ADVERTISEMENT

ആറ്റിങ്ങല്‍∙ കാടും കടലും അതിരിടുന്നതാണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിന്റെ ഭൂപടമെങ്കില്‍ രാഷ്ട്രീയ മനസ്സ് അതിരുകളില്ലാത്തതാണ്. മണ്ഡലത്തിന്റെ പ്രവചനാതീത സ്വഭാവത്തില്‍ വലിയ നേതാക്കള്‍ക്ക് അടവുപിഴച്ച് വീഴേണ്ടിവന്നിട്ടുണ്ട്. അന്നു മണ്ഡലത്തിന്റെ പേര് ചിറയിന്‍കീഴ്. 1967ൽ കോൺഗ്രസിലെ സമുന്നതനായ നേതാവ് ആർ. ശങ്കർ സിപിഎമ്മിലെ കെ. അനിരുദ്ധനു മുന്നിൽ അടിയറവു പറഞ്ഞു.

1989ല്‍ മണ്ഡലത്തില്‍ കന്നിയങ്കത്തിനെത്തിയ സിപിഎമ്മിന്റെ പ്രമുഖ നേതാവായ സുശീല ഗോപാലന്‍ കോണ്‍ഗ്രസിലെ തലേക്കുന്നില്‍ ബഷീറിനോട് പരാജയപ്പെട്ടു. ഇടതുകോട്ടയായിരുന്ന മണ്ഡലം പിടിക്കാനെത്തിയ വയലാര്‍രവി 1971ലും 1977ലും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചതും കോൺഗ്രസ്(ഐ)യിലെ എ.എ. റഹിമിനു മുന്നിൽ 1980ല്‍ പരാജയപ്പെട്ടതും ചരിത്രം.

1991ൽ സുശീല ഗോപാലൻ സിപിഎമ്മിനു വേണ്ടി മണ്ഡലം പിടിച്ചെടുത്തതിനുശേഷം കോണ്‍ഗ്രസിന് മണ്ഡലത്തില്‍ വിജയിക്കാനായിട്ടില്ല. മൂന്നു തവണ വർക്കല രാധാകൃഷ്‌ണനും മൂന്നു തവണ എ. സമ്പത്തുമായിരുന്നു വിജയികൾ. 16 തിരഞ്ഞെടുപ്പുകളിൽ ഇടതു സ്‌ഥാനാർഥികൾ 11 തവണ ജയിച്ചപ്പോൾ അഞ്ചു തവണ മാത്രമാണു മണ്ഡലം കോൺഗ്രസിനെ തുണച്ചത്. മണ്ഡലത്തില്‍ അട്ടിമറി വിജയങ്ങള്‍ നേടിയതിന്റെ ആത്മവിശ്വത്തിലാണ് കോണ്‍ഗ്രസ്. അടൂര്‍പ്രകാശ് മത്സരിക്കുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കുന്നു.

attingal-lok-sabha-candidates
എ.സമ്പത്ത്, അടൂര്‍ പ്രകാശ്, ശോഭ സുരേന്ദ്രൻ

വർക്കല, ആറ്റിങ്ങൽ, ചിറയിന്‍കീഴ്, കിളിമാനൂർ, വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങള്‍ ചേർന്നതായിരുന്നു ചിറയിൻകീഴ് ലോക്സഭാ മണ്ഡലം. എന്നാൽ 2008ലെ മണ്ഡല പുനർനിർണയത്തിൽ കിളിമാനൂർ, ആര്യനാട് മണ്ഡലങ്ങൾ ഇല്ലാതായി. കഴക്കൂട്ടം മണ്ഡലം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തോടു ചേർന്നു. പുതുതായി രൂപപ്പെട്ട അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങൾ ആറ്റിങ്ങലിനൊപ്പമായി. നിലവിൽ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം. അരുവിക്കര മണ്ഡലം ഒഴികെ എല്ലായിടത്തും എല്‍ഡിഎഫ് ഭരിക്കുന്നു.

attingal-lok-sabha-constituency

ചിറയിൻകീഴിൽ നിന്ന് ആറ്റിങ്ങലിലേക്ക്...

1957, 1962വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എം.കെ. കുമാരനാണ് വിജയിച്ചത്. 1967ൽ കോൺഗ്രസിലെ ആർ. ശങ്കറിനെ സിപിഎമ്മിലെ കെ. അനിരുദ്ധന്‍ പരാജയപ്പെടുത്തി. 1971ല്‍ വര്‍ക്കല രാധാകൃഷ്ണനെ 49,272 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വയലാര്‍ രവി മണ്ഡലം പിടിച്ചു. 1977ല്‍ വയലാര്‍ രവി വിജയം ആവര്‍ത്തിച്ചു. 60,925 വോട്ടുകള്‍ക്ക് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി. 1980ൽ സിപിഎമ്മിന്റെയും സിപിഐയുടെയുമെല്ലാം പിന്തുണയോടെ കോൺഗ്രസ് (യു) സ്‌ഥാനാർഥിയായാണ് വയലാര്‍രവി മത്സരിച്ചത്. 6,063 വോട്ടുകള്‍ക്ക് കോൺഗ്രസി(ഐ)ലെ എ.എ. റഹിമിനോട് പരാജയപ്പെട്ടു. തുടർന്നു രണ്ടു തവണ കോണ്‍ഗ്രസിലെ തലേക്കുന്നിൽ ബഷീർ വിജയിച്ചു. 

1984ലെ തിരഞ്ഞെടുപ്പില്‍ തലേക്കുന്നില്‍ ബഷീര്‍ 31,465 വോട്ടുകള്‍ക്ക് സിപിഎമ്മിലെ കെ. സുധാകരനെ പരാജയപ്പെടുത്തി. 1989ല്‍ 5130 വോട്ടുകള്‍ക്ക് സിപിഎമ്മിലെ സുശീല ഗോപാലനെ പരാജയപ്പെടുത്തി. 1991ൽ സുശീല ഗോപാലൻ സിപിഎമ്മിനു വേണ്ടി മണ്ഡലം പിടിച്ചെടുത്തു. 1106 വോട്ടുകള്‍ക്കാണ് തലേക്കുന്നില്‍ ബഷീറിനെ തോല്‍പിച്ചത്. പിന്നീടിതുവരെ മണ്ഡലം ഇടത് ആഭിമുഖ്യം ഉപേക്ഷിച്ചിട്ടില്ല. 1996ല്‍ എ. സമ്പത്ത് 48,083 വോട്ടുകള്‍ക്ക് തലേക്കുന്നില്‍ ബഷീറിനെ പരാജയപ്പെടുത്തി.

1998ല്‍ സിപിഎമ്മിലെ വര്‍ക്കല രാധാകൃഷ്ണന്‍ മണ്ഡലം നിലനിര്‍ത്തി. 7,542 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ എം.എം. ഹസനെ പരാജയപ്പെടുത്തിയത്. 1999ല്‍ വര്‍ക്കല രാധാകൃഷ്ണന്‍ 3128 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസിനെ തോല്‍പ്പിച്ചു. 2004ല്‍ വര്‍ക്കല രാധാകൃഷ്ണന്‍ 50,745 വോട്ടുകള്‍ക്ക് എം.ഐ. ഷാനവാസിനെ പരാജയപ്പെടുത്തി ഹാട്രിക്ക് വിജയം നേടി.

2009ല്‍ ചിറയിന്‍കീഴ് മണ്ഡലത്തിന്റെ പേരുമാറി ആറ്റിങ്ങലായി. സിപിഎമ്മിലെ എ. സമ്പത്ത് 18,341 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ജി. ബാലചന്ദ്രനെ പരാജയപ്പെടുത്തി. 2014ല്‍ എ. സമ്പത്ത് കോണ്‍ഗ്രസിലെ ബിന്ദുകൃഷ്ണയെ 69,378 വോട്ടുകള്‍ക്ക് തോല്‍പിച്ചു. 1957ൽ കമ്യൂണിസ്‌റ്റ് പാർട്ടിയിലെ എം.കെ. കുമാരൻ നേടിയ 92,601 വോട്ടാണു ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ റെക്കോർഡ്. 1991ൽ സുശീല ഗോപാലൻ നേടിയ 1106 വോട്ടാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം.

സ്ഥാനാർഥികൾ ആവേശത്തിൽ, അണികളും...

