടുപ്പിലാണ് വടക്കൻ കാറ്റ് ബിജെപിക്കനുകൂലമായി വീശിത്തുടങ്ങിയത്.

Arunachal Pradesh Election 2014 Map

126 സീറ്റുകളിൽ 60 എണ്ണം ബിജെപി സ്വന്തമാക്കി. പ്രാദേശിക പാർട്ടികളുമായി സഖ്യം രൂപീകരിച്ച് ആകെ 86 സീറ്റുകളുമായി അധികാരത്തിലെത്തി. അരുണാചലിൽ 11 സീറ്റുകളിൽ മാത്രം ജയിച്ച പാർട്ടി, ഭരണകക്ഷിയായിരുന്ന കോൺഗ്രസിലെ മുഖ്യമന്ത്രിയുൾപ്പെടെ ഒരുകൂട്ടം എംഎൽഎമാരെ സ്വന്തം പാളയത്തിലെത്തിച്ചാണ് 60ൽ 49 സീറ്റുമായി അധികാരം പിടിച്ചത്. 21 എംഎൽഎമാരുണ്ടായിരുന്ന മണിപ്പുരിൽ സഖ്യരൂപീകരണത്തിലൂടെ എണ്ണം 32ൽ എത്തിച്ചു; അറുപതംഗ നിയമസഭയിൽ അധികാരത്തിലെത്തി.

വഴിത്തിരിവായ 2018

2018ൽ മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ - ത്രിപുര, നാഗാലാൻഡ്, മേഘാലയ - നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി അണികളെപ്പോലും ഞെട്ടിച്ച പ്രകടനം ബിജെപി കാഴ്ചവച്ചു. 60 സീറ്റുകൾ വീതമുള്ള മേഘാലയയിലും നാഗാലാൻഡിലും കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച സീറ്റുകളിൽ ബിജെപിയുടെ പ്രകടനം ഇങ്ങനെ:

meghalaya nagaland vote share comparison

ഈ രണ്ടിടത്തെക്കാളും മിന്നുന്ന പ്രകടനമാണ് ഇതേ വർഷം ത്രിപുരയിൽ ബിജെപി കാഴ്ചവച്ചത്. കമ്യൂണിസ്റ്റ് കോട്ടയായിരുന്ന സംസ്ഥാനത്തെ സിപിഎമ്മിന്റെ 25 വർഷത്തെ ഭരണത്തിനാണ് 2018 ൽ അന്ത്യംകുറിച്ചത്. 2008, 2013 വർഷങ്ങളിൽ ഒരു സീറ്റിൽപോലും ജയിക്കാതെ, യഥാക്രമം 1.49 %, 1.54 % വീതം വോട്ടുവിഹിതം മാത്രമുണ്ടായിരുന്ന ബിജെപി 2018 ൽ നേടിയത് 35 സീറ്റുകൾ, 43 % വോട്ട്! മുൻ തിരഞ്ഞെടുപ്പുകളിൽ 46, 49 സീറ്റുകൾ വീതം നേടിയ സിപിഎമ്മിനു കിട്ടിയത് 16 സീറ്റ്. അന്നുവരെ മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസ് ത്രിപുരയുടെ രാഷ്ട്രീയ ഭൂപടത്തിൽനിന്നു പൂർണമായും മാഞ്ഞു.

‘സപ്തസഹോദരിമാ’രിൽ ഉൾപ്പെടില്ലെങ്കിലും വടക്കുകിഴക്കിന്റെ ഭാഗം തന്നെയാണു സിക്കിം. അവിടെ 2014 നിയമസഭാ തിരഞ്ഞെടുപ്പിൽ 0.7% വോട്ടുവിഹിതവുമായി സീറ്റെണ്ണത്തിൽ സംപൂജ്യരായെങ്കിലും പ്രാദേശിക പാർട്ടികളെ അണിനിരത്തി ബിജെപി രൂപീകരിച്ച നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിൽ (നേദ) ഭരണകക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) അംഗമാണ്. നിയമസഭയിൽ ആകെയുള്ള 32 ൽ 22 സീറ്റും നേടിയ എസ്ഡിഎഫിന് ലോക്സഭാ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞാൽ ഗുണം ബിജെപിക്കുതന്നെ. നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒരുമിച്ചു തിരഞ്ഞെടുപ്പ് നടക്കുന്ന സിക്കിമിൽ ഇത്തവണ ദേശീയതലത്തിൽ സഖ്യമാകാമെങ്കിലും സംസ്ഥാനത്തു സീറ്റ് പങ്കിടൽ വേണ്ടെന്നാണ് എസ്ഡിഎഫ് നിലപാട്.

Sikkim

ഒരു ലക്ഷ്യം; ഒരുകൂട്ടം പാർട്ടികൾ

ഓരോ സംസ്ഥാനത്തും പ്രാദേശിക കക്ഷികളുമായി സഖ്യം രൂപീകരിക്കുന്നതിൽ കാട്ടിയ മികവ് മേഖലയിലെ ബിജെപിയുടെ വളർച്ചയിൽ നിർണായകമായി. 2016ൽ, വടക്കുകിഴക്കൻ മേഖലയെ ‘കോൺഗ്രസ് മുക്തമാക്കുക’ എന്ന ലക്ഷ്യവുമായി രൂപീകരിച്ച നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് വഴിത്തിരിവായി. എട്ടു സംസ്ഥാനങ്ങളിലെയും പ്രധാന രാഷ്ട്രീയ കക്ഷികളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്താൻ ബിജെപിക്കു സാധിച്ചു. അതുവഴി, വിഭിന്ന സംസ്കാരവും ഭൂപ്രകൃതിയുമായി വേറിട്ടുനിന്നിരുന്ന മേഖലയെ മുഖ്യധാരാ രാഷ്ട്രീയ ഭൂപടത്തിന്റെ ഭാഗമാക്കാൻ ദേശീയ പാർട്ടി എന്ന നിലയിൽ അവർക്കു കഴിഞ്ഞു.

