ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ വിമര്‍ശിച്ച് കോൺഗ്രസ് മുതിർന്ന നേതാവ് പി.സി. ചാക്കോ. കേരളത്തില്‍ നടന്നത് ഗ്രൂപ്പ് വീതംവയ്പ്പാണെന്നാണ് ചാക്കോയുടെ വിമര്‍ശനം. നേതാക്കള്‍ക്കു സങ്കുചിത താല്‍പര്യമാണ്. ഗ്രൂപ്പ് താല്‍പര്യത്തിനപ്പുറം അവർ ചിന്തിക്കുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ നടന്നതു പക്വമായ രീതിയിലല്ലെന്നും പി.സി.ചാക്കോ വിമർശിച്ചു.

വയനാട്ടില്‍ മല്‍സരിക്കാമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്നും ചാക്കോ കൂട്ടിച്ചേർത്തു. ആരെങ്കിലും മറിച്ചുപറഞ്ഞിട്ടുണ്ടെങ്കില്‍ അതു വസ്തുതാപരമല്ല. ആദ്യം ക്ഷണിച്ചത് കര്‍ണാടകയാണ്. ആവശ്യങ്ങളോടു രാഹുല്‍ പ്രതികരിച്ചെന്നു വിശ്വസിക്കുന്നില്ല. കേരളത്തിനും കര്‍ണാടകത്തിനും തമിഴ്നാടിനും ഒരുപോലെ സാധ്യതയുണ്ട്. വിശദമായി ആലോചിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽ വയനാട്ടില്‍ സ്ഥാനാർത്ഥിയാകുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകില്ല. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ രാവിലെ 11നാണ് ചേരുക. വയനാടിന്റെ കാര്യത്തില്‍ നാളെ തീരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുല്‍ മല്‍സരിച്ചാല്‍ എല്‍ഡിഎഫ് പിന്മാറുമോയെന്നും ചെന്നിത്തല ചോദിച്ചു. വയനാടിന്റെ കാര്യത്തില്‍ തീരുമാനം നീട്ടരുതെന്നു ഹൈക്കമാന്‍ഡിനോടും ചെന്നിത്തല ആവശ്യപ്പെട്ടു. നാളത്തെ തിരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യം. വയനാട് സീറ്റിന്റെ കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും അന്തിമ തീരുമാനമെടുക്കേണ്ടതു രാഹുല്‍ ഗാന്ധിയാണെന്നും ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.

അതേസമയം, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ 11ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി. ഇന്നലെയും രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്രനേതൃത്വം തയാറായിരുന്നില്ല. മല്‍സരിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ക്ഷണമുണ്ടെന്നും രാഹുല്‍ ഗാന്ധി ഉചിതമായ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സൂര്‍ജേവാല പറഞ്ഞു. അതേസമയം വയനാട്ടില്‍ ഡിസിസി മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com