എല്‍ഡിഎഫിന് മണ്ഡലത്തിലുള്ള ശക്തമായ സംഘടനാ ശക്തി സമ്പത്തിന് ഏറ്റവും അനുകൂല ഘടകമാണ്. എംപിയെന്ന നിലയില്‍ സമ്പത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഗുണകരമാകുമെന്ന് പാര്‍ട്ടി കരുതുന്നു. സമ്പത്തിന് മണ്ഡലത്തില്‍ വിപുലമായ വ്യക്തിബന്ധങ്ങളുമുണ്ട്. മുന്‍ എംപിയും സിപിഎം നേതാവുമായ െക. അനിരുദ്ധന്റെ മകനെന്ന സ്വീകാര്യതയും. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് പ്ലാറ്റ്ഫോം ഷെൽട്ടറുകള്‍ പൂര്‍ത്തീകരിച്ച് റിസര്‍വേഷന്‍ സൗകര്യം ലഭ്യമാക്കിയതും, വര്‍ക്കല സ്റ്റേഷന്‍ ആധുനികവല്‍ക്കരിച്ചതും, ആറ്റിങ്ങലില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതും, സാന്ത്വനപരിചരണവുമെല്ലാം സമ്പത്ത് അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനമായി ഉയര്‍ത്തിക്കാട്ടുന്നു.

കഴിഞ്ഞ 9ന് പ്രചാരണം ആരംഭിച്ച സമ്പത്ത് ആദ്യറൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കി. ഇടവ പഞ്ചായത്തിലെ കാപ്പിലില്‍ രാവിലെ 9ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒന്നാംഘട്ട വാഹനപ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു. 16 കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം പര്യടനം ഉച്ചയ്ക്ക് പൊയ്കയില്‍ സമാപിച്ചു. ഉച്ചയ്ക്കുശേഷം ഇലകമണ്‍ പഞ്ചായത്തിലെ കാട്ടുപുറം, പെരിഞ്ഞാറയില്‍ ഭാഗങ്ങളില്‍ അവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ബൈക്ക് റാലിയുടെ അകമ്പടിയോടെ സഞ്ചരിച്ച പ്രചാരണവാഹനത്തെ എതിരേല്‍ക്കാന്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയെത്തി. വൈകുന്നേരം വണ്ടിപുരയില്‍നിന്ന് ആരംഭിച്ച പര്യടനം രാത്രി 9ന് പനയറയിലാണു സമാപിച്ചത്. 

സ്ഥാനാര്‍ഥിയായി അടൂര്‍ പ്രകാശ് എത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. അടൂര്‍ പ്രകാശ് സ്ഥാനാര്‍ഥിയായതോടെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചോര്‍ന്ന കോണ്‍ഗ്രസ് വോട്ടുകള്‍ ഇത്തവണ ഉറപ്പാക്കാനാകുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. ഈഴവ സമുദായത്തിനു സ്വാധീനമുള്ള മണ്ഡലത്തില്‍ സാമുദായിക ഘടകങ്ങളും അനുകൂലമാണെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. വികസന പ്രശ്നങ്ങളും ആറ്റിങ്ങല്‍ ബൈപാസ് നിർമാണം വൈകുന്നതുമെല്ലാം പ്രചാരണ വിഷയങ്ങളാണ്.

രാവിലെ 8നു മംഗലപുരത്തു നിന്നാണ് അടൂര്‍പ്രകാശ് പ്രചാരണം ആരംഭിച്ചത്. പിന്നീട് കഠിനംകുളം, മുരുക്കുംപുഴ, പെരുംങ്ങുഴി ഭാഗങ്ങളില്‍ പര്യടനം നടത്തി. ഉച്ചയോടെ അണ്ടൂർകോണത്തെത്തി. മൂന്നു മണി മുതൽ അരുവിക്കര, പൂവച്ചൽ ഭാഗത്തായിരുന്നു പര്യടനം. അതിനു ശേഷം കാട്ടാക്കട നിയോജക മണ്ഡലം കൺവൻഷനില്‍ പങ്കെടുത്തു.

ഏറ്റവും ഒടുവിലാണ് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെങ്കിലും പ്രചാരണത്തില്‍ ഒപ്പമെത്താമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്‍. പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കുമെന്നു പ്രതീക്ഷിച്ച ശോഭയെ പാര്‍ട്ടി ആറ്റിങ്ങലില്‍ നിയോഗിക്കുകയായിരുന്നു. ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ആറ്റിങ്ങലില്‍ കുമ്മനം രാജശേഖരനാണ് ഉദ്ഘാടനം ചെയ്തത്. ശിവഗിരി മഠത്തില്‍നിന്നാണ് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. സ്ഥാനാര്‍ഥി കണ്ണമൂല ചട്ടമ്പി സ്വാമി മന്ദിരത്തില്‍ സന്ദര്‍ശനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com