Meghalaya Elections 2019 Map

12 പാർട്ടികളാണു തുടക്കത്തിൽ ‘നേദ’യുടെ ഭാഗമായത്. പലപ്പോഴായി ചിലർ പിരിഞ്ഞുപോയതോടെ സഖ്യത്തിന്റെ ശക്തി കുറഞ്ഞെങ്കിലും ബിജെപിക്ക് അതിനോടകം മേഖലയിൽ അടിത്തറ കെട്ടാനായി. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന പാർട്ടി സംവിധാനത്തിന് താഴെത്തട്ടിൽവരെയെത്തി ജനത്തെ സ്വാധീനിക്കാൻ കഴിഞ്ഞു. പിന്നാക്ക സമുദായങ്ങളിൽനിന്നുള്ളവർക്ക് അവസരം നൽകുന്നതിൽ പലപ്പോഴും പിൻവലിയുന്ന പാർട്ടി വടക്കുകിഴക്കൻ മേഖലയിൽ തന്ത്രം നേരെ തിരിച്ചുവച്ചു.

വിശ്വസിച്ചു, പക്ഷേ...

ഒരിക്കലും വടക്കുകിഴക്ക് തങ്ങളെ കൈവിടില്ലെന്ന അമിത പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള മേഖലയിൽ ‘ഹിന്ദി ബെൽറ്റ്, ഹിന്ദു പാർട്ടി’ വിശേഷണങ്ങളുള്ള ബിജെപിക്ക് ഒരു കാലത്തും പച്ചതൊടാനാവില്ലെന്നു തന്നെ കോൺഗ്രസ് വിശ്വസിച്ചുപോന്നു. വിവിധ തിരഞ്ഞെടുപ്പുകളിലെ പ്രചാരണവേളകളിലെല്ലാം അതു പ്രകടമായിരുന്നു. ത്രിപുരയിൽ പലതവണ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നയിക്കുകയും പാർട്ടി പ്രസിഡന്റ് അമിത് ഷാ സംസ്ഥാനത്തു തന്നെ ക്യാംപ് ചെയ്തു നേതൃത്വം നൽകുകയും ചെയ്തപ്പോൾ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി അണികളെ അഭിസംബോധന െചയ്യാനെത്തിയത് വോട്ടെടുപ്പിനു തൊട്ടുമുൻപ് ഒരേയൊരു തവണ മാത്രം. അതേസമയം, പ്രാദേശിക കക്ഷികളെ കയ്യിലെടുത്തതിനൊപ്പം ന്യൂനപക്ഷ വിരോധം എന്ന ആരോപണത്തെ അതിജീവിച്ച് മേഖലയെ വിശ്വാസത്തിലെടുക്കാനും ബിജെപിക്കു കഴിഞ്ഞു.

Nagaland lok sabha elections 2019

ഇക്കുറി എന്ത്?

മറ്റു പാർട്ടികൾ 2019 ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിച്ചു തുടങ്ങുംമുൻപേ ഇക്കുറി വടക്കുകിഴക്ക് കീഴടക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ബിജെപി തുടങ്ങിവച്ചിരുന്നുവെന്നു തന്നെ മനസ്സിലാക്കണം. യുപിയിൽ പ്രതിപക്ഷ സഖ്യം രൂപപ്പെടുന്നതിന് ഏറെ മുൻപേ അവർ വടക്കുകിഴക്കിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. എസ്പി - ബിഎസ്പി സഖ്യം വെല്ലുവിളിയായി രംഗത്തെത്തിയതോടെ, യുപിയിൽ സംഭവിച്ചേക്കാവുന്ന നഷ്ടം സപ്തസഹോദരിമാരിലൂടെ നികത്താമെന്നു ബിജെപി പ്രതീക്ഷിക്കുന്നു. അപ്പോഴും, കാര്യങ്ങൾ ഇതുവരെയെത്തിയതുപോലെ അനായാസമാകില്ലെന്നതാണു വസ്തുത.

Manipur Lok Sabha Elections Map

വടക്കുകിഴക്ക് കീഴടക്കാൻ കൂടെനിന്ന ‘നേദ’യിൽനിന്നു വിവിധ പാർട്ടികളുടെ കൊഴിഞ്ഞുപോക്ക്, പലപ്പോഴായി മറ്റു പാർട്ടികളിൽനിന്നു ബിജെപിയിലെത്തിയ നേതാക്കളുടെ മടങ്ങിപ്പോക്ക്, മങ്ങിത്തുടങ്ങിയ മോദി പ്രഭാവം... തിരഞ്ഞെടുപ്പ് അടുക്കുംതോറും വെല്ലുവിളികൾ വർധിക്കുന്നു. അതേസമയം, അനുകൂല ഘടകങ്ങൾ ഫലപ്രദമായി ഉപയോഗിച്ചു മേഖലയിൽ സജീവമാകാത്തിടത്തോളം ഇതിലൊന്നും കോൺഗ്രസ് പ്രതീക്ഷ വയ്ക്കേണ്ടതുമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA