ADVERTISEMENT

മാനന്തവാടി ∙ കുരങ്ങുപനി ബാധിച്ച് ചികിൽസയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ (27) ആണു മരിച്ചത്. 10 ദിവസമായി കോഴിക്കോട് മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വയനാട്ടില്‍ നിലവില്‍ 6 പേര്‍ കുരങ്ങുപനിക്കു ചികില്‍സയിലാണ്. ബാവലിയില്‍ വനത്തിനുള്ളിലെ തടി‍ഡിപ്പോയില്‍ പണിക്കു പോയപ്പോഴാണ് സുന്ദരന് രോഗബാധയുണ്ടായതെന്നു സംശയിക്കുന്നു. ഇവിടെ കുരങ്ങുകള്‍ ചത്തുവീണിരുന്നു. 

ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുനെല്ലി മേഖലയില്‍ നിന്നുള്ളവരാണ്. കര്‍ണാടക വനമേഖലയില്‍ ജോലിക്കു പോയ ആളുകളിലാണു രോഗം കണ്ടെത്തിയത്. വയനാട് അതിര്‍ത്തിയായ കര്‍ണാടക ബൈരക്കുപ്പയില്‍ ഈ മാസമാദ്യം കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. 2015–ല്‍ പനി ബാധിച്ച് 11 പേരാണു ജില്ലയിൽ മരിച്ചത്. അസുഖം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു.

കുരങ്ങുപനി പകരുന്നത് എങ്ങനെ?

കുരങ്ങുപനി വൈറസ് രോഗമാണ്. ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) എന്നും അറിയപ്പെടുന്നു. കുരങ്ങുപനിക്ക് കാരണമാകുന്ന വൈറസ് ചെറിയ സസ്തനികള്‍, കുരങ്ങുകള്‍, ചിലയിനം പക്ഷികള്‍ എന്നിവയിലാണു കാണപ്പെടുന്നത്. ഇത്തരം ജീവികളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴിയാണു വൈറസ് മനുഷ്യനിലെത്തുന്നത്.

കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരാം. ശക്തവും ഇടവിട്ട ദിവസങ്ങളിലുമുണ്ടാകുന്ന പനി, തലകറക്കം, ഛർദി, ക്ഷീണം, ചൊറിഞ്ഞുതടിക്കൽ തുടങ്ങിയവയാണു രോഗലക്ഷണങ്ങൾ.

രോഗബാധിതരായ കുരങ്ങുകളുമായും അവയുള്ള പരിസരങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണം. വനാതിര്‍ത്തിയില്‍ താമസിക്കുന്ന കന്നുകാലി ഉടമസ്ഥരും വളര്‍ത്തു നായ്ക്കള്‍ ഉള്ളവരും ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് ഉപയോഗിക്കണം.

English Summary: KFD or Monkey Fever claims one death in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com